Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊലീസിൽ വേണ്ടത്​...

പൊലീസിൽ വേണ്ടത്​ അടിസ്ഥാന മാറ്റങ്ങൾ

text_fields
bookmark_border
ആർ.കെ. ജയരാജൻ നിർദേശങ്ങളും ശാസനകളും നിരന്തരം നൽകിയിട്ടും പൊലീസ് പൊതുജനങ്ങളോട് മാന്യമായ രീതിയിൽ പെരുമാറുന്നില്ല എന്ന പരാതി മാറ്റമില്ലാതെ തുടരുകയാണ്. കൂടുതൽ ആക്ഷേപങ്ങൾ ഉയരുന്നത് ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന സബ് ഇൻസ്പെക്ടർ മുതൽ പൊലീസുകാരൻ (സി.പി.ഒ) വരെയുള്ളവർക്കെതിരെയാണ്. ഒരുപക്ഷേ, രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് പരിശീലന കേന്ദ്രങ്ങളിൽ ഒന്നായ തൃശൂർ, രാമവർമപുരം പൊലീസ് അക്കാദമിയിൽനിന്ന് ഉയർന്ന നിലവാരത്തിലുള്ള പരിശീലനം ലഭിച്ച് നിയമിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം ചുരുങ്ങിയ കാലംകൊണ്ടുതന്നെ മോശമാവുന്നു എന്നാണ് പരാതി ഉയരുന്നത്. ‍ പൊതുവിൽ കേൾക്കുന്ന കാരണങ്ങളിൽനിന്ന് വ്യത്യസ്തമാണ് യഥാർഥ വസ്തുതകൾ. സി.പി.ഒ മുതൽ ഡിവൈ.എസ്.പി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ എല്ലാ ദിവസവും രാവിലെ എട്ടിനുതന്നെ സമ്മർദത്തിലാക്കുന്ന 'സാട്ട' (zata) പ്രോഗ്രാം ഇനിയും തുടരേണ്ടതുണ്ടോ എന്നാണ് സംശയമുയരുന്നത്. മൊബൈൽ ഫോൺ ഇല്ലാതിരുന്ന കാലത്ത് കീഴുദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകാൻ ജില്ല പൊലീസ് മേധാവികൾ വയർലെസ് മുഖാന്തരം നടത്തിയ പതിവു പരിപാടിയായിരുന്നു ഇത്. ഫോൺ പോലെയല്ല വയർലെസ്. വയർലെസ് ഘടിപ്പിച്ചിട്ടുള്ള എല്ലാ പൊലീസ് വാഹനങ്ങളിലുമുള്ള ഡ്രൈവർമാർക്കും, സ്റ്റേഷനിലുള്ള മുഴുവൻ പൊലീസുദ്യോഗസ്ഥർക്കും യഥാസമയം അത് ഉച്ചത്തിൽ കേൾക്കാം. തലേദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട പ്രധാനപ്പെട്ട കേസുകളെക്കുറിച്ചും മറ്റുമാണ് ചോദിച്ചറിയുന്നത്. പലപ്പോഴും ഒരു മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ഈ 'സാട്ട' പ്രോഗ്രാം കഴിയുന്നതുവരെ എസ്.ഐ മുതൽ ഡിവൈ.എസ്.പി വരെയുള്ളവർ വയർലെസ് സെറ്റിന് അടുത്തുണ്ടായിരിക്കണം. പ്രചോദനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും പലപ്പോഴും മറ്റുള്ളവർ എസ്.പിയുടെ കടുത്ത നിർദേശങ്ങളും ശകാരങ്ങളും കേൾക്കാനിടവരുന്നത് പൊലീസുദ്യോഗസ്ഥർക്ക് പ്രചോദനത്തേക്കാളുപരി കടുത്ത മാനസിക സമ്മർദമാണുണ്ടാക്കുന്നത്. അത് കീഴുദ്യോഗസ്ഥരിലേക്കും, ഇടപെടുന്ന പൊതുജനങ്ങളിലേക്കും ബാധിക്കുന്നുണ്ട്. എന്തിനാണ് പെറ്റികേസുകൾ എന്ന ചോദ്യം സാധാരണ ഉയരുന്നതാണ്. വാഹനാപകടങ്ങൾ കുറക്കുന്നതിനും ജനങ്ങൾക്ക് സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടി എന്നാണ് ഉത്തരം. ഇപ്പോൾ സംഭവിക്കുന്നതെന്താണ്? കേസിലുൾപ്പെടുന്നത് ഇരുചക്ര വാഹനങ്ങളും ചരക്കു വാഹനങ്ങളും മാത്രം. എണ്ണം തികക്കാൻ എളുപ്പമതാണ്. തർക്കിക്കാതെ ഇക്കൂട്ടർ പിഴയടച്ച് പോകും. ഇതിൽ ആരെയാണ് കുറ്റം പറയേണ്ടത്? പുതിയതായി ചുമതലകൾ ഏൽപിക്കുമ്പോൾ പഴയതൊന്നും കുറയുന്നില്ല എന്നുള്ളതാണ് സത്യം. വെളുത്ത വാവും കറുത്ത വാവും അടയാളപ്പെടുത്തി മോഷണവുമായി ബന്ധപ്പെട്ട രജിസ്റ്റർ ഇനിയും എത്രകാലം കൊണ്ടുനടക്കണം (എസ്.സി.എച്ച് പാർട്ട്-ഒന്ന്). ക്രൈം, ലോ ആൻഡ് ഓർഡർ എന്ന നിലയിൽ പൊലീസ് സേനയെ വിഭജിക്കണമെന്ന സുപ്രീംകോടതി വിധി എന്നാണ് നടപ്പിലാവുക? പൊലീസ് ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാൻ ശാശ്വത പരിഹാരം മാത്രമാണ് ആവശ്യം; കുടം കമഴ്ത്തിവെച്ച് വെള്ളമൊഴിക്കുന്ന രീതികളല്ല. വർഷത്തിൽ ഒരു ദിവസമെങ്കിലും അവധി കിട്ടുമെന്ന് ഒരു പൊലീസുദ്യോഗസ്ഥനും ഉറപ്പില്ലെന്ന് എത്ര പേർക്ക് അറിയാം. മറ്റുള്ളവർ ഓണവും പെരുന്നാളും ആഘോഷിക്കുമ്പോൾ കുടുംബത്തോടൊത്ത് കഴിയാൻ പൊലീസ് സേനയിലുള്ളവർക്ക് കഴിയാതെ പോകുമ്പോൾ അവർ അനുഭവിക്കുന്ന മാനസിക സമ്മർദം അവരുടെ പെരുമാറ്റത്തിൽ പ്രതിഫലിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതല്ലേ? പൊലീസ് സ്റ്റേഷനുകളിൽ മതിയായ സംഖ്യബലം ഉണ്ടെങ്കിലും ദിനവും ഡ്യൂട്ടിക്ക് ലഭിക്കുന്നത് വിരലിലെണ്ണാവുന്നവർ മാത്രമാവും. നാലിലൊന്നു പേർ മറ്റ് പൊലീസ് യൂനിറ്റുകളിൽ അറ്റാച്ച് ചെയ്യപ്പെട്ടവരോ അവധികളിലോ ആയിരിക്കും. ഇതോടെ ഡ്യൂട്ടിയിലുള്ളവരുടെ ജോലിഭാരം ഇരട്ടിക്കുന്നു. അതിന് പുറമെ മൂന്നോ നാലോ ദിവസം കൂടുമ്പോൾ രാത്രി ഡ്യൂട്ടിയും എടുക്കേണ്ടിവരുന്നു. ശബരിമല സീസൺ തുടങ്ങുന്ന നവംബർ മുതൽ ഉത്സവങ്ങൾ അവസാനിക്കുന്ന ഏപ്രിൽ വരെ പലർക്കും ഒന്നിടവിട്ട രാത്രി ഡ്യൂട്ടി ചെയ്യേണ്ടിവരുമ്പോൾ അവർ സ്വന്തം കുടുംബത്തോടും ഇടപെടേണ്ടിവരുന്ന ജനങ്ങളോടും നീതി പുലർത്താൻ കഴിയുമോ? ആരാണ് അവർക്ക് മതിയായ വിശ്രമവും മാന്യമായ മനുഷ്യത്വപരമായ തൊഴിൽ സാഹചര്യങ്ങളും ഒരുക്കേണ്ടത്? വർഷത്തിൽ ചുരുങ്ങിയത് 10 ദിവസമെങ്കിലും 'ഗോൾഡൻ ലീവ്' എന്ന നിലയിൽ അവർ ആവശ്യപ്പെടുന്ന ദിവസങ്ങളിൽ അവധി അനുവദിക്കുകയാണെങ്കിൽ അത് അവരുടെ കുടുംബാംഗങ്ങളോട് കാണിക്കുന്ന കാരുണ്യമായിരിക്കും. ഒരു പ്രമോഷൻ െടസ്റ്റും പാസാകാതെ സർവിസ് കാലയളവ് മാത്രം പരിഗണിച്ച് തോളിൽ നക്ഷത്രവുമായി മറ്റുള്ളവരുടെ മുന്നിൽ നിൽക്കുന്ന ഗ്രേഡ് എസ്.ഐ/ എ.എസ്.ഐ മാർക്ക് അടിയന്തരമായി മതിയായ പരിശീലനം നൽകി പ്രാപ്തരാക്കേണ്ടതും, യോഗ്യത നേടും വരെ യൂനിഫോം ധരിക്കുന്നതിൽനിന്ന് ഒഴിവാക്കേണ്ടതുമാണ്. ക്രിമിനൽ നിയമങ്ങളെക്കുറിച്ചും, രാജ്യത്ത് നിലവിൽ വന്നുകൊണ്ടിരിക്കുന്ന നിയമങ്ങളിലെ ഭേദഗതികളെക്കുറിച്ചും സുപ്രീംകോടതി/ ഹൈകോടതി ഉത്തരവുകളെക്കുറിച്ചും വേണ്ടത്ര അറിവില്ല എന്നത് പൊലീസ് സേനയെക്കുറിച്ച് പൊതുസമൂഹത്തിന് ബഹുമാനക്കുറവുണ്ടാക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. കുറ്റാന്വേഷണം നടത്തി കേസ് ഡയറികൾ കോടതിയിൽ ഹാജരാക്കുന്നതും വിചാരണവേളയിൽ കോടതിയിൽ ഹാജരായി സാക്ഷിമൊഴി നൽകുന്നതും ഐ.പി.എസ് അല്ലാത്തവർ ചെയ്യുന്നത് കേരളത്തിൽ മാത്രമാണ്. സിവിൽ സ്വഭാവമുള്ള പരാതികൾ അന്വേഷിക്കേണ്ടതില്ല എന്ന ഒരു നിലപാട് എടുക്കാൻ കഴിഞ്ഞാൽ ഇന്ന് പൊലീസിന് കേൾക്കേണ്ടിവരുന്ന ചീത്തപ്പേരിന് ഒരു പരിധി വരെ ശമനം കിട്ടും. ഒപ്പം ജോലി ഭാരത്തിനും മാനസിക സമ്മർദത്തിനും മുക്തിയും ലഭിക്കും. പെറ്റി കേസുകൾക്ക് ടാർഗറ്റ് നൽകുന്നത് അവസാനിപ്പിക്കണം. വാഹന പരിശോധനയുടെ പേരിൽ മരത്തി​െൻറ ചുവട്ടിലും വളവുകളിലും, മദ്യപിച്ച് വാഹനമോടിക്കുന്നതു പിടിച്ചതി​െൻറ എണ്ണം തികക്കാൻ ബാറുകളുടെ മുന്നിൽനിന്ന് പെട്ടെന്ന് ചാടിവീണ് കൈകാണിച്ച് പിടികൂടുന്ന രീതിയും ജനങ്ങളിൽ വെറുപ്പുളവാക്കും. അത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കണം. പരിശോധനയുടെ പേരിൽ ബൈക്ക് തടഞ്ഞ് വീഴ്ത്തുകയും, മൂക്കിനിടിക്കുകയും െചയ്യുന്നവരെ സർവിസിൽനിന്ന് മാറ്റിനിർത്തണം. വിശേഷദിനാവധി അടുക്കുമ്പോൾ പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന ഡി.ജി.പിയുടെ സന്ദേശം 'നേരത്തേ അനുവദിക്കപ്പെട്ട അവധികൾ റദ്ദാക്കപ്പെടും' എന്നായിരിക്കും. ഈ സന്ദേശം ലഭിക്കുമ്പോൾ പൊലീസുകാർ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം സമാനതകളില്ലാത്തതാണ്. പൊലീസ് സ്റ്റേഷനുകളിൽ കൂടുതൽ പൊലീസുകാരുടെ സേവനം ആവശ്യമായി വരുമ്പോൾ എസ്.പിയുടെ നിയന്ത്രണത്തിലുള്ള ജില്ല സായുധ സേനാംഗങ്ങളെ(എ.ആർ) നിയോഗിക്കാൻ ഇന്ന് കഴിയുന്നില്ല. ഭൂരിഭാഗം എ.ആർ പൊലീസുകാരും ജയിലിൽനിന്ന് തടവുപുള്ളികളെ വിചാരണ കോടതികളിൽ എത്തിക്കാൻ നിയോഗിക്കപ്പെടുകയാണ്. ജയിലുകളിലെ വിഡിയോ കോൺഫറൻസ് സംവിധാനം ഏർപ്പെടുത്തിയാൽ ഇതിനൊരു പരിഹാരമാവും. അത് എത്രയുംവേഗം കേരളത്തിലെ എല്ലാ ജയിലുകളിലും യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ടതാണ്. പൊലീസ് സ്റ്റേഷനുകളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം. സബ് ഇൻസ്പെക്ടർ സ്റ്റേഷനിലെ പൊലീസുകാരുമൊത്തിരുന്ന് ആ പ്രദേശത്തെ കാര്യങ്ങൾ അവലോകനം ചെയ്യണം. മികച്ച വിദ്യാഭ്യാസമുള്ളവരാണ് പൊലീസുകാർ. പൊലീസ് സ്റ്റേഷനുകളുടെ എണ്ണം കുറയുന്നതാണ് സംസ്കാരത്തി​െൻറ അളവുകോൽ. നമ്മുെട പൊലീസ് എന്ന് അഭിമാനിക്കാൻ കഴിയുന്ന തലത്തിലേക്ക് പൊലീസ് മാറണം. അതിനു വേണ്ടത് അടിസ്ഥാനപരമായ മാറ്റമാണ്. ഫലപ്രദമായ ചർച്ചയിലൂടെ മാത്രമേ ഇത് സാധ്യമാകൂ. (ക്രൈംബ്രാഞ്ച് മുൻ എസ്.പിയും കേരള പൊലീസ് അക്കാദമിയിലെ െഗസ്റ്റ് ഫാക്കൽറ്റിയുമാണ് ലേഖകൻ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story