Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2018 11:08 AM IST Updated On
date_range 8 Jan 2018 11:08 AM ISTഓഖി ദുരന്തം: ബേപ്പൂര്‍ വാണിജ്യ മേഖലക്ക് തിരിച്ചടി
text_fieldsbookmark_border
ബേപ്പൂർ: ഓഖി ചുഴലിക്കാറ്റിെൻറ അലകള്‍ അടങ്ങിയെങ്കിലും അത് സൃഷ്ടിച്ച ദുരന്തം മറികടക്കാൻ പാടുപെടുകയാണ് ബേപ്പൂര്‍ തുറമുഖം. ബേപ്പൂരിലെ തൊഴിൽ-വാണിജ്യ മേഖലയാകെ മന്ദഗതിയിലാണ്. ബേപ്പൂരില്‍നിന്ന് കടലില്‍ പോകുന്ന ഭൂരിഭാഗം ബോട്ടുകളിലും കുളച്ചൽ, കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ്. തിരുവനന്തപുരത്തും കന്യാകുമാരിയിലും മറ്റും ഓഖി ചുഴലിക്കാറ്റ് കൂടുതല്‍ നാശംവിതച്ചപ്പോള്‍ ബന്ധുക്കളെ തേടി നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികള്‍ ബേപ്പൂരിലേക്ക് മടങ്ങിയെത്തിയിട്ടില്ല. അതിനാല്‍ ബോട്ടുകള്‍ ഭൂരിഭാഗവും കടലിൽ പോകാൻ പറ്റാത്ത അവസ്ഥയിലാണ്. തെക്കന്‍ മേഖലയില്‍ നിന്നെത്തിയ തൊഴിലാളികളുടെ ബന്ധുക്കളില്‍ ഏറെപ്പേരെ ഓഖി ദുരന്തത്തിൽ കാണാതായിട്ടുണ്ട്. അവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ സ്വന്തം വീടുകളിൽ കാത്തിരിപ്പ് തുടരുകയാണ്. മരിച്ചവരുടെ സംസ്‌കാരവും മരണാനന്തര ചടങ്ങുകളും കഴിഞ്ഞെങ്കിലും മിക്ക തൊഴിലാളികള്‍ക്കും ജോലിസ്ഥലത്തേക്ക് മടങ്ങിവരാനുള്ള മാനസികാവസ്ഥ ഇനിയും കൈവന്നിട്ടില്ല. ഇതുകാരണമാണ് ബേപ്പൂർ ഹാർബറിൽ നിന്നുള്ള ബോട്ടുകൾ പൂർണമായും ആഴക്കടൽ മത്സ്യബന്ധനത്തിന് പോകാൻ സാധിക്കാത്തത്. സംസ്ഥാനത്തെ ഫിഷിങ് ഹാർബറുകളിൽ പ്രമുഖ സ്ഥാനമുള്ള ബേപ്പൂരിന് ഇക്കാരണത്താൽ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്. തുറമുഖ വരുമാനത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ബേപ്പൂരിൽനിന്ന് 500ഓളം ബോട്ടുകൾ മത്സ്യബന്ധനത്തിന് പുറപ്പെടുന്നുണ്ട്. ഇതിൽ പകുതിയോളം വലിയ ബോട്ടുകളാണ്. വലിയ ബോട്ടുകളിൽ വര്‍ഷങ്ങളായി കുളച്ചൽ, കന്യാകുമാരി ഭാഗത്തുനിന്നുള്ള തൊഴിലാളികളാണ് കൂടുതലായും ജോലിക്ക് പോകുന്നത്. ആഴക്കടൽ മത്സ്യബന്ധനത്തിലുള്ള പ്രാവീണ്യവും ഏറെ ദിവസം കടലിൽ തന്നെ ജോലിചെയ്യാനുള്ള മനക്കരുത്തും കൂടുതലുള്ളത് തദ്ദേശവാസികളെക്കാൾ ഇവർക്കാണ്. ബംഗാൾ, അസം, ബിഹാർ എന്നിവിടങ്ങളിലെ മത്സ്യബന്ധന തൊഴിലാളികളും ഇപ്പോൾ ഏറക്കുറെ ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടുതൽ വരുമാനം പ്രതീക്ഷിച്ചാണ് ഇതര സംസ്ഥാനക്കാർ ഏറെയും ഈ മേഖലയിൽ എത്തിപ്പെടുന്നത്. ഓഖി ദുരന്തത്തിെൻറ പശ്ചാത്തലത്തില്‍ മത്സ്യവിപണിക്കും നേരിയ തോതില്‍ മങ്ങലേറ്റിരുന്നു. വലിയ മത്സ്യങ്ങള്‍ വാങ്ങാന്‍ ആളുകള്‍ മടിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോള്‍ അതിന് മാറ്റംവന്നിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകള്‍ പൂർണമായും കടലില്‍ പോകാതായതോടെ അനുബന്ധ തൊഴിൽ മേഖലകളും പ്രതിസന്ധിയിലായി. കയറ്റുമതി കമ്പനിക്കാരും ഐസ് ഫാക്ടറി നടത്തുന്നവരും വരുമാന നഷ്ടത്തിെൻറ പ്രയാസം നേരിടുകയാണ്. വാഹനമോടിക്കുന്നവര്‍ക്കും അനുബന്ധ മേഖലയിൽ തൊഴിലെടുക്കുന്നവർക്കും ജോലിയില്ലാതായി. വരുമാനത്തില്‍ വന്ന നഷ്ടം ബോട്ടുടമകളെയും പ്രയാസത്തിലാക്കുന്നുണ്ട്. ഏതാനും ആഴ്ചക്കകം എല്ലാം പഴയപോലെ എത്തുമെന്ന പ്രതീക്ഷയിലാണ് മത്സ്യബന്ധന മേഖല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story