അമ്മക്ക് ജീവനാംശം നൽകിയില്ല; യുവാവിന് തടവ്

05:56 AM
12/07/2018
മാനന്തവാടി: അമ്മക്ക് ജീവനാംശം നൽകുന്നതിൽ വീഴ്ചവരുത്തിയ യുവാവിന് തടവുശിക്ഷ. സുൽത്താൻ ബത്തേരി താലൂക്കിലെ കുപ്പാടി വില്ലേജിൽ പള്ളിയാലിൽ സുനിൽകുമാറിനെയാണ് സബ് കലക്ടർ ഒരുമാസം തടവിന് ശിക്ഷിച്ചത്. ഇയാൾ അമ്മക്ക് നൽകാൻ കുടിശ്ശികയാക്കിയ 18,000 രൂപ നൽകിയാൽ തടവ് അനുഭവിക്കണ്ട. വയോജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുംവേണ്ടി സ്ഥാപിതമായ മെയിൻറനൻസ് ട്രൈബ്യൂണൽ മാതാവ് സരസ്വതി അമ്മക്ക് പ്രതിമാസം 2,000 രൂപ ജീവനാംശം നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ തുക നൽകുന്നതിൽ വീഴ്ച വരുത്തിയതിനാണ് ട്രൈബ്യൂണൽ ചെയർമാൻകൂടിയായ മാനന്തവാടി സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ് ഒരുമാസത്തേക്കോ, കുടിശ്ശിക തുകയായ 18,000 രൂപ അടക്കുന്നതുവരെയോ ജയിൽശിക്ഷ വിധിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് ട്രൈബ്യൂണൽ ഉത്തരവിട്ടത്. ഉത്തരവ് മകൻ സുനിൽകുമാർ പാലിക്കാത്തതിനെ തുടർന്ന് സരസ്വതി അമ്മ ഫെബ്രുവരിയിൽ വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചു. ഇതിനെ തുടർന്നാണ് നടപടി. സരസ്വതി അമ്മയും 71 വയസ്സുള്ള ഭർത്താവ് ദാമോദരനും ഒറ്റക്കാണ് തമാസം. 2009ലാണ് ജില്ലയിൽ മെയിൻറനൻസ് ട്രൈബ്യൂണൽ നിലവിൽവന്നത്. സംരക്ഷണത്തിനും ജീവനാംശത്തിനുമായി ലഭിച്ച 701 അപേക്ഷകളിൽ 635 എണ്ണത്തിൽ ഇതുവരെ തീർപ്പുകൽപിച്ചിട്ടുണ്ട്. ജീവനാംശം നൽകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് തടവിന് ശിക്ഷിക്കുന്ന ആദ്യത്തെ കേസാണിത്.
Loading...
COMMENTS