Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമീൻവറുതിക്ക്...

മീൻവറുതിക്ക് അറുതിയാകുന്നു; ട്രോളിങ്​ നിരോധനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം

text_fields
bookmark_border
ബേപ്പൂർ: 52 ദിവസം നീണ്ട ട്രോളിങ് നിരോധനം അവസാനിക്കാന്‍ മണിക്കൂറുകൾ മാത്രം ശേഷിക്കെ മത്സ്യത്തൊഴിലാളികള്‍ ഉത്സവപ്രതീതിയിൽ. കടലില്‍ പോകാനുള്ള മുന്നൊരുക്കങ്ങള്‍ പൂർത്തിയാക്കിക്കഴിഞ്ഞു. ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്തും പുതിയ വലകള്‍ നെയ്തെടുത്തും തീരദേശം മത്സ്യബന്ധന വർഷാരംഭത്തിലേക്ക് പ്രവേശിക്കുകയായി. ഇന്ന് അർധരാത്രി ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ മത്സ്യസമ്പത്ത് തേടി കടലിലേക്ക് കുതിക്കാനുള്ള ആവേശത്തിലാണ് തൊഴിലാളികൾ. നിരോധന കാലയളവിൽ കരുവൻതിരുത്തിയിലും കക്കാടത്തും ചാലിയാറിലെ വിവിധ സുരക്ഷിതകേന്ദ്രങ്ങളിലും നങ്കൂരമിട്ടിരുന്ന ബോട്ടുകൾ പുത്തൻരൂപത്തിൽ ബേപ്പൂർ ജെട്ടിയിൽ നിരന്നുകഴിഞ്ഞു. നിരോധന കാലയളവായ ഒന്നര മാസത്തെ ദുരിതങ്ങൾ ഇവർ മറന്നുകഴിഞ്ഞു. ഇത്തവണ നല്ല കോള് ലഭിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ആദ്യ ആഴ്ചകളിൽ നല്ല തോതിൽ കിളിമീനും കണവയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഹാർബറിലെ തൊഴിലാളികൾ. ജൂൺ-ജൂലൈ മാസങ്ങളിൽ ശക്തിയായി മഴ പെയ്തത് കടലിലെ മീൻലഭ്യത കൂടാൻ കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ, കനത്ത മൺസൂൺ മൂലം കടൽ കാര്യമായി ഇളകിയിട്ടുണ്ട്. അതുകൊണ്ട് മത്സ്യക്കൂട്ടങ്ങൾ തീരക്കടലിൽനിന്ന് അകന്നുനിൽക്കുമോ എന്ന ആശങ്കയും ഇല്ലാതില്ല. നിരോധന കാലയളവിൽ ചെറുവള്ളങ്ങൾക്ക് മത്തിയുടെ ലഭ്യത കുറഞ്ഞതായി തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ഇത്തവണ കനത്ത മഴയും കാറ്റും മൂലം നിരോധനത്തിൽ ഉൾപ്പെടാത്ത പരമ്പരാഗത വള്ളങ്ങൾക്ക് കടലിൽ അധികം പോകാൻ കഴിഞ്ഞില്ല. ഇത് രൂക്ഷമായ മീൻക്ഷാമത്തിന് വഴിവെച്ചു. വിലക്കുറവിൽ ലഭിക്കേണ്ട മത്തിയുടെ വില 250 രൂപക്കു മുകളിൽ പോയി. കേരളത്തിൽ ഇതാദ്യമായാണ് മത്തിക്ക് ഇത്രയും വില കൂടിയത്. ചെറുതും വലുതുമായ 500ഓളം ബോട്ടുകൾ ബേപ്പൂർ ഹാർബറിൽനിന്ന് മത്സ്യബന്ധനം നടത്തുന്നുണ്ട്. കഴിഞ്ഞ മത്സ്യബന്ധന സീസണിൽ വലിയ നേട്ടമുണ്ടാക്കാനായിരുന്നില്ല. വലിയ മത്സ്യങ്ങളുടെ ലഭ്യതക്കുറവും പിടിച്ചുകൊണ്ടുവരുന്ന മത്സ്യങ്ങൾക്ക് വിപണിയിൽ വില ലഭിക്കാത്തതും നഷ്ടങ്ങൾ വർധിപ്പിച്ചു. ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ ഫിഷിങ് ഹാർബറിലെ അനുബന്ധ മേഖലകളും പൂർവാധികം സജീവമാകും. കഴിഞ്ഞവർഷം മുതൽ കേന്ദ്ര സർക്കാർ മത്സ്യബന്ധന ബോട്ടുകൾക്ക് സംസ്ഥാനാടിസ്ഥാനത്തിൽ ഏകീകൃത കളർ കോഡ് നിർബന്ധമാക്കിയിട്ടുണ്ട്. ആകാശ നിരീക്ഷണത്തിൽപോലും ഏതു സംസ്ഥാനങ്ങളിലെ ബോട്ടുകളാണെന്ന് തിരിച്ചറിയാൻ കഴിയുംവിധമാണ് യാനങ്ങളുടെ കളർ. മുകൾഭാഗം ഓറഞ്ച് നിറത്തിലും ബോഡി കടുംനീല നിറത്തിലുമാണ്. ഒരേ നിറത്തിൽ ബോട്ടുകൾ നിരന്നത് ഹാർബറിന് മനോഹാരിത ചാർത്തുന്നുമുണ്ട്. രക്ഷാബോട്ടുകൾ പിൻവലിച്ചു ബേപ്പൂർ: ട്രോളിങ് നിരോധന കാലയളവിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ അപകടത്തിൽപെടുന്ന സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി ഫിഷറീസ് വകുപ്പ് പ്രത്യേകമായി അനുവദിച്ചിരുന്ന മൂന്ന് ബോട്ടും ഒരു തോണിയും പിൻവലിച്ചു. നിരോധന കാലയളവ് കഴിയുന്നതോടെയാണ് ബോട്ടുകൾ പിൻവലിക്കാൻ ഫിഷറീസ് വകുപ്പ് തീരുമാനിച്ചതെന്ന് മറൈൻ എൻഫോഴ്സ്മ​െൻറ് സി.ഐ എസ്.എസ്. സുജിത്ത് അറിയിച്ചു. പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാൽ ഹാർബറുകളിലേക്ക് ഏർപ്പെടുത്തിയ പ്രത്യേക രക്ഷാബോട്ടുകളാണ് നിർത്തലാക്കിയത്. ജില്ലയിലെ തീരക്കടൽ രക്ഷാപ്രവർത്തനത്തിന് ഇനി ആശ്രയം ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ചുള്ള 'സ​െൻറ് ജൂഡ്' എന്ന ബോട്ട് മാത്രമായിരിക്കും. ഡീസൽ നേരേത്ത നിറക്കാൻ അനുവാദം; ബോട്ടുടമകൾക്ക് അനുഗ്രഹമായി ബേപ്പൂർ: ട്രോളിങ് നിരോധനം അവസാനിച്ച 31ന് രാത്രി 12 മണിക്ക് ബോട്ടുകൾ പുറപ്പെടേണ്ടതിനാൽ ഡീസൽ നിറക്കാനുള്ള അനുവാദം നേരേത്ത ലഭിച്ചത് ബോട്ടുടമകൾക്ക് ഗുണകരമായി. ബേപ്പൂർ ഫിഷിങ് ഹാർബറിൽ ട്രോളിങ് നിരോധന കാലയളവിൽ സർക്കാറി​െൻറ പ്രത്യേക നിർദേശപ്രകാരം ഡീസൽ വിതരണം ജൂലൈ 31 വരെ നിർത്തിവെച്ചിരുന്നു. എന്നാൽ, നിരോധനം നീക്കുന്നതി​െൻറ ആറു ദിവസം മുേമ്പ ഡീസൽ വിതരണം തുടങ്ങി. കഴിഞ്ഞവർഷം നൂറോളം ബോട്ടുകൾക്ക് ഡീസൽ യഥാസമയം ലഭിക്കാത്തതിനാൽ മത്സ്യബന്ധനത്തിന് പോകാൻ കഴിയാതെവന്നു. ഇത്തവണ ഹാർബർ വികസന സമിതിയുടെ ശ്രമഫലമായാണ് ഡീസൽ വിതരണം നേരേത്ത തുടങ്ങിയത്. ജില്ല കലക്ടർ യു.വി. ജോസ്, വി.കെ.സി. മമ്മദ് കോയ എം.എൽ.എ, ഫിഷറീസ് വകുപ്പ് അധികൃതർ തുടങ്ങിയവരുമായി ബന്ധപ്പെട്ട് ഡീസൽ നേരേത്ത ലഭിക്കാനുള്ള പ്രത്യേക അനുവാദം വാങ്ങുകയായിരുന്നുവെന്ന് വികസന സമിതി ചെയർമാൻ കരിച്ചാലി പ്രേമൻ അറിയിച്ചു. ജൂലൈ 25 മുതൽതന്നെ ഡീസൽ വിതരണം ആരംഭിച്ചതിനാൽ മിക്ക ബോട്ടുകൾക്കും ഇന്ധനം ലഭിച്ചുകഴിഞ്ഞു. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഉൾക്കടൽ മത്സ്യബന്ധനത്തിന് ഡീസൽ, ഐസ്, ഭക്ഷണപദാർഥങ്ങൾ എന്നിവയെല്ലാം ബോട്ടിൽ കയറ്റുന്നതിന് ചുരുങ്ങിയത് മൂന്നു മണിക്കൂറോളം ആവശ്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story