Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2018 11:35 AM IST Updated On
date_range 3 Aug 2018 11:35 AM ISTദേശീയ രാഷ്ട്രീയത്തിലെ ശുഭവാർത്തകൾ
text_fieldsbookmark_border
Blurb വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങൾ പിന്തുടരുന്ന, അതേ സമയം ജനാധിപത്യത്തിെൻറയും മതേതരത്വത്തിെൻറയും പൊതുമൂല്യങ്ങളിൽ പരസ്പരം യോജിപ്പുള്ള പാർട്ടികൾ സഖ്യം ചേരുകയും മുന്നണിയാവുകയും ചെയ്യുന്നത് ജനാധിപത്യത്തെ കൂടുതൽ ബഹുസ്വരമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും XXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXX XXXXXXXXXXXXXXXXXXXXXXXXXXXXXXXXXXX ഏതാനും മാസങ്ങൾക്കുശേഷം രാജ്യം പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ ദേശീയ രാഷ്ട്രീയം കൂടുതൽ ചടുലമായിക്കൊണ്ടിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പ് രാജ്യത്ത് ഇതുവരെ നടന്ന മറ്റു തെരഞ്ഞെടുപ്പുകളെപ്പോലെയായിരിക്കില്ല എന്ന് ഓർമിപ്പിക്കുന്നവർ നിരവധിയുണ്ട്. 2019ലും ബി.ജെ.പിക്കുതന്നെയാണ് ഭൂരിപക്ഷം കിട്ടുന്നതെങ്കിൽ ഒരു പക്ഷേ, ആ സ്വഭാവത്തിലെ ഇന്ത്യയിലെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും അത് എന്നാണ് അവർ ഓർമപ്പെടുത്തുന്നത്. അതായത്, നിലവിലുള്ള ഭരണഘടന തന്നെ അടിമേൽ മാറ്റിമറിച്ച് തങ്ങളുടെ സിദ്ധാന്തങ്ങൾക്കനുസരിച്ചുള്ള ഒരു ഭരണഘടന രൂപപ്പെടുത്തിയെടുക്കാൻ അത് ബി.ജെ.പിക്ക് അവസരമൊരുക്കും എന്നാണ് അവർ പറയുന്നത്. ലോക്സഭയിലും മൂന്നിൽ രണ്ട് സംസ്ഥാന അസംബ്ലികളിലും ബി.ജെ.പിക്ക് ഇപ്പോൾതന്നെ ഭൂരിപക്ഷമുണ്ട്. ഭരണഘടന ഭേദഗതിയിൽനിന്ന് ബി.ജെ.പിയെ തടയുന്നത് ആവശ്യമായ ഭൂരിപക്ഷം രാജ്യസഭയിലില്ല എന്നതു മാത്രമാണ്. എന്നാൽ, ഏതാനും വർഷങ്ങൾക്കുശേഷം രാജ്യസഭയിൽ അവർക്ക് ഭൂരിപക്ഷമുണ്ടാകും. അപ്പോൾപിന്നെ, അവരെ തടയാൻ ബാക്കിയുള്ള ഏക സ്ഥലം ഇനി വരാൻ പോകുന്ന ലോക്സഭ മാത്രമായിരിക്കും. അതിനാൽ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാഗധേയവുമായി ബന്ധപ്പെട്ട ചരിത്രപരമായ സന്ദർഭമാണ് എന്ന കാര്യത്തിൽ സംശയമില്ല. ശശി തരൂരിനെപ്പോലുള്ള കോൺഗ്രസ് നേതാക്കൾ കുറച്ചു നാളായി ഇതേക്കുറിച്ച് ഗൗരവത്തിൽ സംസാരിക്കുന്നുണ്ട്. സംഘ്പരിവാറിെൻറ രാഷ്ട്രീയമുന്നേറ്റങ്ങൾക്ക് കേവലമായ തെരഞ്ഞെടുപ്പ് വിജയങ്ങൾക്കപ്പുറത്തുള്ള മാനങ്ങളുണ്ടെന്ന ഓർമപ്പെടുത്തലുകൾ മതേതര രാഷ്ട്രീയ കക്ഷികൾ പലപ്പോഴും ഗൗരവത്തിലെടുത്തിരുന്നില്ല. തങ്ങളുടെ സങ്കുചിത നേട്ടങ്ങളിലായിരുന്നു എപ്പോഴും അവരുടെ കണ്ണ്. എന്നാൽ, സാഹചര്യത്തിെൻറ ഗൗരവത്തെ മനസ്സിലാക്കാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നുണ്ടെന്ന ശുഭവാർത്തകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ബി.ജെ.പിക്കെതിരായ വിശാല പ്രതിപക്ഷ സഖ്യത്തിന് മുഖ്യ പ്രതിപക്ഷകക്ഷിയായ കോൺഗ്രസ് തന്നെ മുൻകൈ എടുക്കുന്നുവെന്നതാണ് ഈ വിഷയത്തിലെ ശുഭസൂചകമായ കാര്യം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാർലമെൻറ് അംഗങ്ങളെ സംഭാവന ചെയ്യുന്ന ഉത്തർപ്രദേശിൽ നിന്നുതന്നെ ഇതിെൻറ ആദ്യ ചുവടുകൾ വരുന്നുവെന്നത് ആശാവഹമാണ്. ഫുൽപുർ, ഗോരഖ്പുർ, കൈരാന ഉപതെരഞ്ഞെടുപ്പുകളിൽ ഈ പരീക്ഷണം വിജയിക്കുകയും ബി.ജെ.പി ദയനീയ തോൽവി നേരിടുകയും ചെയ്തതാണ്. പരസ്പരം പോരടിച്ചിരുന്ന എസ്.പി, ബി.എസ്.പി കക്ഷികളും കോൺഗ്രസും രാഷ്ട്രീയ ലോക്ദളുമെല്ലാം ചേർന്ന് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ബി.ജെ.പിയെ നിലംപരിശാക്കാൻ അവർക്ക് സാധിച്ചു. ഈ രാഷ്ട്രീയ ധാരണ 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ഔപചാരിക സഖ്യമെന്ന നിലക്ക് വളർത്തി മുന്നോട്ടുകൊണ്ടുപോകാൻ ബന്ധപ്പെട്ട പാർട്ടികൾ ധാരണയായി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 80 സീറ്റുകളാണ് ഉത്തർപ്രദേശിലുള്ളത്. ഇതിൽ 35 സീറ്റിൽ ബി.എസ്.പി, 32 സീറ്റിൽ എസ്.പി, 10 സീറ്റിൽ കോൺഗ്രസ്, മൂന്ന് സീറ്റിൽ ആർ.എൽ.ഡി എന്നിങ്ങനെയാണ് ഏതാണ്ട് എത്തിയ ധാരണ. സമാനമായ വിശാല സഖ്യങ്ങൾക്കുവേണ്ടിയുള്ള ശ്രമങ്ങൾ മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ എൻ.സി.പിയും കോൺഗ്രസും ബി.എസ്.പിയും ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നതിനെക്കുറിച്ച ആലോചനകളാണ് നടക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും ദലിത് മേഖലകളിൽ ബി.എസ്.പിക്ക് നല്ല സ്വാധീനമുണ്ട്. ഏതു സാഹചര്യത്തിലും ഒറ്റക്ക് മത്സരിക്കുക എന്നത് ഒരു സിദ്ധാന്തംപോലെ കൊണ്ടുനടന്നിരുന്നവരായിരുന്നു ബി.എസ്.പിക്കാർ. എന്നാൽ, രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസുമായി ചേർന്ന് മത്സരിക്കുന്നതിൽ ഇപ്പോൾ ആ പാർട്ടിക്ക് താൽപര്യമുണ്ട്. വിശാല സഖ്യത്തിനുവേണ്ടിയുള്ള ഈ ശ്രമങ്ങൾ വിജയിക്കുകയാണെങ്കിൽ അത് ഇന്ത്യൻ ജനാധിപത്യത്തിന് നൽകുന്ന സംഭാവനകൾ വലുതായിരിക്കും. വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങൾ പിന്തുടരുന്ന, അതേ സമയം ജനാധിപത്യത്തിെൻറയും മതേതരത്വത്തിെൻറയും പൊതുമൂല്യങ്ങളിൽ പരസ്പരം യോജിപ്പുള്ള പാർട്ടികൾ സഖ്യം ചേരുകയും മുന്നണിയാവുകയും ചെയ്യുന്നത് ജനാധിപത്യത്തെ കൂടുതൽ ബഹുസ്വരമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. അതായത്, ഈ വിശാല സഖ്യം യാഥാർഥ്യമാവുകയും അത് അധികാരത്തിലെത്തുകയും ചെയ്യുകയാണെങ്കിൽ അത് ഇന്ത്യൻ ജനാധിപത്യത്തെ മുമ്പുള്ളതിനെക്കാൾ മെച്ചപ്പെട്ട അവസ്ഥയിലെത്തിക്കും എന്ന കാര്യത്തിൽ സംശയമില്ല. പല കാരണങ്ങളാൽ ദേശീയ മുഖ്യധാരയുടെ പുറത്ത് നിർത്തപ്പെട്ട സാമൂഹിക വിഭാഗങ്ങൾക്കും ഭൂമിശാസ്ത്ര മേഖലകൾക്കും പൊതുധാരയിൽ ഇടം നേടിയെടുക്കാൻ അത് സഹായിച്ചേക്കും. ആ നിലയിൽ നോക്കുമ്പോൾ രൂപപ്പെടാനിരിക്കുന്ന വിശാല സഖ്യം ബി.ജെ.പിയെ തോൽപിക്കുക എന്ന കേവല രാഷ്ട്രീയ വിജയത്തിനപ്പുറം നമ്മുടെ ജനാധിപത്യത്തെയും ബഹുസ്വരതയെയും സമ്പന്നമാക്കുന്ന വലിയൊരു മുന്നേറ്റമായി അടയാളപ്പെടുത്തപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story