Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightpage6...

page6 കൂ​ത്തു​പ​റ​മ്പി​ൽനി​ന്ന് അ​ഞ്ച​ര​ക്ക​ണ്ടി​യി​ലേ​ക്കു​ള്ള ദൂ​രം

text_fields
bookmark_border
കൂത്തുപറമ്പിൽനിന്ന് അഞ്ചരക്കണ്ടിയിലേക്കുള്ള ദൂരം കണ്ണൂർ അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജ്, പാലക്കാട് കരുണ മെഡിക്കൽ കോളജ് എന്നീ സ്വകാര്യ മെഡിക്കൽ കോളജുകളിലെ 2016-17 ബാച്ചിലെ 149 വിദ്യാർഥികളുടെ പ്രവേശനം ക്രമവത്കരിച്ചുകൊണ്ടുള്ള കേരള സർക്കാറി​െൻറ ഓർഡിനൻസ് തള്ളിക്കൊണ്ടുള്ള വ്യാഴാഴ്ചയിലെ സുപ്രീംകോടതി ഉത്തരവ് സംസ്ഥാന സർക്കാറിനും കോളജ് നടത്തിപ്പുകാർക്കും വലിയ തിരിച്ചടിയാണ്. അപേക്ഷ സ്വീകരിക്കുന്നതിലും റാങ്ക് പട്ടിക തയാറാക്കുന്നതിലും ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പ്രവേശന മേൽനോട്ട സമിതിയായ ജസ്റ്റിസ് ജെയിംസ് കമ്മിറ്റിയാണ് 2016 ആഗസ്റ്റിൽ ഈ കോളജുകളിലെ പ്രവേശനം റദ്ദാക്കിയത്. എന്നാൽ, ഈ വിദ്യാർഥികളുമായി കോളജുകൾ അധ്യയനം തുടരുകയായിരുന്നു. കോളജുകളും വിദ്യാർഥികളും ഹൈകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വിദ്യാർഥികളിൽ ചിലർ സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ കേരള സർക്കാറിനെയും കക്ഷിയാക്കി. സുപ്രീംകോടതിയിൽ ആ കേസ് നിലനിൽക്കെയാണ് 2017 ഒക്ടോബറിൽ പ്രസ്തുത പ്രവേശനത്തെ ക്രമവത്കരിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഓർഡിനൻസ് പുറത്തിറക്കുന്നത്. ഈ ഓർഡിനൻസിനെതിരെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചു. പ്രസ്തുത കേസിലാണ് സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. സുപ്രീംകോടതി വിധി പ്രസ്താവിക്കുന്നതി​െൻറ തലേദിവസം (ഏപ്രിൽ നാല്) സംസ്ഥാന നിയമസഭ പ്രവേശനത്തെ ക്രമവത്കരിച്ചുകൊണ്ട് സംസ്ഥാന നിയമസഭയിൽ ബിൽ അവതരിപ്പിക്കുകയും യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ പാസാക്കുകയും ചെയ്തു. ബില്ലിൽ ഗവർണർ ഒപ്പിട്ടിട്ടില്ല. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗവർണർ ബില്ലിൽ ഒപ്പിടുമോ എന്നത് കാത്തിരുന്നുകാണേണ്ടതാണ്. സ്വാശ്രയ വിദ്യാഭ്യാസം കേരളത്തിൽ എന്നും അങ്ങേയറ്റം സങ്കീർണവും വൈകാരികവുമായ വിഷയമാണ്. ഇതിനെ ഇങ്ങനെ വൈകാരിക തീവ്രമാക്കുന്നതിൽ ഏറ്റവും വലിയ പങ്ക് ഇടതുപക്ഷത്തിേൻറതാണ്. പൊതുമേഖലയുടെ വക്താക്കളായ ഇടതുപക്ഷം ആശയപരമായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരാണ്. യു.ഡി.എഫ് അധികാരത്തിലിരിക്കുന്ന കാലത്തെല്ലാം സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നമുയർത്തി രക്തപങ്കിലമായ സമരങ്ങൾക്ക് ഇടതുപക്ഷം നേതൃത്വം നൽകിയിട്ടുണ്ട്. അത്തരം സമരങ്ങളുടെ ഭാഗമായാണ് 1994 നവംബർ 25ന് കൂത്തുപറമ്പ് വെടിവെപ്പ് ഉണ്ടാവുന്നതും അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെടുന്നതും. അന്ന് വെടിവെപ്പിൽ പരിക്കേറ്റ് ശരീരമാസകലം തകർന്ന് ഇപ്പോഴും ശയ്യാവലംബിയായി കഴിയുന്ന പുഷ്പൻ എന്ന പ്രവർത്തകൻ സി.പി.എമ്മി​െൻറ പ്രചാരണ ബിംബമാണ്. ഗൂഗ്ൾ മാപി​െൻറ കണക്കനുസരിച്ച് കൂത്തുപറമ്പിൽനിന്ന് അഞ്ചരക്കണ്ടിയിലേക്ക് 13 കിലോമീറ്റർ ദൂരമേ ഉള്ളൂ. എന്നാൽ, ഇടതുപക്ഷ പ്രസ്ഥാനം സ്വാശ്രയ വിഷയത്തിൽ നടന്നുതീർത്ത ദൂരം അളന്നുകണക്കാക്കാൻ പറ്റാത്തതാണ്. സ്വാശ്രയ പ്രശ്നമുയർത്തി തെരുവുകളിലും കാമ്പസുകളിലും രക്തമൊഴുക്കിയ അവർ പിന്നീട് സ്വന്തം നിലക്ക് സ്വാശ്രയ കോളജുകൾ വ്യാപകമായി തുടങ്ങുന്ന കാഴ്ചയാണ് കേരളം കണ്ടത്. അത്തരം നീക്കങ്ങളുടെ തുടർച്ചയായാണ് ക്രമക്കേട് നടത്തിയ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള അസാധാരണ നീക്കങ്ങളെ കാണേണ്ടത്. അവസരവാദപരമായ ആ നിലപാടിനാണ് ഇപ്പോൾ സുപ്രീംകോടതിയുടെ പ്രഹരമേറ്റിരിക്കുന്നത്. പൊതുമേഖല മഹത്തരവും സ്വകാര്യമേഖല മോശവുമെന്ന ഗൃഹാതുര നിലപാട് തത്ത്വത്തിലെങ്കിലും ഇടതുപക്ഷം ഉപേക്ഷിച്ചിട്ടില്ല. പ്രതിപക്ഷത്തായിരിക്കുമ്പോൾ എതിർക്കുക, ഭരണപക്ഷത്താവുമ്പോൾ നടത്തിപ്പുകാരാവുക എന്ന അവസരവാദ നിലപാടാണ് അവർ സ്വീകരിക്കാറ്. ഉത്തരവാദിത്തബോധവും സാമൂഹിക പ്രതിബദ്ധതയും ഗുണനിലവാരവുമുള്ള സ്വകാര്യ വിദ്യാഭ്യാസ സംവിധാനം ഈ വിവാദങ്ങൾക്കിടയിൽ നമുക്ക് നഷ്ടപ്പെടുകയായിരുന്നു. രാഷ്ട്രീയ സ്വാർഥതകൾ മാറ്റിവെച്ച് അൽപംകൂടി മെച്ചപ്പെട്ട സ്വകാര്യ വിദ്യാഭ്യാസ സംവിധാനത്തിനുവേണ്ടി പണിയെടുക്കുകയായിരുന്നു അവർ ചെയ്യേണ്ടിയിരുന്നത്. എന്നാൽ, കരുണ, കണ്ണൂർ മെഡിക്കൽ കോളജുകളുടെ കാര്യത്തിൽ അതല്ല ഉണ്ടായത്. കഴുത്തറപ്പൻ കച്ചവടം മാത്രം മുന്നിൽ കണ്ട് അവർ നടത്തിയ വഴിവിട്ട നീക്കങ്ങളെ സാധൂകരിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. പ്രതിപക്ഷത്തുള്ള യു.ഡി.എഫും ബി.ജെ.പിയും അതിനെ പിന്തുണച്ചത് അതിനേക്കാൾ വിചിത്രമായ കാര്യം. വൻതുക കൊടുത്ത് പ്രവേശനം നേടി, മൂന്നു വർഷത്തോളമായി പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികളുടെ പ്രശ്നം മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരമൊരു നിയമനിർമാണം എന്നാണ് സർക്കാർ അനുകൂലികൾ പറയുന്നത്. വിദ്യാർഥികളുടെ കാര്യം വിഷമമുണ്ടാക്കുന്നതാണ് എന്നത് യാഥാർഥ്യം തന്നെയാണ്. എന്നാൽ, രണ്ടു സ്ഥാപനങ്ങളുടെ തെറ്റായ നടപടിയെ സാധൂകരിച്ച് കൊണ്ടല്ല വിദ്യാർഥികളെ രക്ഷിക്കേണ്ടത്. വിദ്യാർഥികൾക്ക് അർഹമായ നഷ്ടപരിഹാരം കോളജ് മാനേജ്മ​െൻറിൽ നിന്ന് മേടിച്ചുകൊടുക്കാനുള്ള നടപടികൾക്ക് സർക്കാർ മുൻകൈ എടുക്കുകയാണ് വേണ്ടത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി മാത്രം ആത്യന്തികമായ നിലപാടുകൾ സ്വീകരിച്ചാൽ അവ പിന്നീട് തിരിഞ്ഞുകുത്തുമെന്ന പാഠമാണ് സ്വാശ്രയ വിഷയത്തിലെ തിരിച്ചടികൾ ഇടതുപക്ഷത്തിന് നൽകുന്നത്. വിദ്യാഭ്യാസ കച്ചവടക്കാരെ പരിലാളിക്കുന്ന കാര്യത്തിൽ ഇടതും വലതുമെല്ലാം ഒരേ പക്ഷക്കാരാണെന്ന സത്യം നാട്ടുകാർക്ക് നല്ലപോലെ വ്യക്തമായി കിട്ടാൻ ഈ വിവാദം ഉപകരിക്കുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story