Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2018 11:02 AM IST Updated On
date_range 25 Feb 2018 11:02 AM ISTകലക്ടറുടെ ഉത്തരവ്; നാദാപുരം മാലിന്യ സംസ്‌കരണ പ്ലാൻറ് വീണ്ടും വിവാദച്ചുഴിയിൽ
text_fieldsbookmark_border
നാദാപുരം: പാലോഞ്ചാല കുന്നിലെ ഗ്രാമപഞ്ചായത്തു വക മാലിന്യ സംസ്‌കരണ കേന്ദ്രം തുറന്നുപ്രവർത്തിപ്പിക്കണമെന്ന് ജില്ല ഭരണകൂടം ഉത്തരവിറക്കിയതോടെ നാദാപുരത്തെ മാലിന്യ സംസ്കരണത്തിന് വീണ്ടും ജീവൻെവക്കുന്നു. രണ്ടു വർഷം മുമ്പ് അടച്ചുപൂട്ടിയ പ്ലാൻറ് വീണ്ടും തുറന്നു പ്രവർത്തിപ്പിക്കണമെന്നാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ജില്ല കലക്ടർ നിർദേശം നൽകിയത്. 2006ലെ ദുരന്തനിവാരണ ആക്ട് പ്രകാരമാണ് കലക്ടറുടെ ഉത്തരവ്. പ്ലാൻറിലെ മാലിന്യ അവശിഷ്ടം വേർതിരിക്കാൻ ഉപയോഗിക്കുന്ന സ്ഥലം കഴിച്ച് 20 സെൻറ് സ്ഥലം മാലിന്യ സംസ്‌കരണത്തിന് ഉപയോഗപ്പെടുത്തണമെന്നാണ് നിർദേശം. ഏപ്രിൽ 15നകം നടപ്പാക്കിയില്ലെങ്കിൽ ദുരന്ത നിവാരണ ആക്ട് പ്രകാരം സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഒരു സാഹചര്യത്തിലും പ്ലാൻറ് വീണ്ടും തുറന്നുപ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് കർമസമിതിയുടെ നിലപാട്. സമിതിയുടെ യോഗം ഉടൻ വിളിച്ചുകൂട്ടി ഭാവിപരിപാടികളെക്കുറിച്ച് ആലോചിക്കുമെന്ന് കൺവീനർ മുഹ്സിൻ അരയാലുള്ളതിൽ അറിയിച്ചു. പ്ലാൻറ് പരിസരവാസികളുടെ ശക്തമായ പ്രക്ഷോഭത്തെ തുടർന്നാണ് രണ്ടു വർഷം മുമ്പ് അടച്ചത്. രൂക്ഷമായ മാലിന്യ പ്രശ്നം കാരണമാണ് കർമസമിതി നേതൃത്വത്തിൽ പ്ലാൻറിനെതിരെ സമരം തുടങ്ങിയത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള സമരക്കാരുടെ ഉപരോധം കാരണം പ്ലാൻറിലേക്ക് മാലിന്യം കൊണ്ടുപോകാൻ കഴിയാതെ വന്നതോടെ പ്ലാൻറ് അനിശ്ചിതമായി അടച്ചിടുകയായിരുന്നു. സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി ജില്ല കലക്ടർ യു.വി. ജോസ് രണ്ടു മാസം മുമ്പ് നാദാപുരത്ത് ജനപ്രതിനിധികളുടെ യോഗം വിളിച്ചപ്പോൾ അടച്ചുപൂട്ടിയ പ്ലാൻറ് സന്ദർശിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ, പ്ലാൻറ് അടച്ചുപൂട്ടിയത് കാരണം മാലിന്യ നീക്കം നിലച്ച കാര്യം കലക്ടറുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തിരുന്നു. ജില്ല കലക്ടറുടെ പുതിയ ഉത്തരവ് പുറത്തുവന്ന സാഹചര്യത്തിൽ പ്ലാൻറ് തുറക്കാതിരിക്കാൻ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് കഴിയില്ല. അതേസമയം, ജൈവ മാലിന്യം പ്ലാൻറിൽ സംസ്കരിക്കാനും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം വേർതിരിച്ച് കയറ്റിയയക്കാനുമുള്ള സർവകക്ഷി ധാരണ പുതിയ സാഹചര്യത്തിൽ എന്താകുമെന്നും അറിയില്ല. ഭരണകക്ഷിയായ സി.പി.എം ഉൾപ്പെടെയുള്ള ഇടതുപാർട്ടികളാണ് നേരത്തേ പ്ലാൻറ് അടച്ചുപൂട്ടൽ സമരത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story