Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sept 2017 11:17 AM IST Updated On
date_range 9 Sept 2017 11:17 AM ISTഭവനം ഹരിതാഭമാക്കാൻ 'നേർക്കാഴ്ച'
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാന സർക്കാറിെൻറ ഹരിതകേരളം പദ്ധതിയുടെ ചുവടുപിടിച്ച് പരിസ്ഥിതി സൗഹൃദ ഗൃഹോപകരണങ്ങളുടെയും ആധുനിക കാർഷിക രീതികളുടെയും ഉറവിട മാലിന്യ സംസ്കരണ രീതികളുടെയും പ്രദർശനവും വിൽപനയുമായി വൈഭവ് മേളയിൽ 'നേർക്കാഴ്ച'യും. കോർപറേഷൻ കുടുംബശ്രീക്കു കീഴിൽ സ്വപ്നനഗരിയിൽ നടന്നുവരുന്ന വൈഭവ് 2017ലാണ് നേർക്കാഴ്ച എന്നപേരിൽ ഹരിതഭവനം പ്രദർശനം നടക്കുന്നത്. നഗരത്തിലെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന കൃഷിരീതികളായ അക്വാപോണിക്, ഹൈഡ്രോപോണിക്, വെർട്ടിക്കൽ ഗാർഡനിങ്, വിക് ഇറിഗേഷൻ, ടെറസ് ഗാർഡനിങ് എന്നിവ പരിചയപ്പെടുത്തുന്ന കാർഷിക പ്രദർശനം, വാട്ടർ അതോറിറ്റി മുൻ ജീവനക്കാരനായ ഇസ്മയിൽ കുട്ടി കൂളിമാട് തയാറാക്കിയ ഇന്ധനച്ചെലവില്ലാതെ പുഴയിലെയും കുഴൽക്കിണറിലെയുമെല്ലാം വെള്ളം ശുദ്ധീകരിക്കുന്ന 15,000 രൂപയുടെ വാട്ടർ പ്യൂരിഫയർ സംവിധാനം മുതൽ മൺകല കമ്പോസ്റ്റ്, ഈസിബിൻ തുടങ്ങിയവ പരിചയപ്പെടുത്തുന്ന ഉറവിടമാലിന്യ സംസ്കരണ സ്റ്റാൾ, പാഴ്വസ്തുക്കളായ പാള, ചില്ല്, ഡിസ്പോസിബ്ൾ ഗ്ലാസ്, വൈക്കോൽ, തുടങ്ങിയവകൊണ്ടു നിർമിച്ച മനോഹരമായ ഉൽപന്നങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവയുടെ പ്രദർശനം തുടങ്ങിയവ േനർക്കാഴ്ചയിലുണ്ട്. അഞ്ചുദിവസം വരെ പച്ചക്കറികൾ കേടുകൂടാതെ സൂക്ഷിക്കാവുന്ന മൺഫ്രിഡ്ജ്, മണ്ണുകൊണ്ടുള്ള കുക്കർ, തവ, കാസറോൾ, ജഗ് തുടങ്ങിയവ വിൽപനക്കുവെച്ച ഗ്രീൻഷോപ്പിയും പ്രദർശനത്തിലെ ആകർഷണമാണ്. തീപിടിത്തം പോലുള്ള അപകടങ്ങളുണ്ടാവുമ്പോൾ പ്രതിരോധിക്കുന്ന മാർഗങ്ങൾ പരിചയപ്പെടുത്തുന്ന ബീച്ച് ഫയർഫോഴ്സ് യൂനിറ്റിെൻറ സ്റ്റാൾ, മോട്ടോർ വാഹനവകുപ്പ്, സോഷ്യൽ ഫോറസ്ട്രി, പി.ആർ.ഡി, ശുചിത്വമിഷൻ തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളുകളുമുണ്ട്. പ്രദർശനോദ്ഘാടനം ആരോഗ്യവകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ബാബുരാജ് നിർവഹിച്ചു. കുടുംബശ്രീ മെംബർ സെക്രട്ടറി എം.വി. റംസി ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഗ്രീൻ കെയർ മിഷൻ ചെയർമാൻ കെ.ടി.എ. നാസർ, യൂനുസ് താത്തൂർ, കൃപ വാര്യർ, കെ. ബീന, പ്രമീള ദേവദാസ്, കെ. സന്ദീപ് എന്നിവർ സംസാരിച്ചു. പി.പി. ഷീജ സ്വാഗതവും ടി. സുനിത നന്ദിയും പറഞ്ഞു. വൈഭവ് പ്രദർശനവും നേർക്കാഴ്ചയും ഞായറാഴ്ച സമാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story