Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2018 11:05 AM IST Updated On
date_range 9 July 2018 11:05 AM ISTനവദമ്പതികളുടെ കൊലപാതകം: ഇരുട്ടിൽ തപ്പി പൊലീസ്
text_fieldsbookmark_border
മാനന്തവാടി: നവദമ്പതികളുടെ കൊലപ്പെടുത്തി മൂന്നുദിനം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് സൂചന ലഭിക്കാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. വെള്ളമുണ്ട കണ്ടത്തുവയൽ പന്ത്രണ്ടാംമൈൽ വാഴയിൽ ഉമ്മർ (27), ഭാര്യ ഫാത്തിമ (19) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ കിടപ്പുമുറിയിൽ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിൽ എത്രപേർക്ക് പങ്കുണ്ടെന്ന് പോലും പൊലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല. ഇരട്ട കൊലപാതകം നടത്തിയത് വെറും എട്ട് പവന്‍ മോഷ്ടിക്കാനാണെന്ന് പൊലീസ് കരുതുന്നില്ല. പിന്നെ എന്തിന് വേണ്ടിയെന്ന ചോദ്യം ബാക്കിയാണ്. മോഷണം, വ്യക്തിവൈരാഗ്യം, സംഘടന വൈരാഗ്യം, ആളു മാറി കൊലപ്പെടുത്തല്‍ എന്നിവയെല്ലാം കാരണമായേക്കാമെന്ന നിലയില്‍ മുന്‍വിധികളില്ലാതെയാണ് അന്വേഷണം നീങ്ങുന്നത്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തബ്ലീഗ് വിഭാഗത്തിൽപെട്ട ഇവരുടെ കുടുംബം ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ മതപഠന ക്ലാസുകള്‍ നടത്തുകയും പ്രദേശത്തെ മുസ്ലിം വീടുകളില്‍ പ്രബോധനം നടത്തുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലി ഒന്നരമാസം മുേമ്പ മുസ്ലിം മതവിഭാഗങ്ങളിലെ ചിലര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പൊലീസില്‍നിന്ന് പരാതിക്കാർക്ക് അനുകൂലമായ നിലപാടില്ലാത്തതിനാല്‍ ഭീഷണികളുണ്ടായതായും പറയപ്പെടുന്നു. ഇതേച്ചൊല്ലി കണ്ടത്തുവയലില്‍ നാട്ടുകാര്‍ക്കിടയില്‍ തര്‍ക്കങ്ങളും ഉണ്ടായിരുന്നു. ഇത്തരം സംഭവങ്ങള്‍ ഗൗരവത്തിലെടുത്താണ് അന്വേഷണം മുന്നോട്ടുപോകുന്നത്. സംഭവം നടന്ന പരിധിയിലെ മൊബൈല്‍ ടവറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊലപാതം നടന്ന ദിവസം കൂടാതെ തൊട്ടുമുമ്പുള്ള ദിവസങ്ങളിലെയും കോൾ ലിസ്റ്റുകൾ പരിശോധിക്കുന്നുണ്ട്. മാനന്തവാടി-നിരവിൽപുഴ റോഡിനോട് ചേര്‍ന്ന സി.സി കാമറ ദൃശ്യങ്ങളുടെ പരിശോധനയും ഇതര സംസ്ഥാന തൊഴിലാളികളുടെ വിരലടയാള പരിശോധനയും രണ്ടാംദിവസവും തുടർന്നു. ഇതിനിടെ, ആളെ മാറി ക്വട്ടേഷന്‍ കൊലയാണ് നടന്നതെന്ന പ്രചാരണവും വ്യാപകമാണ്. വെള്ളിയാഴ്ച പുലര്‍ച്ച രണ്ടരയോടെയാണ് കൊലപാതകം നടന്നതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. മൂര്‍ച്ചയേറിയ ആയുധമാണ് കൊലക്കുപയോഗിച്ചത്. കൊല നടന്ന സ്ഥലത്തുനിന്നുള്ള സീന്‍ മഹസര്‍ തയാറാക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നുള്ള ഫോറന്‍സിക് സര്‍ജന്‍ തിങ്കളാഴ്ച ഉച്ചയോടെ എത്തും. കൊലപാതകത്തിൽ എത്ര പേരുണ്ടെന്നും കൊല നടത്തിയത് പ്രഫഷനല്‍ ടീം ആണോ എന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ വ്യക്തമാവുമെന്നാണ് പൊലീസ് കരുതുന്നത്. മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള 30 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്. രണ്ട് സി.ഐമാരും നാല് എസ്.ഐമാരും ഉള്‍പ്പെട്ട സംഘം ആറ് ഗ്രൂപ്പായാണ് അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story