Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 2:11 PM IST Updated On
date_range 6 Sept 2017 2:11 PM ISTകാൽമുട്ട് ശസ്ത്രക്രിയ കൃത്രിമഘടകങ്ങളുടെ പുതുക്കിയ വില പുറത്തുവിടാൻ മടിച്ച് ആശുപത്രികൾ
text_fieldsbookmark_border
കോഴിക്കോട്: കാൽമുട്ട് ശസ്ത്രക്രിയക്കുള്ള കൃത്രിമഘടകങ്ങളുടെ (ഒാർതോപീഡിക് ഇംപ്ലാൻറ്) വിലവിവരം വെബ്സൈറ്റിൽ വെളിപ്പെടുത്താതെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ. ദേശീയ ഒൗഷധവില നിയന്ത്രണ സമിതി കഴിഞ്ഞ മാസം 16ന് ഒാർതോപീഡിക് ഇംപ്ലാൻറുകളുടെ വില 70 ശതമാനം വരെ കുറക്കാൻ തീരുമാനിച്ചിരുന്നു. ഒന്നര മുതൽ രണ്ടു ലക്ഷം വരെയുള്ള ചില ഉപകരണങ്ങൾക്ക് അരലക്ഷം രൂപ വരെയായി വിലകുറച്ചിരുന്നു. രാജ്യത്തെ മുഴുവൻ ആശുപത്രികളും ഇവയുടെ വില മൂന്നു ദിവസത്തിനകം തങ്ങളുടെ വെബ്സൈറ്റിെൻറ മുഖപേജിൽതന്നെ പ്രസിദ്ധീകരിക്കണെമന്ന് ഒൗഷധ വില നിയന്ത്രണ സമിതി കഴിഞ്ഞ മാസം 25ന് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ബ്രാൻഡ് നെയിം, കമ്പനിയുടെ പേര്, വില എന്നിവ പ്രസിദ്ധീകരിക്കണെമന്നായിരുന്നു നിർദേശം. വില കുറച്ച വിവരം രോഗികൾക്ക് വ്യക്തമായി അറിയാൻ വേണ്ടിയാണിത്. എന്നാൽ, സംസ്ഥാനത്ത് വിരലിലെണ്ണാവുന്ന സ്വകാര്യ ആശുപത്രികൾ മാത്രമാണ് വില പുറത്തുവിട്ടത്. ഏറ്റവും കൂടുതൽ ശസ്ത്രക്രിയ നടത്തുന്ന കൊച്ചിയിലെ പ്രമുഖ ആശുപത്രിയടക്കമുള്ളവയാണ് കേന്ദ്ര സർക്കാറിെൻറ നിർദേശത്തിന് പുല്ലുവില കൽപിക്കുന്നത്. മുഖപേജിൽ വിലവിവരം നൽകാതെ ഒളിച്ചുകളിക്കുന്ന ആശുപത്രികളും സംസ്ഥാനത്തുണ്ട്. സർക്കാർ ആശുപത്രികളിലെ ശസ്ത്രക്രിയക്കുള്ള കൃത്രിമഘടകങ്ങൾ മിക്കവയും രോഗികൾ വിപണിയിൽനിന്നാണ് വാങ്ങുന്നത്. സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയക്കുള്ള ഇംപ്ലാൻറുകൾ അവിടെനിന്നുതന്നെ വാങ്ങുന്നതാണ് പതിവ്. പുതുക്കിയ വിലയും മറ്റു വിവരങ്ങളും, വിതരണക്കാരും ഡീലർമാരും ആശുപത്രികളും ഉപഭോക്താക്കൾക്ക് കാണാവുന്ന തരത്തിൽ അതത് സ്ഥാപനത്തിൽ പ്രദർശിപ്പിക്കണമെന്ന് ആഗസ്റ്റ് 16ന് ഇറക്കിയ ഉത്തരവിൽ വിലനിയന്ത്രണസമിതി നിർദേശിച്ചതും പാലിക്കുന്നില്ല. സംസ്ഥാന ഡ്രഗ്സ് കൺട്രോളർ ഇൗ നിയമലംഘനം കണ്ടില്ലെന്നു നടിക്കുകയാണ്. ഡൽഹിയിലേതടക്കം രാജ്യത്തെ അതിപ്രശസ്തമായ സ്വകാര്യ ആശുപത്രികളുടെ വെബ്സൈറ്റിൽ വിലവിവരം കൃത്യമായി നൽകിയിട്ടുമുണ്ട്. ഹൃദ്രോഗചികിത്സക്കുള്ള സ്റ്റെൻറുകളുടെ വിലയും വെബ്സൈറ്റിൽ ഇടാൻ സംസ്ഥാനത്തെ ആശുപത്രികൾ മടികാണിച്ചിരുന്നു. വില പ്രസിദ്ധീകരിക്കാത്ത ആശുപത്രികൾക്കെതിരെ ഒൗഷധവില നിയന്ത്രണ സമിതി ശക്തമായി ഇടപെടാനൊരുങ്ങുകയാണ്. 1955ലെ അവശ്യവസ്തു നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി രാജ്യത്താകമാനം 40 ആശുപത്രികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഒരാഴ്ചക്കകം തൃപ്തികരമായ വിശദീകരണം നൽകണം. കേരളത്തിലെ ആശുപത്രികൾക്കും ഉടൻ നോട്ടീസ് അയക്കും. സി.പി. ബിനീഷ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story