Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2018 11:11 AM IST Updated On
date_range 18 July 2018 11:11 AM ISTജീവിതം കോറിയിട്ട അക്ഷരങ്ങളും ചിത്രങ്ങളും ബാക്കി; വേദനയില്ലാത്ത ലോകത്തേക്ക് വിമല യാത്രപറഞ്ഞു
text_fieldsbookmark_border
പന്തീരാങ്കാവ്: ശരീരം നുറുങ്ങുന്ന വേദനയെ, കവിതകളും വർണചിത്രങ്ങളുംകൊണ്ട് നേരിട്ട വിമല (51) യാത്രയായി. എല്ല് പൊടിയുന്ന അപൂർവ രോഗവും വളർച്ചക്കുറവും മൂലം വീടിനകത്ത് കട്ടിലിൽ കഴിയാൻ വിധിക്കപ്പെട്ട വിമല അപൂർവമായി മാത്രമാണ് പുറംലോകം കണ്ടത്. അമ്മയുടെ മടിയിൽ കിടന്നുള്ള ആശുപത്രി യാത്രകളിൽ കണ്ട പുറംകാഴ്ചകൾ കവിതകളായും കഥകളായും ചിത്രങ്ങളായും പകർത്തിയാണ് അവർ വിധിയോട് പൊരുതിയത്. മൂന്നാം വയസ്സിൽ സംഭവിച്ച വീഴ്ചയാണ് രോഗത്തിെൻറ തുടക്കം. പിന്നീട് എല്ല് പൊട്ടുന്നതും അസഹ്യമായ വേദനയും വിമലയുടെ ജീവിതത്തിൽ സ്ഥിരം സംഭവമായി. പത്താം വയസ്സ് വരെ ചികിത്സക്കായുള്ള യാത്രകളായിരുന്നു വിമലയുടെ പുറംലോകവുമായുള്ള ബന്ധം. സഹോദരിമാരുടെ സഹായത്തോടെ അക്ഷരം പഠിച്ച വിമല, വേദനക്ക് ഔഷധമായാണ് വായനയുടെ ലോകത്തെത്തിയത്. നിരന്തരമായ വായനയിലൂടെ കവിതയും കഥകളുമെഴുതി അവൾ ജീവിതത്തെ നേരിട്ടു. വർണങ്ങൾ പൂത്ത പ്രകൃതിയുടെ സൗന്ദര്യമായിരുന്നു വിമലയുടെ ചായക്കൂട്ടുകളിലൂടെ പുറത്തുവന്ന ചിത്രങ്ങൾ. കൊടൽ ഗവ. യു.പി സ്കൂളിെൻറ സുവനീരിൽ കവിത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് 2006ൽ 'മാധ്യമം' വാർത്ത യോടെയാണ് വിമലയെക്കുറിച്ച് പുറംലോകം അറിയുന്നത്. തുടർന്ന് ചിത്രപ്രദർശനങ്ങളും കവിത രചനയുമായി വിമല പരിചിതയായി. തെൻറ കവിതകൾ പുസ്തകമാക്കുക എന്ന വലിയ ആഗ്രഹം നിറവേറ്റിയത് രണ്ടു വർഷം മുമ്പ് ജനാധിപത്യ മഹിള അസോസിയേഷനാണ്. ജീവിതം പകർത്തിവെച്ച അക്ഷരങ്ങൾ ഇനിയുമേറെ ബാക്കിയുണ്ട് വിമലയുടെ നോട്ട്പുസ്തകങ്ങളിൽ. ഇത്തരം രോഗങ്ങൾ അനുഭവിക്കുന്നവരുടെ കൂട്ടായ്മയായ അമൃത വർഷിനിൽ അംഗമായിരുന്നു. മൊബൈലിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വലിയൊരു സൗഹൃദ ബന്ധം അവർ സൃഷ്ടിച്ചിരുന്നു. സ്വയം ജീവിക്കുക മാത്രമല്ല, വിധിയോട് പൊരുതാൻ മറ്റുള്ളവർക്ക് ആത്മവിശ്വാസം പകരുകയുമായിരുന്നു വിമല. മൂന്നു മാസത്തോളമായി രോഗം അധികരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് മരിച്ചത്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. -മുജീബ് പെരുമണ്ണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story