Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2018 5:56 AM GMT Updated On
date_range 2 Aug 2018 5:56 AM GMTതെരഞ്ഞെടുപ്പിൽ മത്സരിച്ച പൊലീസുകാരന് സസ്പെൻഷൻ; നടപടി വിവാദമാകുന്നു
text_fieldsbookmark_border
* പകപോക്കലെന്ന് ആരോപണം മാനന്തവാടി: അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച പൊലീസുകാരനെ അകാരണമായി സസ്പെൻഡ് ചെയ്തു. പകപോക്കലാണെന്ന് ആരോപണം ശക്തമായതോടെ നടപടി വിവാദമായി. കൽപറ്റ പുത്തൂർ എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ റെജിയെയാണ് കഴിഞ്ഞ ദിവസം ജില്ല പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. സംഭവങ്ങളുടെ തുടക്കം ഇങ്ങനെ: ജൂലൈ മൂന്നിന് ക്യാമ്പിൽ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറ് കാണുന്നതിനിടെ മൂന്നു പൊലീസുകാർ തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിലെത്തി. റെജി ഉൾപ്പെടെയുള്ളവർ ഇവരെ പിടിച്ചുമാറ്റി പ്രശ്നം അവസാനിപ്പിച്ചു. എന്നാൽ, വിഷയം മേലാധികാരികളുടെ ശ്രദ്ധയിൽപെട്ടതോടെ അച്ചടക്കലംഘനത്തിെൻറ പേരിൽ രണ്ടു സി.പി.ഒമാരെ ജൂലൈ അഞ്ചിന് സസ്പെൻഡ് ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐക്ക് താക്കീതും നൽകി. ഇതിനു പിന്നാലെയാണ് അസോസിയേഷൻ തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഭരണാനുകൂല സംഘടന സ്ഥാനാർഥിക്കെതിരെ മുൻ ജില്ല കമ്മിറ്റി അംഗമായ റെജി മത്സര രംഗത്തിറങ്ങി. ഇതോടെ അസോസിയേഷനിലെ ഏതാനും പേർ ഇടപെട്ട് റെജിക്കതിരെ അന്നത്തെ സംഭവത്തിെൻറ പേരിൽ മേലുദ്യോഗസ്ഥരെ സ്വാധീനിക്കുകയും 30ന് സസ്പെൻഷൻ ഉത്തരവിറക്കുകയും ചെയ്തെന്നാണ് ആരോപണം. സംഭവത്തിൽ പങ്കാളിയായ ഭരണാനുകൂല വിഭാഗത്തിലെ പൊലീസുകാരൻ ഇപ്പോഴും സർവിസിൽ തുടരുന്നു. ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തില്ലെന്നും ഒരുവിഭാഗം കുറ്റപ്പെടുത്തുന്നു. ഇയാൾ നിലവിൽ അസോസിയേഷൻ ജില്ല കമ്മിറ്റി അംഗമാണ്. ജില്ല പൊലീസ് മേധാവിയെ ചിലർ തെറ്റിദ്ധരിപ്പിച്ചെന്നാണ് പരാതി. റെജിയുടെ ഭാഗം കേൾക്കാൻപോലും തയാറാകാതെ നടപടിയെടുത്തതിൽ പൊലീസുകാർക്കിടയിൽ അതൃപ്തിയുണ്ട്.
Next Story