Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 11:09 AM IST Updated On
date_range 26 April 2018 11:09 AM ISTനീതിന്യായ സംവിധാനം പൊതു സംവാദത്തിന് വിധേയമാകണം
text_fieldsbookmark_border
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ ചെയ്യാനുള്ള പ്രതിപക്ഷ പ്രമേയം രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു നിരസിക്കുകയും അതിനെതിരെ സുപ്രീംകോടതിയെത്തന്നെ സമീപിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തതോടെ രാജ്യത്തിെൻറ നീതിന്യായ സംവിധാനവും പാർലമെൻററി സംവിധാനവും തമ്മിൽ ഏറ്റുമുട്ടലുണ്ടാവാനും അസാധാരണവും അതീവ സങ്കീർണവുമായ നിയമ പ്രതിസന്ധി സംജാതമാകാനും ഉള്ള സാധ്യതയാണുരുത്തിരിയുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിവിധ ബെഞ്ചുകൾക്ക് കേസുകളനുവദിക്കുന്നതിൽ പുലർത്തുന്ന പക്ഷപാതിത്വം നീതിനിർവഹണത്തിെൻറ വിശ്വാസ്യതാ തകർച്ചക്ക് കാരണമാകുന്നുവെന്ന് വിമർശിച്ചുകൊണ്ട് സുപ്രീംകോടതിയിലെ നാലു മുതിർന്ന ന്യായാധിപന്മാർ നടത്തിയ വാർത്തസമ്മേളനമാണ് ഇംപീച്ച്മെൻറ് നടപടിയിലേക്ക് നയിച്ച പ്രധാന പ്രേരകം. ആ വാർത്തസമ്മേളനത്തിൽ ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങൾ യഥാവിധി പരിഹരിക്കുന്നതിൽ പരാജയപ്പെട്ട ചീഫ് ജസ്റ്റിസിെൻറ തുടർ നടപടികളും പരാതികൾക്ക് കരുത്തുപകരുന്നതും പുതിയ ആരോപണങ്ങൾ ഉൽപാദിപ്പിക്കുന്നവയുമായിരുന്നു. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചീഫ് ജസ്റ്റിസിെൻറ ബെഞ്ചിന് മമ്പാകെ താൻ വാദിക്കില്ലെന്ന് പരസ്യപ്രസ്താവന വരെ പുറപ്പെടുവിക്കുന്നിടത്തോളം കോടതി നടപടികളുടെ സുതാര്യത ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു. വിവിധ ജഡ്ജിമാർക്ക് വ്യത്യസ്ത കേസുകൾ വീതിച്ചുനൽകുന്നതിന് വ്യക്തമായ മാർഗനിർദേശങ്ങൾ വേണമെന്നും ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണം സ്വതന്ത്രമായി പുനരന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ തള്ളിയ െബഞ്ചുകളുടെ അധ്യക്ഷൻ ദീപക് മിശ്രതന്നെയായിരുന്നു. നിഷ്പക്ഷരായ ഭരണഘടന വിദഗ്ധർ ഈ വിധിപ്രസ്താവ്യങ്ങളെ ജുഡീഷ്യറിയുെട വിശ്വാസ്യതയുടെ മരണമണിയായാണ് വിലയിരുത്തിയത്. ഈ സാഹചര്യത്തിൽ രൂപംകൊണ്ട ഇംപീച്ച്മെൻറ് പ്രമേയത്തെ രാജ്യസഭാധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പരാതികളിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിയതിലൂടെ ജുഡീഷ്യറിയുടെ വിശ്വാസ്യതയുടെ വീണ്ടെടുപ്പിന് അടിയന്തരമായി നടക്കേണ്ട സംവാദ സാധ്യതയാണ് കേന്ദ്ര സർക്കാർ കൊട്ടിയടക്കാൻ ശ്രമിക്കുന്നത്. അധികാര ദുർവിനിയോഗം, മെഡിക്കൽ കോഴയിടപാടിലെ ഗൂഢാലോചന തുടങ്ങി അഞ്ച് ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം നൽകിയ പ്രമേയം കോടതി കയറുന്നതിലൂടെ ജുഡീഷ്യറിയുടെയും പാർലമെൻറിെൻറയും അവകാശങ്ങളെക്കുറിച്ചുള്ള സങ്കീർണമായ നിയമ വ്യവഹാരമായി അത് മാറിയേക്കും. രാജ്യത്തിെൻറ ചരിത്രത്തിൽ ആദ്യമായാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണക്ക് വിധേയമാക്കാനുള്ള ശ്രമമുണ്ടാകുന്നത്. സുപ്രീംകോടതിയുടെ സ്വാതന്ത്ര്യത്തിനും നിഷ്പക്ഷതക്കും ഇത്രയും ഇടിവുപറ്റിയ സാഹചര്യവും മുമ്പുണ്ടായിട്ടില്ല. രാഷ്ട്രീയ സമ്മർദങ്ങൾക്കടിപ്പെട്ട് ജഡ്ജിമാരുടെ നിയമനങ്ങൾ വരെ അനന്തമായി നീളുന്നതും ചരിത്രത്തിലാദ്യം. സുപ്രീംകോടതിയുടെ നിലനിൽപ് ഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് കുര്യൻ ജോസഫ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് എഴുതിയ കത്ത് സുപ്രീംകോടതി എത്തിെപ്പട്ട പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നുണ്ട്: ''കൊളീജിയത്തിെൻറ ശിപാർശക്കുമേൽ സർക്കാർ അടയിരിക്കുന്നതിനെക്കുറിച്ച് ജഡ്ജിമാർ പ്രതികരിക്കുന്നില്ലെങ്കിൽ ചരിത്രം മാപ്പുതരില്ല. രണ്ട് ജഡ്ജിമാരുടെയും നിയമനത്തിൽ കേന്ദ്ര സർക്കാർ കൈക്കൊണ്ട നടപടി സ്വമേധയാ കേസാക്കി പരിശോധിക്കാൻ ഏഴംഗ ഭരണഘടന െബഞ്ചുണ്ടാക്കണം. നിശ്ചിത കാലയളവിനു ശേഷം സർക്കാർ നടപടിയില്ലെങ്കിൽ തുടർനടപടിയിലേക്ക് കടക്കുകയാണ് വേണ്ടത്. ഭരണകൂടത്തിന് അതൃപ്തിയുണ്ടാക്കുന്നതൊന്നും ജഡ്ജിമാർ ചെയ്യരുതെന്നും അങ്ങനെ ചെയ്താൽ അവർതന്നെ സഹിക്കേണ്ടിവരുമെന്നുമുള്ള തെറ്റായ സന്ദേശമാണ് കേന്ദ്ര സർക്കാർ നൽകുന്നത്.'' നിലവിലെ നീതിന്യായ സംവിധാനങ്ങളെക്കുറിച്ച് ഗൗരവമുള്ള പൊതു സംവാദത്തിെൻറ അനിവാര്യത ഈ വാക്കുകളിലുണ്ട്. ജസ്റ്റിസ് ജെ. െചലമേശ്വർ പറഞ്ഞതുപോലെ സുപ്രീംകോടതിയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ അടിയന്തരമായി തെറ്റുതിരുത്തൽ പ്രക്രിയ അനിവാര്യമാണ്. ജനാധിപത്യത്തെയും ജുഡീഷ്യറിയെയും സുതാര്യവും നിഷ്പക്ഷവുമാക്കാൻ ഉപകരിക്കുംവിധം ഇംപീച്ച്മെൻറ് പ്രമേയവും കോടതി വ്യവഹാരവും രാഷ്ട്രീയമായി വികസിപ്പിക്കാനുള്ള ശേഷിക്കനുസരിച്ചിരിക്കും സുപ്രീംകോടതിയുടെ സ്വതന്ത്രമായ നിൽപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story