Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 10:56 AM IST Updated On
date_range 9 Feb 2018 10:56 AM ISTദേശീയ ശ്രദ്ധയാകർഷിച്ച് കാരന്തൂർ
text_fieldsbookmark_border
കുന്ദമംഗലം: വോളിബാളിൽ പുതിയ താരനിരയെ വാർത്തെടുക്കുന്നതിന് കാൽ നൂറ്റാണ്ട് കാലമായി വ്യവസ്ഥാപിതമായും ശാസ്ത്രീയമായും വോളി പരിശീലനം നൽകിക്കൊണ്ടിരിക്കുന്ന കേന്ദ്രമാണ് കാരന്തൂർ പാറ്റേൺ വോളിബാൾ കോച്ചിങ് സെൻറർ. സൊസൈറ്റി അംഗങ്ങളായ 393 പേരുടെ സാമ്പത്തിക സഹായത്തിൽ കാരന്തൂർ അങ്ങാടിക്ക് സമീപം വില കൊടുത്ത് വാങ്ങിയ 60 സെൻറ് സ്ഥലത്താണ് സെൻറർ സ്ഥിതി ചെയ്യുന്നത്. പത്ത് വയസ്സ് മുതലുള്ള കുട്ടികൾക്ക് അഞ്ച് കോർട്ടുകളിലായാണ് പരിശീലനം നൽകുന്നത്. ആൺകുട്ടികളും പെൺകുട്ടികളുമായി 200ഒാളം പേർ പരിശീലനം നേടുന്നുണ്ട്. കുട്ടികൾക്ക് പ്രാഥമികാവശ്യത്തിനും വിശ്രമത്തിനുമായി കോഴിക്കോട് ജില്ല പഞ്ചായത്ത് കെട്ടിടം നിർമിച്ച് നൽകിയിട്ടുണ്ട്. എം.കെ. രാഘവൻ എം.പി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഒരു കോർട്ട് പൂർണമായും ഇൻഡോർ സംവിധാനത്തിലാക്കിയതിനാൽ എല്ലാ കാലാവസ്ഥയിലും പരിശീലനം നടത്താനാവും. പി.ടി.എ. റഹീം എം.എൽ.എ അനുവദിച്ച ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഗ്രൗണ്ടിന് ചുറ്റും മതിൽ നിർമിച്ചത്. രാത്രിയിലും പരിശീലനം നടത്തുന്നതിന് സ്ഥിരം ഫ്ലഡ്ലിറ്റ് സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ടി.പി. ദാസൻ മുമ്പ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറായിരുന്നപ്പോൾ അനുവദിച്ച അഞ്ച് ലക്ഷം ഫണ്ട് ഉപയോഗിച്ചാണ് ഗ്രൗണ്ട് മണ്ണിട്ടുയർത്തിയത്. കോഴിക്കോട് ഇൗ മാസം നടക്കുന്ന 66ാമത് സീനിയർ നാഷനൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ജഴ്സിയണിയുന്ന കൊച്ചിൻ കസ്റ്റംസ് താരം റഹിം, ദേശീയ താരം മാനിപുരത്തുകാരി അശ്വതി സദാശിവൻ, സംസ്ഥാന സീനിയർ താരവും കാലിക്കറ്റ് യൂനിവേഴ്സിറ്റി താരങ്ങളുമായ റീമ, അതുല്യ, മുൻ സംസ്ഥാന യൂത്ത് ടീം ക്യാപ്റ്റനും കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാപ്റ്റനുമായിരുന്ന അർജുൻ, 2016 വർഷത്തെ സംസ്ഥാന യൂത്ത് ടീം ക്യാപ്റ്റൻ മുബഷിർ, മുൻ ഇന്ത്യൻ താരവും റെയിൽവേ ടീം ക്യാപ്റ്റനുമായിരുന്ന പി.പി. രേഷ്മ, മുൻ ഇന്ത്യൻ താരം ബിന്ദ്യ, ബീച്ച് വോളി ഇന്ത്യൻ താരം ആതിര, മുൻ എം.ജി യൂനിവേഴ്സിറ്റി താരം കുന്ദമംഗലം അഫ്സൽ, ഏഴുതവണ നാഷനലിൽ കേരളത്തിനുവേണ്ടി കളിച്ച യുസൈറ, മുൻ സംസ്ഥാന താരങ്ങളായ ശാലിമ, പ്രജീന, പി ആൻഡ് ടി താരം സലിം, അബൂട്ടി, എം.ആർ.സി-എം.ഇ.ജി താരങ്ങളായ അശ്വിൻ, അബ്ജിത്ത്, അർജുറാം, നന്ദു, വിഷ്ണു, നിഷാദ്, വിപിൻ, സർവിസസ് താരം ശ്രീജിത്ത്, മുൻ യൂനിവേഴ്സിറ്റി താരം പ്രജിത്ത്, മുൻ സംസ്ഥാന താരം സഫീറ, മുൻ യൂത്ത് സംസ്ഥാന താരവും സർവിസസ് താരവുമായ സുവീഷ് എന്നിവരെല്ലാം പാറ്റേൺ കോച്ചിങ് ക്യാമ്പിലൂടെ വളർന്നവരാണ്. ജില്ല ലീഗ് വോളിബാൾ ചാമ്പ്യൻഷിപ്പിൽ മിനി, സബ് ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ എന്നീ അഞ്ച് കാറ്റഗറികളിലായി ആൺ-പെൺ ടീമുകളെ അണിനിരത്തുന്ന ജില്ലയിലെ ചുരുക്കം ചില ക്ലബുകളിലൊന്നാണ് പാറ്റേൺ. സംസ്ഥാന വോളി ടീം അംഗവും പൊലീസ് ടീം ക്യാപ്റ്റനും നാഷനൽ റഫറിയും സംസ്ഥാന പരിശീലകനും ആയിരുന്ന കാരന്തൂർ പേട്ടാത്ത് യൂസുഫാണ് സെൻററിെൻറ മുഖ്യശിൽപി. ക്യാമ്പിലെ മുഖ്യപരിശീലകനും സൊസൈറ്റിയുടെ സെക്രട്ടറിയും സ്പെഷൽ ബ്രാഞ്ച് പൊലീസിൽ എസ്.െഎ ആയി സേവനം അനുഷ്ഠിക്കുന്ന ഇദ്ദേഹമാണ്. രണ്ട് വനിത പരിശീലകരടക്കം അഞ്ചുപേർ ഇദ്ദേഹത്തെ സഹായിക്കാനുണ്ട്. ഒപ്പം മുൻ ഇന്ത്യൻ വോളി ടീം അംഗവും പരിശീലകനുമായിരുന്ന ജോസ് ജോർജും സംസ്ഥാന വോളി ടീം പരിശീലകനായിരുന്ന മുരളീധരൻ പാലാട്ടും അതിഥി കോച്ചുകളായി എത്താറുമുണ്ട്. സ്വന്തം വീട്ടുമുറ്റത്ത് കളി സൗകര്യം ഏർപ്പെടുത്തി ഇൗ സെൻററിന് തുടക്കമിട്ടത് സ്ഥാപക പ്രസിഡൻറ് കൂടിയായ പരേതനായ പാറ്റയിൽ അബ്ദുൽ ഖാദർ ഹാജിയാണ്. ഇദ്ദേഹത്തിെൻറ സഹോദരൻ പരേതനായ പാറ്റയിൽ യൂസുഫും കാരന്തൂർ വേട്ടാത്ത് പരേതനായ ചന്ദ്രൻ ഗുരുക്കളും സെൻററിെൻറ തുടക്കത്തിൽ കരുത്തേകിയവരാണ്. ജില്ല സ്പോർട്സ് കൗൺസിൽ എക്സി. അംഗം ചെലവൂർ അരീക്കൽ മൂസ ഹാജിയാണ് സൊസൈറ്റിയുടെ പ്രസിഡൻറ്. സംസ്ഥാന വോളി താരവും ജില്ല വോളിബാൾ അസോസിയേഷൻ പ്രസിഡൻറുമായിരുന്ന മുൻ പൊലീസ് അസി. കമീഷണർ എ. വിശ്വനാഥകുറുപ്പ്, സീടെക് ശശിധരൻ, പി. ഹസൻ ഹാജി എന്നിവർ നേതൃനിരയിൽ പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story