Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 11:14 AM IST Updated On
date_range 22 April 2018 11:14 AM ISTവൈത്തിരി ടൗൺ ഇനി കാമറ നിരീക്ഷണത്തിലാകും
text_fieldsbookmark_border
*പൊലീസും പഞ്ചായത്തും സംഘടനകളും ചേർന്നാണ് പദ്ധതി നടപ്പാക്കുക IMPORTANT വൈത്തിരി: സുരക്ഷ സംവിധാനം വർധിപ്പിക്കുന്നതിെൻറ ഭാഗമായി വൈത്തിരി ടൗണിലെ വിവിധ ഭാഗങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ പൊലീസ് സ്റ്റേഷനിൽ ചേർന്ന വികസന സമിതി ആലോചന യോഗത്തിൽ തീരുമാനമായി. വൈത്തിരി പൊലീസിെൻറ മേൽനോട്ടത്തിൽ പഞ്ചായത്തിെൻറയും വിവിധ സന്നദ്ധ സംഘടനകളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ ആയിരിക്കും കാമറകൾ സ്ഥാപിക്കുക. ട്രാഫിക് ലംഘനം നടത്തിയും അപകടങ്ങളുണ്ടാക്കിയും രക്ഷപ്പെട്ടുപോകുന്ന വാഹനങ്ങളെയും മോഷണം പോലുള്ള കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരെയും കണ്ടെത്തുന്നതിന് കേന്ദ്രീകൃത സംവിധാനമെന്ന നിലയിലാണ് ടൗണിൽ കാമറ സ്ഥാപിക്കുന്നത്. ഇതോടെ രാത്രികാല പട്രോളിങ്ങിൽ ഉൾപ്രദേശങ്ങൾക്കു പ്രാധാന്യം നൽകാൻ കഴിയും. മുഴുസമയ ശ്രദ്ധ ടൗണിൽ നൽകാനും ഇതുകൊണ്ടു കഴിയും. വൈത്തിരി പൊലീസിെൻറ നിയന്ത്രണത്തിൽ പഞ്ചായത്തിെൻറയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് കാമറകൾ സ്ഥാപിക്കുക. കൽപറ്റ ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാമിെൻറ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വൈത്തിരി സി.ഐ അബ്ദുൽ ഷെരീഫ്, എസ്.ഐ രാധാകൃഷ്ണൻ, പഞ്ചായത്ത് വികസന സമിതി ചെയർമാൻ എം.വി. വിജേഷ്, വ്യാപാരി വ്യവസായി പ്രസിഡൻറ് വി.ടി. വർഗീസ്, പഞ്ചായത്ത് മെംബർ സലീം മേമന, പൊലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. SATWDL9 വൈത്തിരി പൊലീസ് സ്റ്റേഷനിൽ ചേർന്ന വികസന സമിതി ആലോചന യോഗത്തിൽനിന്ന് പാമ്പ്രയിൽ തൊഴിൽ പ്രശ്നത്തിന് പരിഹാരമില്ല; തൊഴിലാളികൾ അങ്കലാപ്പിൽ പനമരം: പൂതാടി പഞ്ചായത്തിലെ പാമ്പ്ര സർക്കാർ പ്ലാേൻറഷനിലെ തൊഴിൽ പ്രശ്നത്തിന് പരിഹാരമായില്ല. 15 വർഷമായി തൊഴിലാളികൾ കുടിൽ കെട്ടി സമരം നടത്തുമ്പോൾ പ്രശ്നം എങ്ങനെയെങ്കിലും തീർന്നുകിട്ടിയാൽ മതിയെന്നാണ് ഒരു വിഭാഗം പറയുന്നത്. ഭൂമി പതിച്ചുകിട്ടണമെന്ന് ശക്തമായി വാദിക്കുന്നവരും ഇവിടെയുണ്ട്. ആയിരത്തിലേറെ ഏക്കർ വരുന്ന പാമ്പ്ര കാപ്പിത്തോട്ടം കേരള ഫോറസ്റ്റ് െഡവലപ്മെൻറ് കോർപറേഷെൻറ കീഴിലാണ്. രണ്ടായിരത്തിെൻറ തുടക്കത്തിൽ 150ഓളം തൊഴിലാളികളുമായി തോട്ടം നടത്തിപ്പ് നല്ല നിലയിലായിരുന്നെങ്കിലും പിന്നീട് അവതാളത്തിലായി. തൊഴിലും കൂലിയും ലഭിക്കാതായതോടെ തൊഴിലാളികൾ രണ്ടേക്കർ വീതം വേലികെട്ടിത്തിരിച്ച് കുടിൽ കെട്ടി സമരം തുടങ്ങുകയായിരുന്നു. തൊപ്പിപ്പാറ, മരിയനാട്, വളാഞ്ചേരി, പാപ്ലശ്ശേരി ഭാഗങ്ങളിലാണ് ഇപ്പോൾ സമരം നടക്കുന്നത്. ഇഞ്ചി, വാഴ എന്നിവയൊക്കെയാണ് തൊഴിലാളികൾ കൃഷിയിറക്കിയിട്ടുള്ളത്. കാപ്പി, കുരുമുളക് എന്നിവയും ചിലരുടെ കൈവശസ്ഥലത്തുണ്ട്. പലതവണ വിളവെടുപ്പും നടന്നു. കെ.എഫ്.ഡി.സിക്ക് തോട്ടത്തിൽനിന്ന് ഒരു വരുമാനവും ലഭിക്കുന്നില്ല. ഏതാനും വർഷം മുമ്പ് മരിയനാട് ഭാഗത്ത് ഏതാനും ഏക്കർ ആദിവാസികൾക്ക് പതിച്ചുകൊടുത്തിരുന്നു. തൊഴിലാളികളെ ഒഴിപ്പിച്ചാൽ ആ ഭാഗവും ഭൂമിയില്ലാത്ത ആദിവാസികൾക്ക് കൊടുക്കാമെന്ന് അഭിപ്രായം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം പ്രമുഖ രാഷ്ട്രീയ കക്ഷിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ തൊഴിലാളികളുടെ യോഗം വിളിച്ചു. 140ഓളം തൊഴിലാളികളിൽ പകുതിയോളം പേർ സമരം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അവർക്ക് നഷ്ടപരിഹാരം ലഭിച്ചാൽ മതി. വേലികെട്ടി കൈവശംവെക്കുന്ന ഭൂമിയിൽനിന്ന് നല്ല ആദായം ലഭിക്കുന്നവർക്ക് സമരം മുന്നോട്ടുപോകണമെന്ന ചിന്തയാണെന്നും ആരോപണമുണ്ട്. അതേസമയം, കെ.എഫ്.ഡി.സി അധികൃതർ മുൻകൈയെടുത്ത് ഇതുവരെ ഒത്തുതീർപ്പ് ചർച്ച ഉണ്ടായിട്ടില്ല. സമരസ്ഥലം ഒഴിവാക്കിയാൽ പ്ലാേൻറഷെൻറ പകുതിയോളം ഭാഗം ഇപ്പോൾ വനംപോലെ കിടക്കുകയാണ്. ഒരു വർഷം മുമ്പ് ഇവിടെ കടുവ എത്തിയിരുന്നു. നാട്ടുകാർ സംഘടിച്ച് കാട് വെട്ടാൻ വനംവകുപ്പിനോട് ആവശ്യപ്പെട്ടു. പിന്നീട് തൊഴിലുറപ്പിൽ കാട് വെട്ടി. ആ ഭാഗത്തൊക്കെ വീണ്ടും കാട് വളർന്നിരിക്കുകയാണ്. പാമ്പ്രയിൽ സബ് ജയിൽ സ്ഥാപിക്കാനുള്ള ഒരുക്കം നടക്കുന്നതായി മൂന്നു വർഷം മുമ്പ് വനം ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. അതിനായി ചില നടപടികൾ നടന്നു. പുരോഗതിയൊന്നും ഉണ്ടായില്ല. ദേശീയ റോഡ് സുരക്ഷ വാരാചരണം 23 മുതൽ; വൈവിധ്യമാർന്ന പരിപാടികളുമായി മോട്ടോർ വാഹന വകുപ്പ് കൽപറ്റ: ദേശീയ റോഡ് സുരക്ഷ വാരാചരണത്തിെൻറ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. 'റോഡ് സുരക്ഷ ജീവൻ രക്ഷ' എന്നപേരിൽ ഏപ്രിൽ 23 മുതൽ 30 വരെയാണ് 29ാമത് ദേശീയ റോഡ് സുരക്ഷ വാരാചരണം. റോഡ് സുരക്ഷ ബോധവത്കരണ ബുള്ളറ്റ് റാലി, റോഡ് സുരക്ഷ ക്ലാസുകൾ, സൗജന്യ നേത്രപരിശോധനയും കണ്ണട വിതരണവും, സൗജന്യ മെഡിക്കൽ ക്യാമ്പ്്, ക്വിസ് മത്സരങ്ങൾ, റോഡ് സുരക്ഷ ബോധവത്കരണ വാഹന പരിശോധന, ലഘുലേഖ-പോസ്റ്റർ-ബാനർ പ്രചാരണ പരിപാടികൾ, റോഡ് സുരക്ഷ ബോധവത്കരണ കലാപരിപാടികൾ, ബേസിക് ലൈഫ് സപ്പോർട്ട്- േട്രാമ കെയർ- ഫസ്റ്റ് എയ്ഡ് പരിശീലനങ്ങൾ എന്നിവ നടക്കും. ഐ.എം.എ ഉൾപ്പെടെയുള്ള വിവിധ സംഘടനകളുടെ സഹകരണത്തോടെ 26ന് 'നോ ഹോങ്കിങ്' ദിനാചരണവും നടത്തും. റോഡ് സുരക്ഷ വാരാചരണം ജില്ലതല ഉദ്ഘാടനം 23ന് ഉച്ചക്ക് രണ്ടിന് ആസൂത്രണ ഭവനിലെ എ.പി.ജെ. അബ്ദുൽ കലാം ഹാളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി നിർവഹിക്കും. ജില്ല കലക്ടർ എസ്. സുഹാസ് അധ്യക്ഷത വഹിക്കും. ജില്ല പൊലീസ് മേധാവി ഡോ. അരുൾ ആർ.ബി. കൃഷ്ണ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും ഉദ്യോഗസ്ഥരും പങ്കെടുക്കും. കൽപറ്റ നഗരസഭ ചെയർപേഴ്സൻ സനിത ജഗദീഷ് റോഡ് സുരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ആർ.ടി.ഒ വി. സജിത്ത്, പൊതുമരാമത്ത് വകുപ്പ് (നിരത്ത്) എക്സിക്യൂട്ടിവ് എൻജിനീയർ കെ.എം. ഹരീഷ്, ജില്ല പ്ലാനിങ് ഓഫിസർ ഏലിയാമ്മ നൈനാൻ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം. ബാബുരാജ്, ജില്ല മെഡിക്കൽ ഓഫിസർ പി. ജയേഷ്, ജില്ല മണ്ണ് സംരക്ഷണ ഓഫിസർ പി.യു. ദാസ് എന്നിവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story