Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2018 11:15 AM IST Updated On
date_range 21 Aug 2018 11:15 AM ISTഓണവും പെരുന്നാളുമെത്തി; നഗരം തിരക്കിലേക്ക്
text_fieldsbookmark_border
കോഴിക്കോട്: ബലിപെരുന്നാളിന് ഒരു നാളും തിരുവോണത്തിന് നാലുനാളും മാത്രം ശേഷിക്കേ നഗരം പതിയെ തിരക്കിലേക്കമരുന്നു. പ്രളയക്കെടുതി ഏൽപിച്ച ആഘാതത്തിൽനിന്ന് മുക്തരായിക്കൊണ്ടിരിക്കുകയാണെങ്കിലും ഇത്തവണ ആഘോഷങ്ങൾക്ക് പതിവുള്ള വർണമുണ്ടാവില്ലെന്ന് ഈ നാട്ടുകാർക്ക് നന്നായറിയാം. പലരും ഇത്തവണ ഓണവും പെരുന്നാളും ആഘോഷിക്കണമോ എന്ന കാര്യത്തിൽപോലും ആശയക്കുഴപ്പത്തിലാണ്. എന്നാൽ, സന്തോഷത്തിെൻറ പുതുവസ്ത്രം വാങ്ങിയും ആഘോഷങ്ങൾക്കൊരുങ്ങിയും നാളുകൾ തിരിച്ചുപിടിക്കുന്നവരും ഏറെയുണ്ട്. പ്രളയത്തെ തുടർന്ന് ഏറെനാൾ ആലസ്യത്തിൽ മുങ്ങിയ നഗരത്തിലെ വസ്ത്രവിപണിയും വ്യാപാര മേഖലയും ഞായറാഴ്ച മുതൽ ഉണർന്നുതുടങ്ങിയിട്ടുണ്ട്. മിഠായിതെരുവിൽ തന്നെയാണ് ഉടുപ്പു വാങ്ങാൻ ഏറെയും ആളുകളെത്തുന്നത്. മഴ മാറിനിന്ന തിങ്കളാഴ്ച മെച്ചപ്പെട്ട രീതിയിൽ കച്ചവടം നടന്നതായി വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. നിപ ദുരന്തം ഏൽപിച്ച വ്യാപാര മേഖലയിലെ തകർച്ചക്കു പിന്നാലെ പ്രളയക്കെടുതിയും ബാധിച്ചപ്പോൾ ഏറെ തകർന്നുപോയത് ഇവിടത്തെ കച്ചവടക്കാർ തന്നെയാണ്. എങ്കിലും ഡിസ്കൗണ്ട് വാഗ്ദാനങ്ങൾ ഉച്ചത്തിൽ വിളിച്ചുപറഞ്ഞും മറ്റും ആളെക്കൂട്ടാനുള്ള പരിശ്രമത്തിലാണ് വ്യാപാരികൾ. ഇനിയുള്ള ദിവസങ്ങളിൽ തിരക്കു കൂടുമെന്ന പ്രത്യാശയിലാണ് ഇവർ. ഓണം-പെരുന്നാൾ വിപണിയെ ലക്ഷ്യമിട്ട് മാനാഞ്ചിറക്കു ചുറ്റും കേന്ദ്രീകരിക്കാറുള്ള തെരുവുകച്ചവടക്കാരുടെ എണ്ണവും ഇത്തവണ കുറവാണ്. ഈ പ്രാവശ്യം കച്ചവടം വളരെ കുറവാണെന്ന് മാനാഞ്ചിറയിൽ ഏറെക്കാലമായി സീസണൽ കച്ചവടം നടത്തുന്ന ഗഫൂർ പറയുന്നു. ഓണപ്പൂവിപണിയും പഴം-പച്ചക്കറി വിപണിയും വെള്ളപ്പൊക്കത്തെ തുടർന്ന് കടുത്ത പ്രതിസന്ധി നേരിട്ടു. പല സ്ഥാപനങ്ങളിലും വീടുകളിലും നടത്താറുള്ള പൂക്കളമിടൽ പോലും ഇത്തവണ ഇല്ലാത്തതാണ് പൂക്കച്ചവടക്കാർക്ക് വിനയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story