Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2018 11:08 AM IST Updated On
date_range 31 Jan 2018 11:08 AM ISTകിഫ്ബിയില്‍ ഫണ്ടില്ല; സംസ്ഥാനത്തെ ആദ്യ റെയില്‍ ഫെന്‍സിങ് നിര്‍മാണം കടലാസിൽ
text_fieldsbookmark_border
മാനന്തവാടി: സംസ്ഥാനത്തെ ആദ്യത്തെ റെയില്‍ ഫെന്‍സിങ് നിര്‍മാണ പദ്ധതി കടലാസിലൊതുങ്ങുന്നു. റെയില്‍ ഫെന്‍സിങ് നിര്‍മിച്ച് കാട്ടാനശല്യം തടയാനുദ്ദേശിച്ച് സമര്‍പ്പിച്ച് അംഗീകാരം നേടിയ പദ്ധതിയാണ് കടലാസിലൊതുങ്ങുന്നത്. നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള പാല്‍വെളിച്ചം, കൂടല്‍ക്കടവ് പ്രദേശത്ത് ആറു മാസം മുമ്പ് നിർമാണം തുടങ്ങാന്‍ തീരുമാനിച്ച ഫെന്‍സിങ് പ്രവൃത്തിയാണ് ഇനിയും തുടങ്ങാത്തത്. കിഫ്ബിയിലുള്‍പ്പെടുത്തിയായിരുന്നു ഒമ്പതു കോടി രൂപ അനുവദിച്ചിരുന്നത്. എന്നാല്‍, കിഫ്ബിയില്‍ ഫണ്ടില്ലാത്തതാണ് റെയില്‍ ഫെന്‍സിങ്ങിന് തടസ്സമായതെന്നാണ് പറയപ്പെടുന്നത്. പാല്‍വെളിച്ചം, കൂടല്‍ക്കടവ് ഭാഗത്ത് ആറു കിലോമീറ്റര്‍ ദൂരം റെയിൽ ഫെന്‍സിങ് സ്ഥാപിക്കാനായി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെയായിരുന്നു വനംവകുപ്പ് പ്രവൃത്തി ഏൽപിച്ചത്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം 2016 നവംബറില്‍ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രമുഖ ആന ശാസ്ത്രജ്ഞനായ കേരള ഫോറസ്റ്റ് റിസര്‍ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. പി.എസ്. ഈസ, മഹാത്മ ഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ ഡോ. എസ്. രാജ്, മൂവാറ്റുപുഴ നിര്‍മല കോളജ് അസി. പ്രഫസർ ജിജി കെ. ജോസഫ്, അന്നത്തെ ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി എന്നിവരായിരുന്നു സ്ഥലം സന്ദര്‍ശിച്ച്് പരിശോധന നടത്തുകയും റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തത്. നോര്‍ത്ത് വയനാട്ടില്‍ 64 കി.മീ. ദൂരം സ്ഥാപിക്കാനാണ് പ്രപ്പോസല്‍ നല്‍കിയിരുന്നത്. ഇതില്‍ കൂടല്‍ക്കടവ് മുതല്‍ നീര്‍വാരം വരെയുള്ള ആനശല്യം രൂക്ഷമായ ആറു കി.മീ. ദൂരം സ്ഥാപിക്കാനായിരുന്നു ആദ്യ ഘട്ടത്തില്‍ അനുമതി ലഭിച്ചത്. ഒരു കി.മീറ്ററിന് ഒന്നര കോടി െചലവ് പ്രതീക്ഷയില്‍ ഒമ്പതു കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ കിഫ്ബിയില്‍നിന്ന് അനുവദിച്ചത്. കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തില്‍ 2017 ആഗസ്റ്റില്‍ തിരുവനന്തപുരത്ത് വനം മന്ത്രി കെ. രാജുവിെൻറ അധ്യക്ഷതയില്‍ മാനന്തവാടി എം.എൽ.എ ഒ.ആര്‍. കേളു, കല്‍പറ്റ എം.എൽ.എ സി.കെ. ശശീന്ദ്രൻ, ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ, വനം വകുപ്പ് ഉദ്യോഗസ്ഥർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി, മാനന്തവാടി മുനിസിപ്പാലിറ്റി ചെയർമാന്‍ വി.ആർ. പ്രവീജ്, ബത്തേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സി.കെ. സഹദേവൻ, ജില്ലയിലെ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡൻറുമാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ പെട്ടെന്നുതന്നെ റെയില്‍ ഫെന്‍സിങ് ജോലികളാരംഭിക്കുമെന്ന് ഉറപ്പും നല്‍കിയിരുന്നു. എന്നാൽ, പദ്ധതി കടലാസിൽ ഒതുങ്ങുകയാണ്. സ്വാഗതസംഘം രൂപവത്കരിച്ചു അമ്പലവയൽ: ബത്തേരി ബ്ലോക്ക് പഞ്ചായത്ത് 'യുവത-2017'െൻറ ഭാഗമായി ഫെബ്രുവരി ആറിന് നടത്തുന്ന വടംവലി ടൂർണമെൻറിെൻറ സ്വാഗതസംഘം രൂപവത്കരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സീതാവിജയൻ ചെയർമാനായും പഞ്ചായത്തംഗം എൻ.സി. കുര്യാക്കോസ് കൺവീനറായും 51 അംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് സീതാവിജയൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുരേഷ് താളൂർ പദ്ധതി വിശദീകരിച്ചു. എ. രാജൻ, പി. ബാലസുബ്രഹ്മണ്യൻ, എ.എം. ജോയി, പി. ഷെരീഫ്, കണക്കയിൽ മുഹമ്മദ്, സി. അസൈനു, പി.ടി. അനിൽ, എ.പി. കുര്യാക്കോസ്, ഗീത രാജു എന്നിവർ സംസാരിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിരതാമസക്കാരുൾെപ്പട്ട ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. കാര്‍ഷിക മേഖലയില്‍ ഹരിതവിപ്ലവത്തിെൻറ തിക്തഫലങ്ങൾ -ഡോ. കെ.പി. പ്രഭാകരന്‍ നായര്‍ സുല്‍ത്താന്‍ ബത്തേരി: ഹരിതവിപ്ലവത്തിെൻറ തിക്തഫലങ്ങളാണ് ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ കാണുന്നതെന്ന് കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. കെ.പി. പ്രഭാകരന്‍ നായർ. പരിസ്ഥിതി പ്രവര്‍ത്തകനും പ്രകൃതി സൗഹൃദ കൃഷിമുറയുടെ പ്രചാരകനുമായിരുന്ന വി.എം. ഹരിദാസിെൻറ സ്മരണക്കായി ജില്ല പ്രകൃതി സംരക്ഷണ സമിതിയും കേരള ഗ്രാമീണ ബാങ്ക് കല്ലൂര്‍ ശാഖയും ഗ്രാമജ്യോതി ഫാര്‍മേഴ്‌സ് ക്ലബും സംയുക്തമായി ഏര്‍പ്പെടുത്തിയ മികച്ച പരിസ്ഥിതി കര്‍ഷകനുള്ള പുരസ്‌കാരം തൃശ്ശിലേരിയിലെ യുവകര്‍ഷകന്‍ രാജേഷ് കൃഷ്ണന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 5000 വര്‍ഷം പഴക്കമുള്ള കാര്‍ഷിക സംസ്‌കൃതിയും അറിവും പാരമ്പര്യവും ആയിരക്കണക്കിനു നെല്‍വിത്തിനങ്ങളും ഹരിതവിപ്ലവം ഉന്മൂലനംചെയ്തു. ഭയാനകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കാണ് ഹരിതവിപ്ലവം കാരണമായത്. സുസ്ഥിര കൃഷിയും സംസ്‌കാരവും ഉള്‍ക്കൊണ്ട പരമ്പരാഗത കൃഷി സമ്പ്രദായത്തില്‍നിന്നു ലാഭംകൊയ്യുന്ന അഗ്രി ബിസിനസിലേക്കുള്ള മാറ്റത്തിനിടയാക്കിയത് ഹരിതവിപ്ലവമാണ്. ആഗോളതാപനത്തെ ചെറുക്കുന്ന കൃഷി സമ്പ്രദായമാണ് രാജ്യം അനുവര്‍ത്തിക്കേണ്ടതെന്നും പ്രഭാകരന്‍ നായര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story