Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2018 11:26 AM IST Updated On
date_range 14 Aug 2018 11:26 AM ISTബാണാസുര അണക്കെട്ട് വെള്ളം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതിനെതിരെ നാട്ടുകാർ
text_fieldsbookmark_border
കൽപറ്റ: പടിഞ്ഞാറത്തറ ബാണാസുര അണക്കെട്ടിലെ വെള്ളം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതിനെതിരെ ജനങ്ങൾ പ്രക്ഷോഭത്തിന്. അണക്കെട്ടിെൻറ താഴ്‌വാരത്ത് താമസിക്കുന്നവരാണ് ദുരിതത്തിലായത്. റെഡ് അലർട്ട് പ്രഖ്യാപിക്കാതെയാണ് കെ.എസ്.ഇ.ബി അധികൃതർ രാത്രിയിൽ ഷട്ടർ ഉയർത്തിയതെന്നും ഇതിനു ഉത്തരവാദികളായ എക്‌സിക്യൂട്ടിവ് എൻജിനീയർ അടക്കമുള്ളവരുടെ പേരിൽ നടപടി സ്വീകരിക്കണമെന്നും വാരാമ്പറ്റ പ്രദേശത്തെ ജനങ്ങൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അണക്കെട്ടിനു താഴ്വാരത്തെ ജനങ്ങളെ അണിനിരത്തി കർമസമിതി രൂപവത്കരിക്കും. ഇതിനായി ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നിന് വാരാമ്പറ്റ മദ്റസയിൽ യോഗം നടത്തും. രാഷ്ട്രീയ പാർട്ടി, സന്നദ്ധ സംഘടന, മത-സാമൂഹിക സംഘടന പ്രതിനിധികൾ പങ്കെടുക്കണമെന്നും നാട്ടുകാർ അഭ്യർഥിച്ചു. വെള്ളം കയറി മൂന്നു പഞ്ചായത്തുകളിലെ ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. നിരവധി പേർ ബന്ധുവീടുകളിലേക്ക് മാറി. വീടുകൾ തകർന്നും കൃഷിയും മറ്റു വീട്ടുപകരണങ്ങളും നശിച്ചും ജനം ദുരിതത്തിലായി. 1986ൽ അന്നത്തെ വൈദ്യുതി മന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഒപ്പിട്ട കരാറിനു വിരുദ്ധമായാണ് ഇപ്പോൾ അണക്കെട്ട് പ്രവർത്തിക്കുന്നത്. ബാണാസുര ഇറിഗേഷൻ പദ്ധതി സ്ഥാപിച്ച് കനാൽ നിർമിച്ചെങ്കിലും വേനൽക്കാലത്തുപോലും ഒരുതുള്ളി വെള്ളം തുറന്നുവിടുന്നില്ല. വേനൽക്കാലത്തും തുറന്നുവിടാൻ നടപടിയെടുക്കണം. മഴക്കാലത്ത് മുന്നൊരുക്കം നടത്തിമാത്രം തുറന്നു വിടുക. ഇതിനായി ശാസ്ത്രീയ പഠനം നടത്തണം. റവന്യൂ വകുപ്പ് നൽകുന്ന നഷ്ടപരിഹാരത്തിന് പുറമെ കെ.എസ്.ഇ.ബി മതിയായ നഷ്ടപരിഹാരം നൽകുക, താഴ്‌വാരത്തുള്ളവരെ പുനരധിവസിപ്പിക്കുവാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ച് പ്രക്ഷോഭം നടത്തുമെന്നും നാട്ടുകാർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ പഞ്ചായത്തംഗം ലേഖ പുരുഷോത്തമൻ, മുൻ അംഗം ടി.കെ. മമ്മൂട്ടി, സംഘടന പ്രതിനിധികളായ കണ്ണാടി മജീദ്, ടി.എച്ച്. ഇബ്രാഹിം ഹാജി, പി.ഒ. നാസർ, കെ.എസ്. പ്രസന്ന കുമാർ, കെ. മൊയ്തു എന്നിവർ പങ്കെടുത്തു. മണ്ണിടിഞ്ഞ് വീടുകൾ തകർന്നു; 21 കുടുംബങ്ങളെ മാറ്റി മാനന്തവാടി: ഉരുള്‍പൊട്ടലിന് സമാനമായി മണ്ണിടിഞ്ഞ് തൃശ്ശിലേരി വില്ലേജിലെ തച്ചറക്കൊല്ലിയിൽ വീടുകള്‍ തകര്‍ന്നു. ഭീഷണി നിലനിൽക്കുന്നതിനാൽ പ്രദേശത്തെ 21 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കഴിഞ്ഞദിവസം രാത്രിയിലാണ് മണ്ണിടിച്ചിലുണ്ടായത്. കല്ലും മണ്ണും വെള്ളവും കുത്തിയൊലിച്ചാണ് വീടുകള്‍ തകർന്നത്. പുലർച്ചയോടെയുണ്ടായ മണ്ണിടിച്ചിലില്‍ കുടുംബങ്ങള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കുട്ടികളെയും എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. കെ.ആര്‍. ശാന്ത, രതീഷ്, ജാനകി, രാജു, കുട്ടായി, നാരായണന്‍, രാജേഷ്, ചന്ദ്രന്‍, രാജീവന്‍, ലീല, ബെന്നി, ബാലന്‍ എന്നിവരുടെ വീടുകള്‍ക്കാണ് കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചത്. ഈ വീടുകള്‍ വാസയോഗ്യമല്ലാതായി. വീടുകള്‍ക്ക് പിറകിലെ കുന്നില്‍ പലസ്ഥലങ്ങളില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. കുന്നിലെ ബംഗളൂരു സ്വദേശിയുടെ തോട്ടത്തിൽ ആറു കുളങ്ങള്‍ നിര്‍മിച്ച് വെള്ളം ശേഖരിച്ചിട്ടുണ്ട്. നൂറുകണക്കിന് നീര്‍ച്ചാലുകളും എടുത്തിട്ടുണ്ട്. ഇതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് കുളങ്ങള്‍ നിര്‍മിച്ചതും ഇവിടേക്ക് റോഡ് വെട്ടിയതും. 30 വര്‍ഷംമുമ്പ് പ്രദേശത്ത് ഉരുള്‍പൊട്ടിയിരുന്നു. അന്ന് പരിശോധന നടത്തിയ ഭൗമശാസ്ത്ര വിദഗ്ധര്‍ ഇവിടെ മണ്ണ് ഇടിച്ചുള്ള വലിയ പ്രവൃത്തികള്‍ നടത്തരുതെന്ന് മുന്നറിയിപ്പ് നല്‍കിയതാണ്. കുടുംബങ്ങളെ തൃശ്ശിലേരി ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കാണ് മാറ്റിയത്. ഒ.ആര്‍. കേളു എം.എൽ.എ, മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ. ഷാജു, തൃശിലേരി വില്ലേജ് ഓഫിസര്‍ ജോബി, തിരുനെല്ലി പഞ്ചായത്ത് പ്രസിഡൻറ് മായാദേവി, പഞ്ചായത്ത് അംഗങ്ങളായ രാധാകൃഷ്ണന്‍, എ.കെ. വിഷ്ണു എന്നിവർ സ്ഥലം സന്ദര്‍ശിച്ചു. ദുരിതാശ്വാസ സ്പെഷൽ ഓഫിസർ ജില്ലയിൽ കൽപറ്റ: മഴക്കെടുതി ദുരിതാശ്വാസ സ്പെഷൽ ഓഫിസർ എം.ജി. രാജമാണിക്യം സിവിൽ സറ്റേഷൻ ആസൂത്രണ ഭവനിലെ സംഭരണ കേന്ദ്രം സന്ദർശിച്ചു. പഴശ്ശി ഹാളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള നിത്യോപയോഗ സാമഗ്രികളുടെ സംഭരണ-വിതരണ കേന്ദ്രം സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. സി.കെ. ശശീന്ദ്രൻ എം.എൽ.എ, ജില്ല കലക്ടർ എ.ആർ. അജയകുമാർ, സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.പി. അബ്ദുൽ ഖാദർ, തഹസിൽദാർമാർ എന്നിവർ ഇദ്ദേഹത്തെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story