Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2018 5:15 AM GMT Updated On
date_range 2018-08-15T10:45:00+05:30കണ്ണപ്പന്‍കുണ്ടില്‍ വീണ്ടും ഉരുള്‍പൊട്ടി; വീടുകൾ വെള്ളത്തിൽ
text_fieldsകോഴിക്കോട്: കനത്ത മഴയെത്തുടർന്ന് പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ടില്‍ വീണ്ടും ഉരുള്‍പൊട്ടി. 50ലധികം വീടുകളിൽ വെള്ളം കയറി. കണ്ണപ്പന്‍കുണ്ട് പാലത്തില്‍ മരങ്ങളും കല്ലുകളും വന്നടിഞ്ഞ് പുഴ ദിശമാറിയൊഴുകിയാണ് വീണ്ടും നാശമുണ്ടായത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ വരാല്‍മൂലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. കനത്ത മലവെള്ളപ്പാച്ചിലില്‍ ഇൗങ്ങാപ്പുഴ, കാക്കവയല്‍, പയോണ, പാത്തിപ്പാറ എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറിയതിനെ തുടർന്ന് 15 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കൈതപ്പൊയില്‍, വെസ്റ്റ് കൈതപ്പൊയില്‍ എന്നിവിടങ്ങളില്‍ 40 വീടുകളില്‍ വെള്ളം കയറി. വെസ്റ്റ് കൈതപ്പൊയില്‍ മുരിക്കുംതോട്ടം സുധാകരനെയും കുടുംബത്തെയും മുക്കത്ത് നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇവരുടെ 12 ആടുകളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. പുതുപ്പാടി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ഇവിടേക്ക് 25 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പയോണ അങ്ങാടിയിലും, ഈങ്ങാപ്പുഴ ടൗണിലെ 50ലധികം കച്ചവട സ്ഥാപനങ്ങളിലും മലവെള്ളം കെട്ടിനിന്നു. നേരത്തെയുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണല്‍വയലിലും മൈലള്ളാംപാറയിലും രണ്ടു ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് വീട്ടുകാരെ ഒഴിപ്പിച്ചതിനാലാണ് ആളപായമില്ലാതിരുന്നത്. ദേശീയപാതയില്‍ ഈങ്ങാപ്പുഴ, കൈതപ്പൊയില്‍, അടിവാരം എന്നിവിടങ്ങളില്‍ വെള്ളം കയറി. സബ്കലക്ടര്‍ വി. വിഘ്‌നേശ്വരി, അസിസ്റ്റൻറ് കലക്ടര്‍ കെ.എസ്. അഞ്ജു, താമരശ്ശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ്, എസ്.ഐ എ. സായൂജ്കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി.
Next Story