Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2018 5:11 AM GMT Updated On
date_range 2018-08-15T10:41:56+05:30കാലവർഷം കനത്തു: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ ദേശീയപാത നെല്ലാങ്കണ്ടിയിൽ വെള്ളം കയറി
text_fieldsകൊടുവള്ളി: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ചെറുപുഴയും പൂനൂർ പുഴയും കരകവിഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങളും പുഴയോര പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടലുകൾ ഉണ്ടായതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് പുഴകളിൽ വെള്ളം ഉയർന്നത്. പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതോടെ ദേശീയ പാത 766ൽ നെല്ലാങ്കണ്ടിയിൽ വൈകീട്ട് ആറു മണിയോടെ വെള്ളം കയറി. സമീപത്തെ ബ്രിക്സ് നിർമാണ യൂനിറ്റും നഴ്സറിയും വെള്ളത്തിൽ മുങ്ങി. മണ്ണിൽ കടവ്, കത്തറമ്മൽ ഭാഗങ്ങളിലെ പുഴയോര പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. പുഴയിലെ വിവിധ ഭാഗങ്ങളിലെ നടപ്പാലത്തിലും വെള്ളം കയറി. കളരാന്തിരി നെല്ലാങ്കണ്ടി തോടും കരകവിഞ്ഞു. മലയോര പ്രദേശങ്ങളിലെ ഉരുൾപൊട്ടലിനെ തുടർന്ന് ചെറുപുഴയും കരകവിഞ്ഞൊഴുകി. കളരാന്തിരി, തലപ്പെരുമണ്ണ, കാക്കേരി, എരഞ്ഞിക്കോത്ത് പ്രദേശങ്ങളിൽ വെള്ളമുയർന്നതോടെ വീടുകളിൽ വെള്ളം കയറി. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ പലരും ബന്ധുവീടുകളിലേക്ക് താമസം മാറി. മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റിൽ വൈദ്യുതി ലൈനുകൾ തകർന്നതിനാൽ കഴിഞ്ഞ രണ്ടു ദിവസമായി കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും വൈദുതി വിതരണവും മുടങ്ങി.
Next Story