Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദയാവധം

ദയാവധം

text_fields
bookmark_border
ഡോ. യു. നന്ദകുമാർ ദയാവധത്തെക്കുറിച്ചു നമുക്കൊരു വിധിയുണ്ടായിരിക്കുന്നു. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാെബഞ്ച് ഏതാനും ആഴ്ചകൾക്കു മുമ്പ് പുറപ്പെടുവിച്ച വിധിപ്രസ്താവമാണ് നമ്മെ ദയാവധത്തോടു ഒരു ചുവടുകൂടി അടുപ്പിച്ചത്. റിട്ട് പെറ്റീഷൻ 215/ 2005 എന്ന കേസിൽ അഞ്ചു ജഡ്ജിമാർ നാലു വ്യത്യസ്ത വിധികളാണ് പുറപ്പെടുവിച്ചത്. വിധികൾ പൊതുവിൽ സമാനാഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നുവെങ്കിലും ശ്രദ്ധാപൂർവം വായിക്കുന്നവർക്ക് നടപടിക്രമങ്ങളിൽ പലേടത്തും മാറ്റങ്ങൾ കാണാനാകും. സുദീർഘമായ വിധികളായതിനാൽ ഓരോന്നും വായിച്ചു ഏറ്റവും ഫലവത്തായ പ്രായോഗികമാർഗങ്ങൾ കണ്ടെത്തുന്നതിനും സമയമെടുക്കും എന്നുകരുതണം. ആസന്നമരണാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് തങ്ങളുടെ അന്തിമനാളുകളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനുതകുന്ന മാർഗങ്ങളിൽ ഒന്നായി ചർച്ചചെയ്യപ്പെടുന്നു. ദയയും വധവും എങ്ങനെ ഒന്നിച്ചുകൊണ്ടുപോകും എന്ന ചിന്തപോലും പ്രസക്തമാണ്. തൽക്കാലം കോടതിവിധിയിലൂടെ ജീവിതാന്ത്യചികിത്സയിൽ വന്ന മുന്നേറ്റമെന്താണെന്നു പരിശോധിക്കാം. ജീവിക്കാനുള്ള അവകാശം ഭരണഘടന നമുക്കുതന്നിട്ടുള്ള ഉറപ്പാണ്; എന്നാലത് സമ്പൂർണമായ അവകാശമാണെന്ന് സങ്കൽപിക്കാനാവില്ല. നിയമാനുസരണം ക്രമപ്പെടുത്തിയ മാർഗങ്ങളിലൂടെ ഒരാളി​െൻറ ജീവിതം അവസാനിപ്പിക്കാൻ സ്റ്റേറ്റ് സ്വയം അധികാരപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, വ്യക്തികൾക്ക് തങ്ങളുടെ ജീവിതമവസാനിപ്പിക്കാനുള്ള ശ്രമം ഐ.പി.സി 309ാം വകുപ്പ് പരിമിതപ്പെടുത്തുന്നു. ജീവിതത്തിലെ സർവസ്വാതന്ത്ര്യവും അവസാനിപ്പിക്കാൻ മുതിർന്നു പരാജയപ്പെട്ടാൽ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന ജയിൽ ശിക്ഷയാണ് നിയമം വ്യവസ്ഥചെയ്യുന്നത്. മാനസികാരോഗ്യ നിയമം (2013) ആത്മഹത്യക്കു ശ്രമിക്കുന്നവർ മേനാരോഗികളാണെന്ന അനുമാനം മുന്നോട്ടുെവക്കുന്നു. അപ്പോൾ മരിക്കാൻ ശ്രമിച്ചയാളെ ശിക്ഷിക്കണമെങ്കിൽ അയാൾക്ക് മനോരോഗമില്ലെന്ന തെളിവുണ്ടാകണം. അങ്ങനെ രോഗനിർണയം നിയമത്തി​െൻറ പരിധിയിലും ആരോഗ്യനിർണയം വൈദ്യശാസ്ത്രത്തി​െൻറ പരിധിയിലും വന്നുപെട്ടു. ജീവിതാന്ത്യ ചികിത്സയിൽ വ്യത്യസ്ത നിലപാടുകളുള്ള ഈ രണ്ടു നിയമങ്ങളുടെ സ്വാധീനം പൊരുത്തപ്പെടുത്തേണ്ടതായും വരുന്നു. ജീവിതാന്ത്യത്തിൽ ചികിത്സ വേണ്ടെന്നുവെക്കുന്നതും മരണത്തെ വരിക്കുന്നതുപോലെയാണല്ലോ. സ്വതന്ത്രജീവിതത്തിൽ നിരവധി സാമൂഹികഘടകങ്ങൾ അടങ്ങിയിരിക്കുന്നു. നമുക്ക് പ്രാപ്യമായ മാന്യത, പ്രഭാവം, അന്തസ്സ് എന്നിവ വ്യക്തിത്വത്തി​െൻറയും സ്വത്വത്തി​െൻറയും അടയാളമാക്കുന്നു. അവക്ക് കോട്ടംതട്ടുന്നത് ജീവിക്കാനുള്ള അവകാശം നിയന്ത്രിക്കുന്നതുപോലെതന്നെ. രോഗവും ശാരീരിക പീഡയും മൂലം സ്വാസ്ഥ്യം നഷ്ടപ്പെടുകയും തുടർന്ന് മരണം ശുഭോദർക്കമായി തോന്നുകയും ചെയ്യുമ്പോൾ എന്താണ് നമ്മുടെ മുന്നിലൊരുവഴി? സുഖകരമായ ജീവിതം പ്രാപ്യമല്ലാതായാൽ, അല്ലെങ്കിൽ നിലവിലുള്ള അവസ്ഥയിൽ തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിവില്ലാത്തവിധം രോഗം നമ്മെ കീഴ്പ്പെടുത്തിക്കഴിഞ്ഞാൽ വ്യക്തിത്വത്തെയും സ്വത്വത്തെയും ഹനിക്കുംവിധം ടെക്‌നോളജിയുടെ സഹായത്തിൽ ജീവൻ നിലനിർത്തുക എന്നത് ക്രൂരതയാണെന്ന് നാം തിരിച്ചറിയുന്നു. ഇതിൽ പരിമിതമായ പരിഹാരമായി മാത്രമേ കോടതിവിധിയെ കാണാനാകൂ. രണ്ടു വിധികളാണ് ജീവിതാന്ത്യചികിത്സയുമായി ബന്ധപ്പെട്ടുണ്ടായത്. അനന്തമായ അബോധാവസ്ഥ (Persistent Vegetative State), മസ്തിഷ്കമരണം (Brain Death) എന്നീ അവസ്ഥയിൽപെട്ടവരുടെ ജീവൻരക്ഷായന്ത്രങ്ങൾ പിൻവലിക്കാമെന്നുള്ള 2011ലെ വിധിയാണ് ആദ്യത്തേത്. തിരിച്ചുവരാനില്ലാത്തവിധം രോഗം മൂർച്ഛിച്ചവർക്ക് ഗുണപ്രദമാകുംവിധം മെഡിക്കൽ ടെക്‌നോളജി പരിമിതപ്പെടുത്തി ജീവിതാന്ത്യം ഉറപ്പാക്കാൻ ഇപ്പോഴത്തെ (മാർച്ച്, 2018) വിധി ശ്രമിക്കുന്നു. പൂർണ ആരോഗ്യമുള്ളപ്പോൾതന്നെ വ്യക്തികൾക്ക് വേണമെങ്കിൽ ജീവിതാന്ത്യചികിത്സ എങ്ങനെയാകണം എന്ന് മുൻ‌കൂർ തീരുമാനിക്കാനവസരമൊരുങ്ങുന്നു. ഇത് നടപ്പാക്കുന്നത് 'ജീവിതാന്ത്യ ഇച്ഛാപത്രം' (Living Will) അഥവാ 'മുൻ‌കൂർ ചികിത്സാനിർദേശം' (Advance Medical Directive) എന്നിവ വഴിയാണ്. വ്യക്തി സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുന്ന ജീവിതാന്ത്യ ചികിത്സാനിർദേശമാണെങ്കിലും നടപ്പാക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ അയാൾക്ക് തീരുമാനങ്ങൾ കൈക്കൊള്ളാൻ കെൽപില്ലാത്ത അവസ്ഥയിലാകും. അത്തരം സാഹചര്യങ്ങളിൽ ഇച്ഛാപത്രങ്ങളും മുൻ‌കൂർ നിർദേശങ്ങളും ദുരുപയോഗപ്പെടുത്തുകയില്ല എന്നുറപ്പാക്കാനും കോടതിവിധി ശ്രദ്ധിക്കുന്നു. അതിനാവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അവയും ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. 'ജീവിതാന്ത്യ ഇച്ഛാപത്രം' (Living Will) അഥവാ 'മുൻ‌കൂർ ചികിത്സാനിർദേശം' (Advance Medical Directive) സാക്ഷാത്കരിക്കേണ്ടത് ഏതാണ്ടിപ്രകാരമാണ്. തികഞ്ഞ അറിവോടും മറ്റു പ്രേരണകളില്ലാതെയും ഉത്തമബോധ്യത്തോടും ഒരാൾ എഴുതിസമർപ്പിക്കേണ്ടതാണ് ഈ രേഖ. ഇതിൽ രണ്ടു സാക്ഷികൾ ഒപ്പിട്ടിരിക്കണം. ഇപ്രകാരം തയാറാക്കിയ രേഖ ഇതിനായി നിയുക്തനായ മജിസ്‌ട്രേറ്റിനുമുന്നിൽ സമർപ്പിക്കേണ്ടതുണ്ട്. ജീവൻരക്ഷാ ഉപാധികൾ വിഘടിപ്പിക്കാൻ അനുമതിദാതാവായി മറ്റൊരാളെ നിയോഗിച്ചിരിക്കണം. സ്വന്തം ഇഷ്ടപ്രകാരം ബാഹ്യപ്രേരണകളില്ലാതെ തയാറാക്കിയതെന്ന് ഉറപ്പാക്കിയശേഷം മജിസ്‌ട്രേറ്റ് ഇത് രജിസ്റ്റർ ചെയ്യുകയും ഇതി​െൻറ കമ്പ്യൂട്ടർ കോപ്പികൾ മറ്റിടങ്ങളിൽ അയക്കുകയും ചെയ്യണം. പിൽക്കാലത്തു ഇച്ഛാപത്രം തയാറാക്കിയ വ്യക്തി ജീവിതാന്ത്യചികിത്സയിലെത്തിയാൽ ഇച്ഛാപത്രത്തിലെ ധാരണകൾക്ക് വിധേയമായി അതിനായി നിയോഗിക്കപ്പെട്ട വ്യക്തി ആശുപത്രിയെ സമീപിക്കണം. ചികിത്സിക്കുന്ന ഡോക്ടർ ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരുടെ ബോർഡ് കൂടി മെഷിനുകൾ വിച്ഛേദിക്കണോ വേണ്ടയോ എന്നു സമഗ്രമായ ആലോചനക്കുശേഷം തീരുമാനമെടുക്കും. ഇത് ഒന്നാം ഘട്ടം. അടുത്ത ഘട്ടത്തിൽ ജില്ല കലക്ടർ ജില്ല മെഡിക്കൽ ഓഫിസറുടെ അധ്യക്ഷതയിൽ മറ്റൊരു മെഡിക്കൽ ബോർഡ് നടപ്പാക്കുന്നു. ഇതിൽ 20 വർഷത്തെ പ്രവൃത്തിപരിചയമുള്ള മൂന്നു ഡോക്ടർമാർ അംഗങ്ങൾ ആയിരിക്കും. അവരുടെ തീരുമാനത്തിന് വിധേയമായി മെഷീനുകൾ പിൻവലിക്കാൻ തീരുമാനമാകും. ഏതെങ്കിലും ഘട്ടത്തിൽ തീരുമാനങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായാൽ രോഗിയുടെ ബന്ധുക്കൾക്ക് ഹൈകോടതിയെ സമീപിക്കാവുന്നതാണ്. ജീവൻ രക്ഷാെമഷീനുകൾ വിഘടിപ്പിക്കുന്നതിൽ ഡോക്ടർക്ക് നൈതികമായ എതിർപ്പുണ്ടെങ്കിൽ ആശുപത്രി മറ്റൊരു ഡോക്ടറെ കണ്ടെത്താൻ ബാധ്യസ്ഥമാണ്. ഇനി ഈ നടപടിക്രമം ഇന്ത്യയിൽ എങ്ങനെ പ്രാവർത്തികമാകുമെന്നു പരിശോധിക്കാം. ചികിത്സാനിർദേശപത്രം രജിസ്റ്റർ ചെയ്യുന്നതുമുതൽ അനുതാപമൃത്യു നടപ്പാക്കുംവരെ അനേകവർഷത്തി​െൻറ ഇടവേളയുണ്ടാകും. അതിനിടയിൽ രേഖകൾ രജിസ്റ്റർ ചെയ്യൽ, സൂക്ഷിക്കൽ, വീണ്ടെടുക്കൽ, അയച്ചുകൊടുക്കൽ എന്നിങ്ങനെ നിരവധി കടമ്പകൾ അതിനായി തയാറാക്കിയ ബ്യൂറോക്രസി മൂലമേ സാധ്യമാകൂ. രണ്ടു മെഡിക്കൽ ബോർഡുകൾക്കിടയിലുള്ള കാലതാമസം പോലും ചിന്തിക്കാനാവുന്നതിലും അപ്പുറമായിരിക്കും. ഇരുപതു വർഷത്തെ പ്രവർത്തന പരിചയമുള്ള മൂന്നു സ്പെഷലിസ്റ്റുകൾ ഇപ്പോൾത്തന്നെ ഇന്ത്യയിൽ എത്ര പട്ടണങ്ങളിൽ മണിക്കൂറുകൾക്കുള്ളിൽ ലഭ്യമാകും എന്നറിവില്ല. ഇന്ത്യയിലെ ഇന്നത്തെ സാക്ഷരത 73 ശതമാനമാണ്. അതായത്, 34 കോടി ജനങ്ങൾ അക്ഷരാഭ്യാസമില്ലാത്തതിനാൽ കോടതിവിധിക്കു പുറത്തായിക്കഴിഞ്ഞു. അമേരിക്കൻ ജനസംഖ്യയിലുമധികമാണ് നമ്മുടെ നിരക്ഷരൻ. ഉത്തമബോധ്യത്തിനു അക്ഷരം മാത്രമറിഞ്ഞാൽ പോരല്ലോ. അത് മറ്റൊരുകാര്യം. ഇന്ത്യയിൽ ഇപ്പോൾ പ്രതിവർഷം 84 ലക്ഷം മരണങ്ങൾ സംഭവിക്കുന്നുവെന്നാണ് കണക്ക്. അതിൽ 27 ശതമാനം പേര് മരിക്കുന്നത് ജീവൻ രക്ഷാമാർഗങ്ങൾ ഇല്ലാഞ്ഞുമാത്രമല്ല; ഒരു വൈദ്യസഹായവും ലഭിക്കാതെയാണ്. പ്രത്യേകിച്ച് മുൻ‌കൂർ നിർദേശങ്ങളില്ലാതെ അവർ തങ്ങളുടെ സാഹചര്യങ്ങൾക്ക് വിധേയമായി മരണത്തിലേക്ക് പിൻവാങ്ങുന്നു. ജീവിക്കാൻ താൽപര്യമില്ലാതെ ആത്മഹത്യചെയ്ത 1.35 ലക്ഷം പേര് കൂടി ഇതിൽ ഉൾപ്പെടുന്നു. ജീവിതാന്ത്യത്തെ കുറിച്ച് വ്യത്യസ്ത നിലപാടുകൾ പുലർത്തുന്നവരാണ് നാം എന്നാണ് കണക്കുകൾ കാട്ടുന്നത്. ഇന്ത്യയിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ 90 ശതമാനവും സ്വകാര്യമേഖലയിലാണ്. ഏഴുവർഷം മുമ്പുള്ള പഠനങ്ങൾ കാട്ടുന്നത് 50 ലക്ഷം രോഗികൾക്ക് തീവ്രപരിചരണം നൽകാൻ വെറും 70,000 കിടക്കകൾ മാത്രമാണ് ലഭ്യമായിരുന്നത്. ഇൻഷുറൻസ് പരിരക്ഷ വേണ്ടത്രയില്ലാത്തതിനാൽ ഒരു ഐ.സി.യു ചികിത്സ കഴിയുമ്പോൾ 2.2ശതമാനം പേര് ബി.പി.എൽ നിലയിലേക്ക് കൂപ്പുകുത്തും. ഇത്തരം കണക്കുകൾകൂടി പരിശോധിച്ചാൽ ദയാവധ വിധി നടപ്പാക്കാൻ കഴിയുന്നവർ ചുരുങ്ങും എന്നുകാണാം. രണ്ടു മെഡിക്കൽ ഡോറുകൾ നടത്തിയെടുക്കാനുള്ള കാലവിളംബം, ഡോക്ടർമാരുടെ ചെലവ്, കോടതിച്ചെലവ് എന്നിവ എങ്ങനെകണ്ടെത്തണം എന്നതിൽ വിധി നമുക്ക് പുതിയ അറിവുകൾ നൽകുന്നില്ല. പ്രശ്നസാധ്യതയുള്ള മറ്റൊരാശയമാണ് 'മുൻ‌കൂർ ചികിത്സാനിർദേശം'. ആരോഗ്യമുള്ള ഒരാൾ എല്ലാവശങ്ങളും പഠിച്ചശേഷം സ്വന്തം ഇച്ഛാശക്തിയാൽ ഭാവിയിലൊരിക്കൽ ഐ.സി.യു വിലക്കപ്പെട്ടാൽ വ​െൻറിലേറ്റർ ചികിത്സ വേണ്ട എന്ന് തീരുമാനിക്കുന്നു. അപ്പോളെടുക്കുന്ന തീരുമാനവും പിൽക്കാലത്തു ആരോഗ്യം ക്ഷയിക്കുമ്പോൾ ഉണ്ടാകുന്ന അറിവും വ്യത്യാസപ്പെട്ടതാവുമല്ലോ. എങ്ങനെയാവും നാം മരണത്തെക്കുറിച്ചു തീരുമാനങ്ങൾ എടുക്കുക; ഒന്നര ലക്ഷത്തോളം പേർ ആത്മഹത്യക്കു തയാറാകുന്ന പശ്ചാത്തലത്തിൽ ഇതിനു പ്രസക്തിയുണ്ടെന്ന് കരുതണം. നീന്തലറിയാത്ത ഒരു യുവാവിനെ പൊലീസ് വിരട്ടിയോടിക്കുകയാണെന്നു സങ്കൽപിക്കുക. ഓടിക്ഷീണിക്കുമ്പോൾ അയാൾ ഒരു തടാകത്തിനുമുന്നിലെത്തുന്നു. അയാൾ തടാകത്തിൽ ചാടുകയും മരിക്കുകയും ചെയ്യും. പലപ്പോഴും നടന്നിട്ടുള്ള സംഭവമാണിത്. എന്തായിരിക്കും അയാളുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ച ഘടകങ്ങൾ. സേറ പെറി (2014) എഴുതിയ 'ഓരോ തോട്ടിലും ശ്‌മശാനം കൂടിയാണ്' എന്ന പുസ്തകത്തിൽ നാം മരണത്തെ കാണുന്ന രീതി എത്ര അസ്വാഭാവികതയുള്ളതാണെന്ന് സമർഥിക്കുന്നു. രണ്ടു രീതികളാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ഒന്ന്. ഇപ്പോഴത്തെ അനുകൂലാവസ്ഥയാസ്വദിക്കുക; ഭാവിമെച്ചപ്പെടുമെന്ന വിശ്വാസം ഒരു ചൂത് എന്നപോലെ സങ്കൽപിക്കാം; പരാജയപ്പെട്ടാൽ മരിക്കാമല്ലോ (Gamble). രണ്ട്. ഇപ്പോൾത്തന്നെ അനിശ്ചിതാവസ്ഥയിലാണ് ജീവിതം. എന്നാൽ, പറ്റുംവിധം ജീവിക്കയും ഭാവി മെച്ചപ്പെടുമെന്ന് ആഗ്രഹിക്കയും ചെയ്യാം. പരാജയപ്പെട്ടാൽ മരിക്കാമല്ലോ (Palliate and Wait). അപ്പോൾ എല്ലാം നേർരേഖാചിത്രങ്ങളല്ല എന്നുതോന്നുന്നു. ദയാവധസങ്കൽപത്തിന് ഇനിയെത്ര കടമ്പകൾ കൂടിയുണ്ട്?
Show Full Article
TAGS:LOCAL NEWS 
Next Story