Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2018 11:12 AM IST Updated On
date_range 10 Jun 2018 11:12 AM ISTറെയിൽവേ ട്രാക്കിൽ മരങ്ങൾ വീണു; ട്രെയിൻ ഗതാഗതം താളംതെറ്റി
text_fieldsbookmark_border
കോഴിക്കോട്/കടലുണ്ടി: ശക്തമായ കാറ്റിലും മഴയിലും റെയിൽവേ ട്രാക്കിൽ മരങ്ങൾ വീണ് ഷൊർണൂർ-മംഗളൂരു പാതയിൽ ട്രെയിൻ ഗതാഗതം അവതാളത്തിലായി. ശനിയാഴ്ച രാവിലെ 6.15ന് കടലുണ്ടി ഗേറ്റിന് 100 മീറ്ററോളം വടക്കുപടിഞ്ഞാറെ ട്രാക്കിലും, രാവിലെ 11ന് മാഹി സൗത്ത് ഗേറ്റിനും മാഹി റെയിൽവേ സ്റ്റേഷനും ഇടയിലുമാണ് മരങ്ങൾ വീണത്. കടലുണ്ടിയിൽ തണൽമരവും തെങ്ങും കാറ്റിൽ മുറിഞ്ഞ് വൈദ്യുതീകൃത ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഇരു വൃക്ഷങ്ങളും 25,000 വോൾട്ട് വൈദ്യുതി ലൈനിൽ പതിച്ചപ്പോൾ സ്ഫോടനത്തോടെ തീയാളുന്നത് പരിസരവാസികൾ കണ്ടു. അപകട സമയത്ത് ഈ ട്രാക്കിൽ വരുകയായിരുന്ന തിരുവനന്തപുരം -മംഗളൂരു എക്സ്പ്രസ് വൈദ്യുതി വിച്ഛേദിക്കപ്പെട്ട് വള്ളിക്കുന്നിൽ പിടിച്ചിട്ടു. വൈദ്യുതിക്കമ്പികൾ പലയിടങ്ങളിലായി തകരാറിലായതോടെ ട്രാക്കിൽനിന്ന് മരം മുറിച്ചുമാറ്റിയിട്ടും ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. ഇതുകാരണം വടക്കോട്ടുള്ള ട്രെയിനുകൾ ആറുമണിക്കൂറോളം വൈകി. തിരൂരിൽനിന്നും കൊയിലാണ്ടിയിൽനിന്നും സാങ്കേതിക വിദഗ്ധരെത്തി 11.30ഓടെ ലൈനുകൾ ശരിയാക്കി ട്രാക്ക് ഗതാഗതസജ്ജമാക്കിയെങ്കിലും വൈദ്യുതി ചാർജ് ചെയ്യാൻ പിന്നെയും രണ്ടു മണിക്കൂർ വേണ്ടിവന്നു. എന്നാൽ, കോഴിക്കോട്ടുനിന്നെത്തിച്ച ഡീസൽ എൻജിൻ മാറ്റിഘടിപ്പിച്ച് വള്ളിക്കുന്നിൽ പിടിച്ചിട്ട മംഗളൂരു എക്സ്പ്രസ് 11.37ന് കടത്തിവിട്ടു. ഡീസൽ എൻജിനുകളുള്ള ട്രെയിനുകൾ പിന്നീട് തുടർച്ചയായി വിട്ടെങ്കിലും ചാർജ് ചെയ്ത ശേഷം 1.50ന് കോഴിക്കോട് ജനശതാബ്ദിയാണ് വൈദ്യുതി എൻജിനുമായി ആദ്യം കടന്നുപോയത്. അതേസമയം, മാഹി സൗത്ത് ഗേറ്റിനും മാഹി റെയിൽവേ സ്റ്റേഷനും ഇടയിൽ രാവിലെ 11ഒാടെ വൈദ്യുതി ലൈനിന് മുകളിൽ മരം വീണത് ഇൗ റൂട്ടിലെ ഗതാഗതം കൂടുതൽ പ്രതിസന്ധിയിലാക്കി. ലൈൻ പൊട്ടി നിലത്ത് വീഴാത്തതിനാൽ വൻ ദുരന്തം ഒഴിവായി. െറയിൽവേ ജീവനക്കാർ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റിയ ശേഷമാണ് ഇതുവഴി ഗതാഗതം പുനഃസ്ഥാപിച്ചത്. ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയത് യാത്രക്കാരെ വലച്ചു. യശ്വന്ത്പുർ -കണ്ണൂർ എക്സ്പ്രസ് ആറര മണിക്കൂർ വൈകിയാണ് കണ്ണൂരിലെത്തിയത്. രാവിലെ 9.15ന് കോഴിക്കോട്ട് എത്തേണ്ടിയിരുന്ന തൃശൂർ -കണ്ണൂർ പാസഞ്ചർ മൂന്ന് മണിക്കൂർ വൈകി. ചെെന്നെ -മംഗളൂരു മെയിൽ അഞ്ച് മണിക്കൂർ 48 മിനിറ്റും തിരുവനന്തപുരം -നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് നാല് മണിക്കൂർ 27 മിനിറ്റും നാഗർകോവിൽ -മംഗളൂരു എക്സ്പ്രസ് രണ്ട് മണിക്കൂർ 40 മിനിറ്റും വൈകിയാണ് കോഴിക്കോെട്ടത്തിയത്. കോയമ്പത്തൂർ -മംഗളൂരു പാസഞ്ചർ, തിരുവനന്തപുരം -കോഴിക്കോട് ജനശതാബ്ദി എന്നിവയും മണിക്കൂറുകൾ വൈകിയാണ് ഒാടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story