Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎഡിറ്റോറിയൽ

എഡിറ്റോറിയൽ

text_fields
bookmark_border
വെറുതെ ഒരു സമാധാന യോഗം യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബി​െൻറ കൊലപാതകത്തെ തുടർന്ന്, കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ബുധനാഴ്ച വിളിച്ചുചേർത്ത സർവകക്ഷി യോഗം തുടങ്ങുന്നതിനുമുമ്പേ ബഹളത്തിൽ കലാശിച്ച് പിരിഞ്ഞതിൽ അതിശയകരമായി ഒന്നുമില്ല. മംഗളകരമായി ആ യോഗം ചേർന്നിരുന്നെങ്കിൽ കണ്ണൂരിൽ നിശ്ചയമായും സമാധാനം പുലരുമായിരുന്നു എന്ന് ആരും വിചാരിക്കുന്നില്ല എന്നതുതന്നെ കാരണം. കൊല്ലുക, കൊല്ലുക, പിന്നെയും കൊല്ലുക; എന്നിട്ട് പൊതുഖജനാവിലെ പണമുപയോഗിച്ച് സമാധാന യോഗം വിളിച്ചു ചേർക്കുക എന്നത് കണ്ണൂരിലെ പതിവാണ്. ഓരോ സമാധാന യോഗവും കൊലക്കത്തിക്ക് മൂർച്ചകൂട്ടാനുള്ള ഇടവേള മാത്രമാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പൊറാട്ടുനാടകങ്ങൾ. അതിനാൽ യോഗം നടക്കാതെ പോയതിൽ ആരും വിഷമിക്കേണ്ടതില്ല. കണ്ണൂരിലെ അക്രമങ്ങളെക്കുറിച്ച് ഈ കോളത്തിൽ പലതവണ എഴുതിയിട്ടുണ്ട്. ചോരയൊലിപ്പിക്കുന്ന വൃത്തികെട്ട രാഷ്ട്രീയത്തിനെതിരായ ജനവികാരം കേരളമാകെ ഉയരുന്നുമുണ്ട്. പക്ഷേ, ഈ രാഷ്ട്രീയത്തി​െൻറ മുഖ്യപ്രണേതാക്കളായ സി.പി.എമ്മും ബി.ജെ.പിയും ഒരു കാലത്തും ഇതിൽനിന്ന് അൽപംപോലും പിന്നോട്ടുപോകാൻ സന്നദ്ധമായിട്ടില്ല. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിൽ കോൺഗ്രസിനും പങ്കാളിത്തമുണ്ടെങ്കിലും കഴിഞ്ഞ കുറെ കാലമായി അവർ ഈ ഏർപ്പാടിൽനിന്ന് പിൻവലിഞ്ഞതായാണ് അനുഭവം. അതിനാൽതന്നെ, പ്രത്യേകിച്ച് പ്രകോപനങ്ങളില്ലാതെ തങ്ങളുടെ പ്രവർത്തകനെ അറുകൊല ചെയ്തതിനെതിരെ പാർട്ടി നടത്തുന്ന സമരത്തിന് ജനപിന്തുണ കിട്ടുകയും ചെയ്യുന്നുണ്ട്. സി.പി.എം നേതാവും രാജ്യസഭ അംഗവുമായ കെ.കെ. രാഗേഷ് യോഗത്തിൽ ഡയസിൽതന്നെ സ്ഥാനംപിടിച്ചതാണ് സമാധാന യോഗത്തെ തർക്കത്തിലെത്തിച്ചത്. കക്ഷിനേതാക്കളെ മാത്രം വിളിച്ച യോഗത്തിൽ ജില്ലയിലെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ചിരുന്നില്ല. എന്നാൽ, സി.പി.എമ്മി​െൻറ എം.പി മാത്രം പങ്കെടുക്കുകയും അദ്ദേഹം ഡയസിൽ കയറിയിരിക്കുകയും ചെയ്തത് സ്വാഭാവികമായും പ്രതിഷേധത്തിന് കാരണമായി. തങ്ങൾ ഭരണത്തിലിരിക്കുമ്പോൾ നാട്ടിൽ സമാധാനം പുലരേണ്ടതി​െൻറ പ്രാഥമികമായ ഉത്തരവാദിത്തം സി.പി.എമ്മിനുണ്ടായിരുന്നു. എന്നാൽ, അവർ ആളെ കൊല്ലുന്നു എന്നു മാത്രമല്ല, അതിനുശേഷം വൃത്തിയിൽ സമാധാന യോഗം നടത്താൻ പോലും അവർക്കാവുന്നില്ല എന്നതാണ് കണ്ണൂർ നൽകുന്ന സന്ദേശം. ക്രമസമാധാനം പരിരക്ഷിക്കുന്നതിൽ പിണറായി വിജയൻ സർക്കാറിന് വന്നുകൊണ്ടിരിക്കുന്ന നിരന്തര പരാജയത്തി​െൻറ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് കണ്ണൂർ സംഭവവികാസങ്ങൾ. എതിരാളികളെ കൊല്ലുക എന്നത് സി.പി.എമ്മി​െൻറ ദൈനംദിന രാഷ്ട്രീയ പരിപാടിയുടെ ഭാഗമാണ് എന്നത് നിസ്തർക്കമായ വസ്തുതയാണ്. ഈ വിഷയത്തിൽ അവർ അസാധാരണമായ മിടുക്ക് പ്രകടിപ്പിച്ചിട്ടുണ്ട്. ഷുഹൈബ് കൊലയും അതി​െൻറ തുടർച്ചതന്നെ. പക്ഷേ, തങ്ങൾ ഭരണത്തിലിരിക്കെ നടക്കുന്ന ഇത്തരം അരുതായ്മകൾ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ച് അവർ ആലോചിക്കേണ്ടതായിരുന്നു. ചോരയിൽ ആഹ്ലാദം കണ്ടെത്തുന്നവർക്ക് ഇതൊന്നും ആലോചിക്കാൻ നേരമുണ്ടാവില്ല എന്നതാണ് കാര്യം. ഷുഹൈബ് വധത്തിൽ പാർട്ടിക്കാർ ആരെങ്കിലും പങ്കാളിയായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നാണ് നേതൃത്വം ആദ്യം പ്രഖ്യാപിച്ചത്. കൊലപാതകത്തിലെ പങ്ക് ഏറ്റുപറഞ്ഞുകൊണ്ട് പൊലീസിൽ കീഴടങ്ങിയ ആകാശ് സി.പി.എമ്മുകാരനാണെന്ന് ജില്ല സെക്രട്ടറി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പാർട്ടി നടപടി ഇതുവരെ ഒന്നുമുണ്ടായിട്ടില്ല. അങ്ങനെ എന്തെങ്കിലും പ്രതീക്ഷിക്കുന്നതിൽ അർഥവുമില്ല. ടി.പി. ചന്ദ്രശേഖരനെ വെട്ടിനുറുക്കിയപ്പോഴും ഇതുതന്നെയായിരുന്നു പാർട്ടി പറഞ്ഞിരുന്നത്. എന്നാൽ, കേസിൽ ശിക്ഷിക്കപ്പെട്ട പി.കെ. കുഞ്ഞനന്തനെ ജയിലിൽ കിടക്കുമ്പോഴും ഏരിയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുകയാണ് സി.പി.എം ചെയ്തത്. തലശ്ശേരി ഫസൽ വധക്കേസിലെ പ്രതികളിലൊരാളായ കാരായി രാജനെ ജില്ല പഞ്ചായത്ത് പ്രസിഡൻറാക്കിയപ്പോൾ കാരായി ചന്ദ്രശേഖരനെ മുനിസിപ്പൽ ചെയർപേഴ്സനാക്കുകയാണ് പാർട്ടി ചെയ്തത്. അതായത്, പുറമേക്ക് കൊലപാതകങ്ങളെ തള്ളിപ്പറയുമ്പോഴും അതിന് നേതൃത്വം വഹിച്ചവരെ സംരക്ഷിച്ച് ആദരിച്ചുപോരുന്നതാണ് പാർട്ടി പാരമ്പര്യം. ഒടുവിൽ, ഷുഹൈബിനെ കൊന്നപ്പോഴും അതിനെ അപലപിച്ച് പ്രസ്താവനയിറക്കാൻ മുഖ്യമന്ത്രി ഒരാഴ്ച സമയമെടുത്തു. ഷുഹൈബി​െൻറ കൊലപാതകം ഒടുവിലത്തേതാണ് എന്നു കരുതുന്നതിൽ ഒരർഥവുമില്ല. കൊല്ലാതിരിക്കാനാവില്ല എന്ന മാനസികാവസ്ഥയിലേക്ക് സി.പി.എമ്മി​െൻറ കണ്ണൂർ നേതൃത്വം മാറിക്കഴിഞ്ഞിരിക്കുന്നു. ഒരുപക്ഷേ, കോൺഗ്രസ് നേതൃത്വവുമായി ഒരു പിൻവാതിൽ ഇടപാടിലെത്തി ഇപ്പോൾ നടക്കുന്ന സമരങ്ങൾ അവസാനിപ്പിക്കുന്നതിൽ പാർട്ടിയും സർക്കാറും വിജയിച്ചേക്കാം. ജില്ല സെക്രട്ടറി പി. ജയരാജനെതിരെ പാർട്ടിക്കകത്തുതന്നെ നീക്കങ്ങൾ നടക്കുന്നതിനാൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നതിൽ സർക്കാറിന് തടസ്സങ്ങളുണ്ടാവാനും സാധ്യതയില്ല. സി.ബി.ഐ അന്വേഷണം എന്ന ന്യായത്തിൽ സമരം അവസാനിപ്പിക്കുന്നതിൽ കോൺഗ്രസിനും ബുദ്ധിമുട്ട് കാണില്ല. പക്ഷേ, അപ്പോഴും ബാക്കിയാവുന്ന വസ്തുത, മനുഷ്യരുടെ ജീവനല്ല; കുടിലമായ രാഷ്ട്രീയതാൽപര്യങ്ങളാണ് ഇവരെയെല്ലാം നയിക്കുന്ന വികാരം എന്നതാണ്. ഈ മനഃസ്ഥിതിക്കാർ എല്ലാ ദിവസവും സമാധാന യോഗം ചേർന്നാലും അത് സമൂഹത്തിൽ ഒരു ഗുണവും ഉണ്ടാക്കാൻ പോവുന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story