Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുട്ടികളുടെ തിരോധാനവും ...

കുട്ടികളുടെ തിരോധാനവും വംശീയ തീർപ്പുകളും

text_fields
bookmark_border
കുട്ടികളുടെ തിരോധാനവും വംശീയ തീർപ്പുകളും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഭീകരന്മാരായ തസ്കര സംഘങ്ങൾ കേരളത്തിൽ ആസൂത്രിതമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുവെന്ന 'വാർത്തകൾക്ക്' പ്രചണ്ഡപ്രചാരം സിദ്ധിച്ച വേളയിൽ ഡോ. എം.കെ. മുനീറി​െൻറ സബ്മിഷന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ വസ്തുനിഷ്ഠമായ വിവരങ്ങൾ പടർന്നുപിടിച്ച കുട്ടിക്കടത്ത് ഭീതിക്ക് തെല്ലാശ്വാസമാകാൻ പ്രയോജനകരമായതുപോലെ, മലയാളിയുടെ മനോഘടനയിൽ അള്ളിപ്പിടിച്ചിരിക്കുന്ന വംശീയബോധത്തെ വിചാരണ ചെയ്യാനും സഹായകരമാണ്. 2017ൽ സംസ്ഥാനത്ത് കാണാതായ 1774 കുട്ടികളിൽ 1725 പേരെയും അന്വേഷണത്തിലൂടെ കണ്ടെത്തിയെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം പിടിയിലായ 199 പേരിൽ 188 പേരും കേരളീയരാെണന്നും നിയമസഭയിൽ മുഖ്യമന്ത്രി വിശദമാക്കി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിൽ ഭയാനകമായ ഒരവസ്ഥയും സംസ്ഥാനത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറച്ചു മാസങ്ങൾക്കുമുമ്പ്, 2014 ആഗസ്റ്റ് മുതൽ 2107 ആഗസ്റ്റ് വരെയുള്ള മൂന്നു വർഷം കാണാതായ കുട്ടികൾ 2221 ആെണന്നും അതിൽ 2171 പേരെ തിരിച്ചുകിട്ടിയെന്നും ഇനി ലഭിക്കാനുള്ളത് 50 പേരെയാെണന്നും സർക്കാർ ഹൈകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കുട്ടികളുടെ തിരോധാനവും തിരിച്ചുവരവും ദിനംപ്രതി അടയാളപ്പെടുത്തുന്ന കേന്ദ്ര സർക്കാർ വെബ്സൈറ്റായ 'ട്രാക് ദ മിസിങ് ചൈൽഡ്' പ്രകാരം കഴിഞ്ഞ വർഷം കാണാതായവർ 743 പേരും അന്വേഷണത്തിലൂടെ കണ്ടെത്തിയവർ 661ഉം ആണ്. 82 പേർ എവിടെയെന്ന് വ്യക്തമല്ലാതെ തുടരുന്നു. തിരിച്ചുവരാത്ത കുട്ടികളുടെ എണ്ണം അതെത്ര ചെറുതായാലും അന്വേഷിക്കേണ്ടതാണ്. പൊലീസി​െൻറയും പൊതുസമൂഹത്തി​െൻറയും ജാഗ്രത അനിവാര്യമാക്കുന്ന വിഷയവുമാണിത്. എന്നാൽ, തിരോഭവിക്കുന്ന കുട്ടികളുടെ എണ്ണം ദേശീയ ശരാശരിയുമായി തട്ടിച്ചുനോക്കുമ്പോൾ തുലോം തുച്ഛമായ കേരളത്തിൽ വസ്തുതകളുടെ ഒരു കണക്കുമില്ലാതെ കത്തിപ്പടർന്ന ഭീതി ആൾക്കൂട്ട ആക്രമണങ്ങളിലേക്കും ഇതരസംസ്ഥാന തൊഴിലാളി വിദ്വേഷങ്ങളിലേക്കും വഴിമാറിയെന്നത് സഗൗരവം വിശകലനം ചെയ്യുകയും കർശനമായി ഇല്ലാതാക്കുകയും ചെയ്യേണ്ടതാണ്. മുഖ്യമന്ത്രിയുടെ വിശദീകരണത്തിനും ആശങ്ക അസ്ഥാനത്താെണന്നും ആൾക്കൂട്ടങ്ങൾ നിയമം ൈകയിലെടുക്കരുതെന്നുമുള്ള ഡി.ജി.പി ലോകനാഥ് ബെഹ്റയുടെ കർശന ഉത്തരവിനും ശേഷവും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾ സംഘടിതമായ ആക്രമണങ്ങൾക്കിരയായി. കണ്ണൂരിലെ മാനന്തേരിയിൽ മനോദൗർബല്യമുള്ള ബിഹാർ യുവാവിനെ സംശയത്തി​െൻറ പേരിൽ ആക്രമിക്കുകയും മർദനദൃശ്യങ്ങൾ ഉന്മാദത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ ആർക്കും ഒരു മനഃസാക്ഷിക്കുത്തും അനുഭവപ്പെട്ടില്ല. ആൾക്കൂട്ട ആക്രമണങ്ങൾക്ക് അഭിവാദ്യങ്ങളോടെ, അതിൽ പങ്കുചേരാത്തവരും ഔത്സുക്യത്തോടെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ്; ഇതാണ് ശരിയും നീതിയുമെന്ന വിചാരത്തിൽ. ഉത്തരേന്ത്യയിൽ വ്യാപകമായ ആൾക്കൂട്ട ആക്രമണത്തി​െൻറ മനോഘടന മലയാളികളിലും പടർന്നിരിക്കുന്നുവെന്നത് അപായകരമായ മുന്നറിയിപ്പാണ് നൽകുന്നത്. ലോകവ്യാപകമായി നടക്കുന്ന കുട്ടിക്കടത്തുകളുടെ താൽപര്യം ലൈംഗിക വാണിജ്യമാെണന്നും അവയവക്കച്ചവടമോ ഭിക്ഷാടനമോ അല്ലെന്നും അതി​െൻറ പ്രധാന ഇരകൾ നാടോടിജീവിതം നയിക്കുന്നവരുടെ സന്താനങ്ങളാണെന്നും ഇതേക്കുറിച്ചുള്ള പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. അത്തരം വ്യാപാരങ്ങളിലേർപ്പെട്ടിരിക്കുന്നവരോ, ഉന്നതശ്രേണീയരായ ആളുകളും. കഴിഞ്ഞ വർഷം ബംഗാളിൽ ലൈംഗിക വാണിജ്യത്തിനായുള്ള കുട്ടിക്കടത്തിന് അറസ്റ്റ് ചെയ്യപ്പെട്ടത് ബി.ജെ.പി വനിത വിഭാഗം മുൻ സെക്രട്ടറി ജൂഹി ചൗധരിയാണ്. എന്നാൽ, വംശീയ മുൻവിധികൾ വസ്തുതകളെ കീഴ്മേലാക്കുകയും ദരിദ്രർ നിരപരാധികളായിരുന്നിട്ടുപോലും നിരന്തരവേട്ടക്ക് വിധേയമാക്കപ്പെടുകയും ചെയ്യുമെന്ന യാഥാർഥ്യം കേരളത്തിലും പുലരുന്നതി​െൻറ സാധൂകരണമാകുകയാണ് ആൾക്കൂട്ട ആക്രമണങ്ങൾ. അന്നം തേടി കേരളത്തിലിറങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികൾ മുതൽ തമിഴ്നാട്ടിലെയും കർണാടകയിലെയും പച്ചക്കറി കർഷകർ വരെ വിഷംതീറ്റിച്ചും മാനഭംഗപ്പെടുത്തിയും മലയാളിയെ തകർക്കാൻ നോമ്പുനോറ്റ് പണിയെടുക്കുന്നവരാണെന്ന തരത്തിൽ ഭ്രാന്തൻ വ്യാജകഥകൾ നിർമിക്കുന്നതിൽ തൽപരരാണ് സൈബർ പോരാളികൾ. വംശീയ മുൻവിധികൾക്കടിപ്പെട്ട് അപരഭീതിയുടെ പ്രചാരകരായിരിക്കുന്ന ഈ സൈബർകൂട്ടങ്ങൾ സാമൂഹികമായി നിലനിൽക്കേണ്ട വിവേകത്തെയും ആരോഗ്യത്തെയും കാർന്നുതിന്നുന്നത് കാണാതിരിക്കാനാവില്ല. വൈകാരികമായ വിഷയങ്ങൾ, വ്യാജമായിരിെക്കത്തന്നെ സ്വവൃത്തങ്ങളിൽ നിരന്തരം പ്രക്ഷേപിക്കപ്പെടുകയും സത്യത്തിൽനിന്ന് സമൂഹത്തെ ഏറെയകറ്റി വ്യാജമനോഘടന ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നവർക്ക് സമൂഹമാധ്യങ്ങളിൽ മേൽക്കൈ ലഭിക്കുന്നതാണ് ഏറ്റവും ഭീതിജനകം. കേരളത്തിൽ അടിക്കടിയുണ്ടാകുന്ന വ്യാജ സൈബർഭീതികളുടെ പിന്നിൽ ഇത്തരം സാമൂഹിക ദ്രോഹികളുടെ ഒളിയജണ്ടകളുണ്ടോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. അപരിചിതരെ സംശയത്തോടെ കാണുകയും അവസരം ലഭിച്ചാൽ നിയമം ൈകയിലെടുക്കുകയും ചെയ്യുന്ന ആൾക്കൂട്ടങ്ങളുടെ വളർച്ചയും വ്യാപകത്വവും പ്രതിരോധിക്കാനായില്ലെങ്കിൽ കൈയേറ്റങ്ങളും കൊള്ളിവെപ്പുകളും നാട്ടുനടപ്പാകുന്ന കാലം അത്ര വിദൂരമായിരിക്കുകയില്ല.
Show Full Article
TAGS:LOCAL NEWS 
Next Story