Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightന്യൂനപക്ഷ...

ന്യൂനപക്ഷ ക്ഷേമപദ്ധതികളോടുള്ള തണുത്ത പ്രതികരണം

text_fields
bookmark_border
editorial corrected ന്യൂനപക്ഷ ക്ഷേമപദ്ധതികളോടുള്ള തണുത്ത പ്രതികരണം ഇന്ത്യൻ മുസ്ലിംകളുടെ സാമൂഹിക സാമ്പത്തിക അവസ്ഥകളെക്കുറിച്ച് പഠിക്കാൻ മൻമോഹൻ സിങ് സർക്കാറാണ് 2005 മാർച്ച് ഒമ്പതിന് സച്ചാർ കമ്മിറ്റിയെ നിയമിക്കുന്നത്. 20 മാസത്തെ കഠിനപ്രയത്നത്തിനു ശേഷം ജസ്റ്റിസ് സച്ചാറി​െൻറ നേതൃത്വത്തിലുള്ള ഏഴംഗ കമീഷൻ 2006 നവംബർ 30ന് റിപ്പോർട്ട് സമർപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമൂഹത്തി​െൻറ യഥാർഥ ചിത്രം വരച്ചിടുന്ന ആധികാരിക രേഖയെന്ന നിലക്കാണ് റിപ്പോർട്ട് പരിഗണിക്കപ്പെടുന്നത്. പട്ടികജാതിക്കാരെക്കാൾ പിറകിലാണ് മുസ്ലിംകളുടെ സ്ഥാനമെന്ന് ആധികാരികമായി സാക്ഷ്യപ്പെടുത്തുന്നു ആ റിപ്പോർട്ട്. സച്ചാർ കമ്മിറ്റി റിപ്പോർട്ട് മുന്നിൽവെച്ച് കേരളത്തിൽ എന്തു ചെയ്യണമെന്ന് ശിപാർശ ചെയ്യാനായി കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ 2008ൽ പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിശ്ചയിച്ചു. പാലോളി കമ്മിറ്റിയുടെ ശിപാർശകൾ മുന്നിൽവെച്ചാണ് കേരളത്തിലെ ന്യൂനപക്ഷ ക്ഷേമപദ്ധതികൾ മുന്നോട്ടു പോകുന്നത്. പാലോളി കമ്മിറ്റിക്ക് പത്തു വർഷം പൂർത്തിയാവുന്ന ഈ സന്ദർഭത്തിൽ അതി​െൻറ ഫലപ്രാപ്തിയെക്കുറിച്ച് ചർച്ചകൾ പലതലത്തിൽ നടക്കുന്നുണ്ട്. കമ്മിറ്റിയുടെ ശിപാർശകളിൽ ചിലത് നടപ്പാക്കിയിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. പക്ഷേ, സംവരണ അട്ടിമറി, ബാക്ക് ലോഗ് നികത്തൽ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട കമ്മിറ്റി ശിപാർശകൾ നടപ്പാക്കുന്നതിൽ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞ സർക്കാറുകൾക്കൊന്നും സാധിച്ചിട്ടില്ല. പാലോളി കമ്മിറ്റി ശിപാർശകൾ നടപ്പാക്കുന്നതിൽ സർക്കാർ എന്തു ചെയ്യുന്നുവെന്നതിനെക്കുറിച്ച വിമർശനങ്ങൾക്ക് പ്രസക്തിയുണ്ട്. അതേപോലെതന്നെ പ്രധാനമാണ്, നടപ്പാക്കാൻ തീരുമാനിച്ച പദ്ധതികൾ വിജയകരമാക്കുന്നതിൽ ബന്ധപ്പെട്ട സമുദായത്തി​െൻറ ഭാഗത്തു നിന്ന് എന്ത് മുൻകൈകളാണ് ഉണ്ടായിട്ടുള്ളത് എന്ന പരിശോധനയും. പാലോളി കമ്മിറ്റിയുടെ ശിപാർശകളിൽ ഒന്നായിരുന്നു മദ്റസ അധ്യാപകർക്കുള്ള ക്ഷേമനിധി പദ്ധതി. ഇതു സംബന്ധിച്ച കമ്മിറ്റി ശിപാർശ സർക്കാർ തത്ത്വത്തിൽ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ, ഇപ്പോൾ അത് സംബന്ധമായ കണക്കെടുക്കുന്നത് കൗതുകകരമായിരിക്കും. സംസ്ഥാനത്ത് രണ്ടു ലക്ഷത്തിലധികം മദ്റസ അധ്യാപകരുണ്ട്. എന്നാൽ, ഏറ്റവും ഒടുവിലെ കണക്കു പ്രകാരം 17,100 മദ്റസ അധ്യാപകർ മാത്രമാണ് ക്ഷേമനിധിയിൽ അംഗത്വമെടുത്തത്. പെൻഷൻ, വിവാഹ ധനസഹായം, ഭവനവായ്പ, ചികിത്സസഹായം, വനിത അംഗങ്ങൾക്ക് പ്രസവാനുകൂല്യം തുടങ്ങിയ നിരവധി പദ്ധതികളാണ് ക്ഷേമനിധി അംഗങ്ങൾക്കുള്ളത്. എന്നാൽ, ഈ പദ്ധതികളോടെല്ലാം തണുത്ത പ്രതികരണമാണ് ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. മദ്റസ അധ്യാപക ക്ഷേമനിധി പലിശയുമായി ബന്ധപ്പെട്ട് നിൽക്കുന്നു എന്ന കാരണത്താലാണ് ആളുകൾ അതിനോട് താൽപര്യം കാണിക്കാതിരുന്നത് എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, 2011 മുതൽ പൂർണമായും പലിശരഹിതമായി ട്രഷറി മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്. ഇക്കാര്യം മുസ്ലിംസംഘടനകളെയും മദ്റസ ബോർഡുകളെയും സർക്കാർ തെര്യപ്പെടുത്തുകയും ചെയ്തതാണ്. കേരളത്തിലെ മിക്ക മുസ്ലിം സംഘടനകൾക്കും മദ്റസ ബോർഡുകളുണ്ട്. അവയുടെ കീഴിലാണ് മദ്റസകൾ പ്രവർത്തിക്കുന്നത്. അതായത്, വിപുലമായ തൃണമൂല സംഘടന സംവിധാനമുള്ള മതസംഘടനകൾക്ക് ഒന്ന് ഉത്സാഹിച്ചാൽ വിജയിപ്പിക്കാവുന്നത് മാത്രമാണ് ഈ പദ്ധതി. എന്നാൽ, അത് സംഭവിക്കുന്നില്ല എന്നത് വിചിത്രമാണ്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന് ആലോചിക്കുമ്പോൾ മറ്റു ചില യാഥാർഥ്യങ്ങളിലേക്ക് നാം കടക്കേണ്ടി വരും. മദ്റസ അധ്യാപക ക്ഷേമനിധിയുടെ കാര്യത്തിൽ മാത്രമല്ല ഈ തണുത്ത സമീപനം. പ്രവാസികൾക്കും പ്രവാസികളായിരുന്നവർക്കും വേണ്ടി സർക്കാർ രൂപവത്കരിച്ച പ്രവാസി ക്ഷേമനിധിയോടും ഇതേ പ്രതികരണം തന്നെയാണുള്ളത്. ചുരുങ്ങിയത്, 25 ലക്ഷം മലയാളികളെങ്കിലും പ്രവാസികളായി പുറംരാജ്യങ്ങളിൽ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. സംസ്ഥാനത്തിന് പുറത്തു ജോലിചെയ്യുന്ന മലയാളികളുടെ എണ്ണവും ലക്ഷങ്ങൾ വരും. ഇവർ രണ്ടു കൂട്ടർക്കുമായാണ് പ്രവാസി ക്ഷേമനിധി ഏർപ്പെടുത്തിയത്. പ്രവാസികളിൽ മഹാഭൂരിപക്ഷവും ന്യൂനപക്ഷ സമുദായാംഗങ്ങളാണ്. എന്നാൽ, വെറും 2,88,343 പേർ മാത്രമാണ് ഇതിനകം ക്ഷേമനിധിയിൽ അംഗത്വമെടുത്തത്. ഇതിൽ തന്നെ 2,65,031 പേർ മാത്രമാണ് സജീവ അംഗങ്ങളായിട്ടുള്ളത്. പെൻഷൻ, മരണാനന്തര സഹായം, ചികിത്സ സഹായം തുടങ്ങിയ വിവിധ പദ്ധതികൾ ക്ഷേമനിധിക്ക് കീഴിലുണ്ട്. എന്നാൽ, അവ ലഭ്യമാക്കുന്നവരുടെ എണ്ണം തുലോം കുറവാണ്. ന്യൂനപക്ഷ യുവാക്കൾക്ക് മത്സര പരീക്ഷകളിൽ പരിശീലനം നൽകുന്നതിനുവേണ്ടി സ്ഥാപിക്കപ്പെട്ട കേന്ദ്രങ്ങളുടെ പ്രവർത്തനവും വിശകലന വിധേയമാക്കേണ്ടതാണ്. ചില കേന്ദ്രങ്ങൾ സജീവമായി പ്രവർത്തിക്കുമ്പോൾ ചിലയിടങ്ങളിൽ ആവശ്യത്തിന് പരിശീലനാർഥികൾ വരാത്ത അവസ്ഥയുമുണ്ട്. മുസ്ലിം സംഘടനകൾ ആത്മപരിശോധന നടത്തേണ്ട ഘടകങ്ങൾ ഈ കണക്കുകളിലുണ്ട്. സർക്കാർ സംവിധാനങ്ങളോടും ആനുകൂല്യങ്ങളോടും പുറംതിരിഞ്ഞു നിൽക്കുന്ന സമീപനം മുസ്ലിം സമുദായത്തിലുണ്ട്. വിദ്യാഭ്യാസ, തൊഴിൽ രംഗത്തുള്ള അവരുടെ പിന്നാക്കാവസ്ഥക്ക് അതൊരു കാരണവുമാണ്. എന്നാൽ, അത്തരം അവസ്ഥകൾ സമുദായം മറികടന്നുവെന്ന പ്രതീതിയാണ് പൊതുവെയുള്ളത്. എന്നാൽ, അങ്ങനെയല്ല കാര്യങ്ങൾ എന്നാണ് ഇത്തരം ക്ഷേമപദ്ധതികളോടുള്ള പ്രതികരണം കാണിക്കുന്നത്. ക്ഷേമനിധികളിലെ അംഗത്വത്തി​െൻറ എണ്ണം ഇതിലെ ഒരു സൂചകം മാത്രമാണ്. സർക്കാർ സംവിധാനങ്ങളെക്കുറിച്ച അറിവുകേടും അത് ഉപയോഗപ്പെടുത്തുന്നതിലെ അമാന്തവും മറികടക്കുന്നതിൽ സമുദായത്തിന് ഇനിയും സാധിച്ചിട്ടില്ല എന്നത് മുസ്ലിം സംഘടനകൾക്ക് നാണക്കേടാണ്. എല്ലാ കാലവും പ്രവാസത്തെയും സാമൂഹിക സുരക്ഷയില്ലാത്ത തൊഴിൽമേഖലകളെയും മാത്രം ആശ്രയിച്ച് സമുദായ പുരോഗതി നേടിയെടുക്കാൻ സാധിക്കില്ല. കൂടുതൽ ശാസ്ത്രീയമായും ആസൂത്രണത്തോടെയും സമുദായ പുരോഗതിക്കായുള്ള ശ്രമങ്ങളെ സംയോജിപ്പിക്കേണ്ടതുണ്ട്. Blurb എല്ലാ കാലവും പ്രവാസത്തെയും സാമൂഹിക സുരക്ഷയില്ലാത്ത തൊഴിൽമേഖലകളെയും മാത്രം ആശ്രയിച്ച് സമുദായ പുരോഗതി നേടിയെടുക്കാൻ സാധിക്കില്ല
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story