കുറ്റ്യാടി ചൂരണിയിൽ ഉരുൾപൊട്ടൽ: വീടുകൾ ഭീഷണിയിൽ

06:47 AM
10/08/2018
കുറ്റ്യാടി: ചൂരണി-പക്രന്തളം റോഡിൽ ഉരുൾപൊട്ടൽ. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ആളപായമില്ല. ഏതാണ്ട് 50 മീറ്ററോളം മലയിടിഞ്ഞ് മണ്ണും വെള്ളവും താഴോട്ടു പതിച്ചു. സമീപത്തെ പാലക്കാട്ട് ടോമിയുടെ വീടിനു സമീപമാണ് മലയിടിഞ്ഞത്. ടോമിയെ മാറ്റിപ്പാർപ്പിച്ചു. മറ്റ് ചില വീടുകളും ഭീഷണിയിലാണ്. സംഭവസ്ഥലത്തിനു താഴെ തോടുള്ളതിനാൽ മേലെനിന്ന് കുതിച്ചെത്തിയ വെള്ളവും മണ്ണും വഴിമാറി ഒഴുകാതെ അതിലൂടെ ചൂരണി-പട്യാട്ട് പുഴയിലൂടെ ഒഴുകി കുറ്റ്യാടി പുഴയുടെ പോഷകനദിയായ തൊട്ടിൽപാലം പുഴയിലെത്തി. സംഭവത്തെ തുടർന്ന് വ്യാഴാഴ്ച പകൽ തൊട്ടിൽപാലം പുഴയും കുറ്റ്യാടി പുഴയും കരകവിഞ്ഞു. പുഴയോരത്തെ പല താമസക്കാരെയും ഒഴിപ്പിച്ചു. മല വെള്ളം കുതിച്ചുപായുന്നതിനാൽ പുഴയിൽ വൻ ഒഴുക്കാണ്. കുറ്റ്യാടി പുഴയോരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഈ വർഷം മൂന്നാം തവണയാണ് കുറ്റ്യാടിപുഴ കര കവിയുന്നത്.
Loading...
COMMENTS