Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2018 11:17 AM IST Updated On
date_range 9 Jan 2018 11:17 AM ISTശുദ്ധജലത്തിനായുള്ള തീരദേശവാസികളുടെ കാത്തിരിപ്പ് നീളും; ഒത്തുതീർപ്പ് യോഗത്തിൽ തീരുമാനമായില്ല
text_fieldsbookmark_border
പയ്യോളി: ശുദ്ധജലത്തിനായുള്ള തീരദേശവാസികളുടെ കാത്തിരിപ്പ് ഇനിയും നീളും. ഞായറാഴ്ച നഗരസഭ വിളിച്ചുചേർത്ത ഒത്തുതീർപ്പ് യോഗത്തിന് പ്രതീക്ഷയോടെ എത്തിയ തീരദേശനിവാസികൾക്കും ജലസമരസമിതി നേതൃത്വത്തിനും നിരാശയോടെ മടങ്ങേണ്ടിവന്നു. യോഗത്തിനെത്തിയവരിൽ ചിലർ നടത്തിയ വാക്കേറ്റവും ബഹളവും കൈയാങ്കളിയുടെ വക്കോളമെത്തി. കെ. ദാസൻ എം.എൽ.എയുടെ സാന്നിധ്യത്തിലായിരുന്നു യോഗം ആരംഭിച്ചത്. നഗരസഭ ചെയർപേഴ്സൻ പി. കുൽസു അധ്യക്ഷത വഹിച്ച യോഗത്തിെൻറ തുടക്കത്തിൽ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. അധ്യക്ഷപ്രസംഗത്തിന് ശേഷം കെ. ദാസൻ എം.എൽ.എ സംസാരിച്ചു. പിന്നീട് ജലസമര സമിതിയിലെ വനിതനേതാക്കൾ തീരദേശവാസികളുടെ ശുദ്ധജലത്തിനായുള്ള ഏറെക്കാലത്തെ കാത്തിരിപ്പും പ്രയാസങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. ജലസമരസമിതി ചെയർമാൻ എം. സമദും സംസാരിച്ചു. പിന്നീട് ഒരു സംഘം ബഹളം തുടങ്ങി. യോഗം നിയന്ത്രിക്കാനാവാതെ അധ്യക്ഷ പ്രയാസപ്പെട്ടു. ബഹളത്തിനിടയിൽ എം.എൽ.എ കെ. ദാസൻ തീരദേശത്തെ ശുദ്ധജലപ്രശ്നം തീർക്കാൻ കോടി രൂപ അനുവദിക്കാമെന്ന് പ്രഖ്യാപനം നടത്തി. എം.എൽ.എയുടെ പ്രഖ്യാപനം കൈയടിയോടെയാണ് അംഗങ്ങൾ എതിരേറ്റത്. ഒടുവിൽ ബഹളം കനത്തതോടെ തീരുമാനമാകാതെ യോഗം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടാണ് യോഗം നടന്നതെന്നും ചെയർപേഴ്സെൻറ ഉപസംഹാരപ്രസംഗത്തോടെ യോഗം അവസാനിക്കുകയായിരുന്നെന്നും വൈസ് ചെയർമാൻ മഠത്തിൽ നാണു പറഞ്ഞു. ടാങ്കുകൾ സ്ഥാപിച്ച് തീരദേശത്ത് കുടിവെള്ളം എത്തിക്കണമെന്ന ആവശ്യം സാേങ്കതികതടസ്സമുള്ളതിനാൽ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സമരം ശക്തമാക്കാൻ ജല സമരസമിതി തീരുമാനിച്ചു. അടിയന്തരമായി ടാങ്കറിൽ ശുദ്ധജലം എത്തിച്ച് പ്രശ്നത്തിന് താൽക്കാലിക പരിഹാരമെങ്കിലും കാണണമെന്ന നിലപാടിലാണ് സമരസമിതി. വർഷങ്ങളായി മഞ്ഞവെള്ളം ഉപയോഗിക്കുന്ന തീരദേശവാസികളുടെ അടിസ്ഥാന ആവശ്യങ്ങളോട് പുറംതിരിഞ്ഞ് നിൽക്കുന്ന നിലപാട് നഗരസഭ അവസാനിപ്പിക്കണമെന്നും എം.എൽ.എ പ്രഖ്യാപിച്ച കോടി രൂപ ഉപയോഗിച്ച് ഇടക്കാലപദ്ധതി പ്രവർത്തനം ഉടൻ തുടങ്ങണമെന്നും മാസ്റ്റർപദ്ധതിയുടെ പ്രവർത്തനം വേഗത്തിലാക്കണമെന്നും പുൽകൊടിക്കൂട്ടം ജല സമരസമിതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story