Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2018 11:17 AM IST Updated On
date_range 6 July 2018 11:17 AM ISTpage6 ഭരണത്തിൽ തോറ്റതിന് വാട്സ്ആപ്പിനോടോ?
text_fieldsbookmark_border
ഭരണത്തിൽ തോറ്റതിന് വാട്സ്ആപ്പിനോടോ? സമൂഹമാധ്യമമായ വാട്സ്ആപ്പ് വഴി പ്രചരിച്ച വ്യാജ സന്ദേശങ്ങളുയർത്തുന്ന സംശയങ്ങളുടെ പേരിൽ ആൾക്കൂട്ടം കണ്ണിൽകണ്ടവരെയൊക്കെ പിടിച്ചു തല്ലിക്കൊല്ലുന്ന പ്രവണത വർധിച്ചതോടെ കേന്ദ്രസർക്കാർ ഇടപെടാൻ തീരുമാനിച്ചിരിക്കുന്നു. മഹാരാഷ്ട്രയിലെ ധുലെയിൽ കഴിഞ്ഞ ഞായറാഴ്ച കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നവരെന്നു സംശയിച്ച് നാട്ടുകാർ അഞ്ചുപേരെ കൂട്ടക്കൊല ചെയ്തതാണ് സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബി.ജെ.പി സർക്കാറുകളെ നടപടികളിേലക്ക് തിരിയാൻ പ്രേരിപ്പിച്ചിരിക്കുന്നത്. തൊട്ടുമുമ്പുള്ള ദിനങ്ങളിലാണ് ത്രിപുരയിൽ ആൾക്കൂട്ടം മൂന്നുപേരുടെ ജീവനെടുത്തത്. കഴിഞ്ഞ മേയ് 20 മുതൽ ഇതുവരെ മഹാരാഷ്ട്ര, ത്രിപുര, ഗുജറാത്ത്, കർണാടക, അസം, പശ്ചിമബംഗാൾ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് 14 പേരാണ് ആൾക്കൂട്ട പൈശാചികതക്ക് ഇരയായിരിക്കുന്നത്. സംഘ്പരിവാറിെൻറ ഗോരക്ഷക ഗുണ്ടകളുടെ തല്ലിക്കൊലകളുടെ കണക്ക് ഇതിനു പുറത്താണ്. ധുലെയിലെ ആഴ്ചച്ചന്തയിൽ കൈനോട്ടക്കാരും തെരുവു മായാജാലക്കാരുമൊക്കെയായി വന്നെത്തിയ പാവങ്ങളാണ് കൊലക്കിരയായത്. കുട്ടിപിടിത്തക്കാർ ധുലെയിലെ റെയിൻപാഡ ഗ്രാമത്തിൽ ചുറ്റിക്കറങ്ങുന്നതായ വ്യാജവാർത്തകൾ വാട്സ്ആപ്പിൽ വൈറലായതോടെയാണ് കിംവദന്തി ഉൗഹവും പേടിയും പിന്നെ അമർഷവുമായി നാട്ടുകാരിൽ കത്തിക്കയറിയത്. രാജ്യത്തിനകത്തും പുറത്തും ഒരുപോലെ ഞെട്ടലുളവാക്കിയ കൂട്ടക്കൊല ആഗോളതലത്തിൽ ഇന്ത്യയെ പ്രാകൃതരാഷ്ട്രമായി ചിത്രീകരിച്ചു തുടങ്ങുന്നിടത്ത് കാര്യങ്ങളെത്തിനിൽക്കെയാണ് കേന്ദ്രം വാട്സ്ആപ്പിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. 'നിരുത്തരവാദപരവും സ്ഫോടനാത്മകവുമായ സന്ദേശങ്ങൾ പ്രചരിക്കുന്നത് തടയാനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കാൻ വാട്ട്സ്ആപ്പിെൻറ ഉടമകളായ ഫേസ്ബുക്കിനോട് ഗവ. ആവശ്യെപ്പട്ടിരിക്കുകയാണ്. കഴിഞ്ഞ മാസങ്ങളിലെ ആൾക്കൂട്ട കൊലയെ അപലപിച്ച കത്തിൽ വാട്സ്ആപ്പിലൂടെ പ്രകോപനപരമായ പ്രചാരണങ്ങൾ ആവർത്തിച്ചത് ഇത്തരം നീചകൃത്യങ്ങൾക്കിടയാക്കുന്നുണ്ടെന്ന് ആരോപിക്കുന്നു. ഇക്കാര്യത്തിൽ കടുത്ത അതൃപ്തി അറിയിച്ച ഇലക്ട്രോണിക്സ് ആൻഡ് െഎ.ടി മന്ത്രാലയം ഇത്തരം വ്യാജ സന്ദേശങ്ങളുടെ പ്രചാരണം തടയാൻ വാട്സ്ആപ്പിെൻറ സീനിയർ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടു. അതേസമയം, കേന്ദ്രസർക്കാറിെൻറ കത്ത് കൈപ്പറ്റുന്നതിനു മുമ്പുതന്നെ സ്വന്തം വേദി ഇന്ത്യയിൽ വ്യാപക ആൾക്കൂട്ടക്കൊലക്ക് കാരണമായിത്തീരുന്ന കാര്യം ഗൗരവത്തിലെടുക്കുകയും പ്രതിരോധനടപടി കണ്ടെത്തുന്നതിന് ഇന്ത്യയിൽനിന്ന് അക്കാദമികവിദഗ്ധരുടെ സഹായം തേടാനും ആളുകളെ വ്യാജവാർത്തകളിൽ നിന്നും കിംവദന്തികളിൽ നിന്നും തടയാനുമുള്ള വിശദമായ ആപ്പ് സാക്ഷരത ലഭ്യമാക്കാനും പദ്ധതി തയാറാക്കിയിട്ടുണ്ട്. ഉൽപന്ന നിയന്ത്രണം, ഡിജിറ്റൽ സാക്ഷരത, വസ്തുതാന്വേഷണം, ദുരുപയോഗം നിയന്ത്രിക്കാനുള്ള മുന്നൊരുക്കം തുടങ്ങി നിലവിൽ തങ്ങൾ സ്വീകരിച്ച സുരക്ഷ ഉപാധികൾ അവർ ഗവൺമെൻറിനെ അറിയിച്ചു. വേണ്ടാത്ത വിവരങ്ങളും അത് കൈമാറുന്നവെരയും തടയാനും ഗ്രൂപ്പ് പ്രവർത്തനം പരിമിതപ്പെടുത്താനും ആ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ എന്നും വാട്സ്ആപ്പ് മറുപടി കുറിച്ചു. 2008ലെ െഎ.ടി നിയമത്തിൽ കർക്കശ ഉപാധികൾ ചേർത്ത് വാട്സ്ആപ്പിെൻറ രഹസ്യാത്മകതയിൽ അയവുണ്ടാക്കാൻ ശ്രമിച്ചാലും രാജ്യത്ത് ഡാറ്റ സർവർ ഇല്ലാത്തതിനാൽ നിയമം ബാധകമാക്കാനാവില്ലെന്ന് നിയമവിദഗ്ധർ പറയുന്നു. വ്യാജവാർത്ത നിയന്ത്രണനിയമം ഇനിയും വന്നിട്ടും വേണം. ഇതെല്ലാം നടപ്പിലാക്കിയെടുക്കാൻ ശ്രമിച്ചാൽ തന്നെ ഒരു വേദി അടയ്ക്കുേമ്പാൾ മറ്റൊരു വേദി തുറക്കപ്പെടുമെന്നാണ് സമൂഹമാധ്യമങ്ങളുടെ നാൾക്കുനാൾ പുരോഗതി തെളിയിക്കുന്നത്. അതിനാൽ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുകയല്ല, അതിനെ മലീമസമാക്കുന്നവർക്കെതിരെ നിയമം കർക്കശമാക്കുകയാണ് ഭരണകൂടത്തിന് ചെയ്യാനുള്ളത്. വാട്സ്ആപ്പ് മറുപടി കത്തിൽ സൂചിപ്പിച്ചതുപോലെ ഗവൺമെൻറും സിവിൽ സമൂഹവും സാേങ്കതികസ്ഥാപനങ്ങളും ഒന്നുചേർന്നാണ് വ്യാജവാർത്തകൾ തടയാനുള്ള ശ്രമം നടത്തേണ്ടത്. വ്യാജവാർത്ത ചമക്കുന്നവരെയും അതു കരുവാക്കി നിയമം കൈയിലെടുക്കുന്നവരെയും ക്രമസമാധാനം തകർക്കുന്നവരെയും കൈകാര്യം ചെേയ്യണ്ടത് ഭരണകൂടമാണ്. ഇക്കാര്യത്തിൽ സംസ്ഥാന-കേന്ദ്ര ഭരണകൂടങ്ങൾ ഒന്നും ചെയ്യുന്നില്ല എന്നല്ല, പലപ്പോഴും അക്രമികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുകയും അവർക്ക് ന്യായം ചമക്കുകയുമാണ്. ധുലെയിൽ പഞ്ചായത്ത് ഒാഫിസ് പരിസരത്തേക്ക് എട്ടുപേരെ പിടിച്ചുകൊണ്ടുവന്ന് അഞ്ചുപേരെ തല്ലിക്കൊല്ലുവോളം പൊലീസിെൻറ ഇടപെടലുണ്ടായില്ല. ആൾക്കൂട്ടം നിയമം കൈയിലെടുത്തിടത്തൊക്കെ ഇതുതന്നെയാണ് നടന്നതെന്ന് യു.പിയിലെ ഹാപൂരിൽ ഗോരക്ഷക ഗുണ്ടകളുടെ തല്ലിക്കൊലക്ക് പൊലീസ് അകമ്പടി സേവിക്കുന്ന വൈറൽ വിഡിയോ തെളിയിച്ചതാണ്. തല്ലിക്കൊല പകർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുന്ന രീതി തുടങ്ങിവെച്ചത് സംഘ്പരിവാറിെൻറ പ്രവർത്തകരാണ്. ഇവർക്ക് പിന്തുണയുമായി സംസ്ഥാനങ്ങളിലെ മുഖ്യനടക്കമുള്ള മന്ത്രിമാരെത്തുന്നു. അവരെ തിരുത്താനോ നിയന്ത്രിക്കാനോ കേന്ദ്രം തയാറാകുന്നില്ല. പ്രധാനമന്ത്രി ഒരക്ഷരം ഉരിയാടുന്നില്ല. നിയമം കൈയിലെടുക്കാൻ ജനത്തിനു അവസരം നൽകി രാജ്യത്തെ ഭ്രാന്താലയമാക്കാൻ ഇടനൽകിയത് ബി.െജ.പിയുടെ ഭരണപരാജയമാണ്. അത് തിരിച്ചറിഞ്ഞ് തിരുത്തി നാടിനെ നേർവഴിക്കു നയിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്. അല്ലാതെ ഭരണപരാജയം മറയ്ക്കാൻ വാട്സ്ആപ്പിനെ പഴിക്കുകയല്ല. Blurb നിയമം കൈയിലെടുക്കാൻ ജനത്തിന് അവസരം നൽകി രാജ്യത്തെ ഭ്രാന്താലയമാക്കാൻ ഇടനൽകിയത് ബി.െജ.പിയുടെ ഭരണപരാജയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story