ചിത്രൻ നമ്പൂതിരി ഇനി കഥകളിൽ ജീവിക്കും

05:44 AM
17/04/2018
നടുവണ്ണൂർ: ഒരു കാലത്ത് നാടിനെ വിറപ്പിക്കുകയും പിന്നീട് ആ നാടി​െൻറതന്നെ സ്നേഹാദരമേറ്റുവാങ്ങുകയും ചെയ്ത ചിത്രൻ നമ്പൂതിരി (ചിത്രഭാനു-75) യാത്രയായി. നിരവധി മോഷണങ്ങൾ നടത്തിയ ചിത്ര​െൻറ പേരിൽ നിരവധി കേസുകളുമുണ്ടായിരുന്നു. മോഷണക്കുറ്റത്തിന് നീണ്ട ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ഇതിനിടയിൽ വിവാഹം കഴിച്ചെങ്കിലും ഭാര്യ ചിത്രനെ ഉപേക്ഷിച്ചു. തൃക്കുറ്റിശ്ശേരി പാലക്കാട്ടില്ലത്ത് നീലകണ്ഠന്‍ നമ്പൂതിരിയുടെയും ആര്യ അന്തർജനത്തി​െൻറയും മകനായ ചിത്രൻ കൗമാരംതൊേട്ട വഴിതെറ്റിയായിരുന്നു നടത്തം. ചെറുതും വലുതുമായ നിരവധി മോഷണങ്ങളോടെ ചിത്രൻ നാടിന് പേടി സ്വപ്നമായി. മോഷണപരമ്പരകൾ കുടുംബത്തിനും പ്രയാസമുണ്ടാക്കി. പിന്നീട് എല്ലാ ദുഷ്പ്രവർത്തനങ്ങളും നിർത്തി ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് നടന്നു ചിത്രൻ. പൊലീസിനെ വട്ടംകറക്കിയ ഭൂതകാലത്തിൽനിന്ന് പൊലീസുകാരുടെ ഉറ്റമിത്രമായി മാറി ചിത്രൻ. ഒരു കാലത്ത് തൊണ്ടിമുതലും പ്രതിയെയും അന്വേഷിച്ചാണ് പൊലീസ് തൃക്കുറ്റിശ്ശേരി എത്തിയതെങ്കിൽ പിന്നീട് ചിത്ര​െൻറ വിലമതിക്കാനാവാത്ത സേവനത്തിനായിരുന്നു പൊലീസ് എത്തിയത്. ആരും അറയ്ക്കുന്ന അഴുകിയ ശവശരീരങ്ങൾ വെള്ളത്തിൽനിന്ന് പൊക്കിയെടുക്കാൻ പൊലീസ് ആശ്രയിച്ചത് ചിത്രെനയായിരുന്നു. പൂക്കിപ്പറമ്പ് വാഹനാപകടത്തിലെ കത്തിക്കരിഞ്ഞ മൃതദേഹങ്ങളും കടലുണ്ടിയില്‍ വെള്ളത്തിലൊടുങ്ങിയ ദേഹങ്ങളും ചിത്രൻ കൈകളിലേന്തിയിട്ടുണ്ട്. ശവമെടുക്കാന്‍ തുടങ്ങിയതോടെ മോഷണത്തി​െൻറ വഴി ചിത്രന്‍ ഉപേക്ഷിച്ചു. ഒരു നാട് പേടിയോടെ കണ്ട ചിത്രനെ നാട്ടുകാർതന്നെ പൊന്നാടയണിയിച്ച് ആദരിച്ചത് കാലത്തി​െൻറ മറ്റൊരു നിയോഗമായിരുന്നു. തൃക്കുറ്റിശ്ശേരി മഹാദേവ ക്ഷേത്ര കമ്മിറ്റിയായിരുന്നു ചിത്രൻ നമ്പൂതിരിയെ ആദരിച്ചത്. മോഷണം നിർത്തിയ ചിത്രൻ പലപ്പോഴും വീട്ടിൽ ഒറ്റക്കായിരുന്നു. പലരും ഭക്ഷണം നല്‍കാറുണ്ടായിരുന്നു. അച്ഛ​െൻറ ഒരു സഹോദരി മാത്രമായിരുന്നു വീട്ടില്‍ ചിത്രന് കൂട്ട്. കുറച്ച് കാലം മുമ്പ് അവര്‍ മരിച്ചതോടെ തനിച്ചായി. ത​െൻറ ഭൂതകാലത്തോടുള്ള പ്രായശ്ചിത്തമായി മാറിയ ചിത്ര​െൻറ ജീവിതത്തെക്കുറിച്ച് 'വാരാദ്യമാധ്യമ'ത്തിൽ ലേഖനം വന്നിരുന്നു. ഹൃദയത്തിൽ നന്മയുള്ള ആ മനുഷ്യന് അന്തിമോപചാരമർപ്പിക്കാൻ നിരവധി പേർ എത്തിയിരുന്നു.
Loading...
COMMENTS