Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകണ്ണൂരിലെ ചോര

കണ്ണൂരിലെ ചോര

text_fields
bookmark_border
കണ്ണൂർ മട്ടന്നൂർ എടയന്നൂരിൽ 29കാരനായ എസ്.പി. ഷുഹൈബ് എന്ന ചെറുപ്പക്കാരൻ തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം അപലപനീയമാണ്. യൂത്ത് കോൺഗ്രസി​െൻറ ബ്ലോക്ക് സെക്രട്ടറിയും സുന്നി, കാന്തപുരം വിഭാഗത്തി​െൻറ സജീവപ്രവർത്തകനുമായിരുന്ന ഷുഹൈബ് പൊതുപ്രവർത്തന രംഗത്തും ജീവകാരുണ്യ പ്രവർത്തനരംഗത്തും ഏറെ സജീവനായ വ്യക്തിത്വമായിരുന്നു. ആളുകളെ വെട്ടിക്കൊല്ലുക എന്നത് നാടൻകലയായി വികസിപ്പിച്ചവരാണ് കണ്ണൂരിലെ പരമ്പരാഗത രാഷ്ട്രീയക്കാർ. അവർ നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതക പരമ്പരകളിലെ ഏറ്റവും ഒടുവിലത്തെ ഇര മാത്രമാണ് ഷുഹൈബ്. ബി.ജെ.പിയും സി.പി.എമ്മും ചേർന്നാണ് കണ്ണൂരിലെ കൊലപാതക സംസ്കാരം സജീവമാക്കി നിലനിർത്തിപ്പോന്നിരുന്നത്. കഴിഞ്ഞ കുറെ കാലമായി ഇരകളായോ അക്രമികളായോ കോൺഗ്രസ് ചിത്രത്തിലില്ലായിരുന്നു. എന്നാൽ, പ്രത്യേകിച്ച് വലിയ പ്രകോപനമൊന്നുമില്ലാതെയാണ് കോൺഗ്രസ് പ്രവർത്തകനായ ഷുഹൈബ് കൊല്ലപ്പെട്ടിരിക്കുന്നത്. കണ്ണൂരിലെ തലകൊയ്യൽ രാഷ്ട്രീയം ദേശീയതലത്തിൽ വലിയ ചർച്ചാവിഷയമായ സാഹചര്യത്തിലാണ് ഷുഹൈബി​െൻറ കൊല നടക്കുന്നത്. ഈ ദേശീയശ്രദ്ധ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയായ സി.പി.എമ്മിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു എന്നത് യാഥാർഥ്യമാണ്. ബി.ജെ.പിയും അതിനെ പിന്തുണക്കുന്ന ദേശീയ മാധ്യമങ്ങളുമാണ് കേന്ദ്രഭരണത്തി​െൻറ ആനുകൂല്യം ഉപയോഗിച്ച് കണ്ണൂരിനെ ദേശീയശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. യഥാർഥത്തിൽ കണ്ണൂരിലെ അതിക്രമങ്ങളിൽ സി.പി.എമ്മിനെപോലെതന്നെ പങ്കാളിയായിട്ടുള്ള ബി.ജെ.പിയും ആർ.എസ്.എസും ഇരയുടെ പരിവേഷമണിഞ്ഞ് ദേശീയതലത്തിൽ സഹതാപംനേടാൻ ശ്രമിക്കുന്നതിനെ തുറന്നുകാട്ടുന്നതിൽ കേരളത്തിലെ പുരോഗമനവാദികളും മാധ്യമങ്ങളും മുന്നിൽതന്നെയുണ്ടായിരുന്നു. അപ്പോഴും, സംസ്ഥാന ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന പാർട്ടിയെന്ന നിലക്ക് സി.പി.എമ്മിന് അധിക ഉത്തരവാദിത്തമുണ്ടെന്ന കാര്യം അവരെല്ലാം ആവർത്തിച്ച് ചൂണ്ടിക്കാട്ടുകയും സി.പി.എമ്മി​െൻറ സമീപനങ്ങളെ വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ആ വിമർശനങ്ങളെ ഉൾക്കൊള്ളാനോ തിരുത്തലിന് വിധേയമാവാനോ സി.പി.എം സന്നദ്ധമായിട്ടില്ലെന്നാണ് ഷുഹൈബി​െൻറ കൊലപാതകം തെളിയിക്കുന്നത്. കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലന്ന് സി.പി.എം നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും അത് വിശ്വസിക്കാൻ മാത്രം നിഷ്കളങ്കരല്ല നാട്ടുകാർ എന്ന് അവർ മനസ്സിലാക്കണം. 'ഞങ്ങളോട് കളിച്ചവരാരും സ്വന്തം വീട്ടിൽ മരിച്ചിട്ടില്ല, നി​െൻറ നാളുകൾ എണ്ണപ്പെട്ടു' എന്ന് ആേക്രാശിച്ചുകൊണ്ട് ഷുഹൈബി​െൻറ പേരെടുത്തുപറഞ്ഞ് സി.പി.എം എടയന്നൂരിൽ പ്രകടനം നടത്തിയത് ഏതാനും ദിവസങ്ങൾക്കു മുമ്പാണ്. പ്രദേശത്തെ ഒരു സ്കൂളിൽ കെ.എസ്.യു-എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ നിസ്സാരമായ ചില പ്രശ്നങ്ങളെ തുടർന്നാണ് ഡി.വൈ.എഫ്.ഐയുടെയും സി.പി.എമ്മി​െൻറയും ഉത്തരവാദപ്പെട്ട നേതാക്കളുടെ നേതൃത്വത്തിൽ പരസ്യമായ ഈ കൊലവിളി പ്രകടനം അവിടെ നടന്നത്. വിയോജിപ്പുള്ളവരെ അടിച്ചൊതുക്കുന്നതിലും വെട്ടിക്കൊല്ലുന്നതിലും അസാധാരണ മിടുക്ക് പ്രകടിപ്പിക്കുന്ന പാർട്ടിയാണ് സി.പി.എം. കേരള രാഷ്ട്രീയ ചരിത്രം അവർ നടത്തിയ കൊലകളുെടതു കൂടിയാണ്. അവരുടെ വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐ കേരളത്തിലെ കോളജ് കാമ്പസുകളെ അക്ഷരാർഥത്തിൽ സ്റ്റാലിനിസ്റ്റ് സ്വർഗഭൂമികളെന്ന നിലക്കാണ് കൊണ്ടുനടക്കുന്നത്. വിയോജിപ്പി​െൻറ ചെറുസ്വരങ്ങളെപോലും അടിച്ചൊതുക്കുന്നതിൽ ഈ വിദ്യാർഥി സംഘം കാണിക്കുന്ന അസാധാരണമായ മിടുക്ക്, സി.പി.എമ്മി​െൻറ പുതിയ തലമുറയിലും വലിയ പ്രതീക്ഷകൾ വെക്കേണ്ടതില്ല എന്നതി​െൻറ സൂചനയാണ്. ഷുഹൈബി​െൻറ വധത്തെ അപലപിക്കുന്നതായും പാർട്ടിയുടെ ആരെങ്കിലും ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും സി.പി.എം നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ചട്ടപ്പടി പ്രസ്താവനയെന്നതിനെക്കാൾ കവിഞ്ഞ ഒരു പ്രാധാന്യവും ഇതിന് നൽകാൻ കഴിയില്ല. ടി.പി. ചന്ദ്രശേഖരൻ കൊലയുൾപ്പെടെയുള്ള പ്രമാദമായ എല്ലാ സംഭവങ്ങളെ തുടർന്നും സമാനമായ പ്രതികരണങ്ങൾ തന്നെയാണ് പാർട്ടി നടത്തിയത്. പക്ഷേ, എന്തെങ്കിലും നടപടി പാർട്ടി സ്വീകരിച്ചിട്ടില്ല. ഷുഹൈബ് വിഷയത്തിൽ കുറ്റക്കാരെ (യഥാർഥ കുറ്റക്കാരെ തന്നെ) കണ്ടെത്താനും അവർക്കെതിരെ ഏറ്റവും ഉചിതമായ ശിക്ഷനടപടികൾ സ്വീകരിക്കാനും സംസ്ഥാന സർക്കാർ എന്തുമാത്രം ആത്മാർഥതയോടെ പരിശ്രമിക്കും എന്നതാണ് ഇനി മുമ്പിലുള്ള ചോദ്യം. ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിയുടെ ജില്ലയിൽ, മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ ആരോപണവിധേയരാവുന്ന അതിക്രമങ്ങൾ ആവർത്തിക്കുന്നത് നാണക്കേടാണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയെങ്കിലും ആ പാർട്ടി കാണിക്കേണ്ടതായിരുന്നു. ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്നതിൽ പിണറായി വിജയൻ സമ്പൂർണ പരാജയമാണെന്ന കാര്യം നാട്ടുകാർ മാത്രമല്ല, ആ പാർട്ടിക്കാർതന്നെ ആവർത്തിച്ച് പറയുന്ന യാഥാർഥ്യം മാത്രമാണ്. ഷുഹൈബി​െൻറ കൊലയാളികളെ കണ്ടെത്തുന്നതിലും തക്കതായ ശിക്ഷനടപടികൾ കൈക്കൊള്ളുന്നതിലും ഈ പരാജയം ആവർത്തിക്കില്ല എന്ന് ഉറപ്പുവരുത്താൻ മുഖ്യമന്ത്രിക്ക് സാധിക്കുമോ എന്നതാണ് അദ്ദേഹത്തിനു മുന്നിലെ വെല്ലുവിളി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story