Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗുജറാത്തിലെ...

ഗുജറാത്തിലെ 'വികസനദുരന്തങ്ങൾ'

text_fields
bookmark_border
അത്യാവശ്യ ചികിത്സ ലഭിക്കാതെ മൂന്നു നാളുകൾക്കുള്ളിൽ 61ഉം ഒരു മാസത്തിൽ മാത്രം 290ഉം കുഞ്ഞുങ്ങൾ കൂട്ടമരണത്തിനിരയായ ഉത്തർപ്രദേശിലെ ഗോരഖ്പുർ ബി.ആർ.ഡി മെഡിക്കൽ കോളജിലെ ആഗസ്റ്റ് ദുരന്തത്തിനു രണ്ടുമാസം തികയുേമ്പാഴേക്കും സമാനസ്വഭാവത്തിലുള്ള ശിശുമരണ വാർത്ത ഗുജറാത്തിൽനിന്നു പുറത്തുവന്നിരിക്കുന്നു. ഏഷ്യയിലെ ഏറ്റവും വലിയ പൊതുമേഖല ആശുപത്രിയായ അഹ്മദാബാദ് സിവിൽ ആശുപത്രിയിൽ കഴിഞ്ഞ മൂന്നു ദിവസത്തിനകം 18 കുഞ്ഞുങ്ങൾ മരണപ്പെട്ടു. ഇതിൽ ഒമ്പതും ശനിയാഴ്ച നേരം പുലർന്ന ശേഷമുള്ള ആറു മണിക്കൂറിനകത്തായിരുന്നു. മരിച്ച കുഞ്ഞുങ്ങളിൽ പകുതിയും നേരിട്ട് അഡ്മിറ്റ് ചെയ്യപ്പെട്ടവർ. പകുതി മറ്റു ആശുപത്രികളിൽ നിന്നു റഫർ ചെയ്യപ്പെട്ടവരും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആർ.കെ. ദീക്ഷിതി​െൻറ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. മരുന്നില്ലായ്മയോ, ചികിത്സ കിട്ടായ്കയോ, ആശുപത്രിയിലെ സൗകര്യക്കുറവോ മരണത്തിന് കാരണമായിട്ടില്ലെന്നാണ് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ വിശദീകരണം. ആശുപത്രി സൂപ്രണ്ട് ഡോ. എം.എം. പ്രഭാകർ ശനിയാഴ്ച വൈകീട്ടുവരെ വാർത്ത നിഷേധിച്ച ശേഷമാണ് സ്ഥിരീകരണത്തിനു തയാറായത്- ദിനേനെ അഞ്ചും ആറും നവജാത ശിശുക്കൾ മരിക്കുന്നത് പതിവായ ആശുപത്രിയിൽ ഇതൊരു നേരിയ വർധന മാത്രമാണെന്ന ആശ്വാസത്തോടെ. വിദൂരദിക്കുകളിൽനിന്ന് അഹ്മദാബാദ് ആശുപത്രിയിലെത്തിച്ച കുഞ്ഞുങ്ങൾക്ക് അസാധാരണ തൂക്കക്കുറവും മറ്റു പ്രശ്നങ്ങളും നേരത്തേയുണ്ടായിരുന്നെന്നുമൊക്കെയുള്ള ന്യായവും ആശുപത്രി അധികൃതർക്കുണ്ട്. സംഭവത്തി​െൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തിറങ്ങി. മോദിയുടെ സ്വന്തം നാട്ടിലെ സ്വന്തം ഭരണകൂടത്തി​െൻറ കെടുകാര്യസ്ഥതയാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിനിടയാക്കിയതെന്നാണ് അവരുടെ ആരോപണം. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള മുതലെടുപ്പിന് പ്രതിപക്ഷം ശ്രമിക്കുക സ്വാഭാവികം. എന്നാൽ, അഹ്മദാബാദ് സംഭവത്തെക്കുറിച്ച് ലഭിക്കുന്ന റിപ്പോർട്ടുകൾ സംസ്ഥാനത്തെ ബി.ജെ.പി സർക്കാറി​െൻറ ഭരണമികവിനെക്കുറിച്ച അവകാശവാദങ്ങളെ എല്ലാം അപ്രസക്തമാക്കുന്നുണ്ട്. കൂട്ട ശിശുമരണത്തിൽനിന്ന് കൈകഴുകാൻ ആശുപത്രി സൂപ്രണ്ട് നടത്തിയ പ്രസ്താവന തന്നെ ആരോഗ്യസുരക്ഷയുടെ കാര്യത്തിൽ സർക്കാർ പരാജയമാണെന്നു വ്യക്തമാക്കുന്നു. ഗുജറാത്ത് ഇത്രകാലം ഭരിച്ച് ആ ഭരണത്തിലെ വികസനമികവ് ഘോഷിച്ച് പ്രധാനമന്ത്രി പദം പിടിച്ച നരേന്ദ്ര മോദിയുടെയും പിൻഗാമികളുടെയും ഭരണത്തിൽ ഗുജറാത്ത് മാനവവികസന സൂചികകളിൽ മുന്നോട്ടല്ല, പിറകോട്ടാണ് പോയത്. 'വികാസ് ഗാണ്ടോ തായ് ചെ (വികസനവ്യഗ്രത ഗുജറാത്തിനെ ഭ്രാന്തമാക്കുന്നു) എന്ന ബി.ജെ.പി മുദ്രാവാക്യത്തെ മോദിയെയും ബി.ജെ.പിയെയും അടിക്കാനുള്ള വടിയായി ന്യൂജെൻ പാരഡിയെഴുത്തുകാർ തിരിച്ചുപയോഗിച്ചത്, അത് ഗുജറാത്തുകാരെ മുഴുവൻ ഭ്രാന്തരാക്കുന്നു എന്ന അർഥം നൽകിയാണ്. അതിനെ ശരിവെക്കും വിധമാണ് കാര്യങ്ങളെന്ന് അഹ്മദാബാദ് ദുരന്തത്തെ തുടർന്നുള്ള അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നു. മോദിയുടെ മൂന്ന് ഉൗഴവും തുടർന്നുവന്ന പിൻഗാമികളും അദാനിയെയും അംബാനിയെയും സമാനസമ്പദ്സമൃദ്ധരെയുമാണ് കടാക്ഷിച്ചതും അവർക്കുവേണ്ട വികസനമാണ് കൊണ്ടുവന്നതും. സാധാരണ പൗരന്മാരിലേക്ക് വികസനപരിപാടികളൊന്നും ചെന്നെത്തിയിട്ടില്ല. അതിനെ മറച്ചുപിടിക്കാൻ തെരഞ്ഞെടുപ്പ് കമീഷ​െൻറ വായ്പൊത്തി വികസനപദ്ധതികളുടെ പ്രഖ്യാപനപ്പെരുമഴപ്പെയ്ത്തുമായി മോദി ഗുജറാത്തിൽ തലങ്ങും വിലങ്ങും പാഞ്ഞു നടക്കുന്നതിനിടെയാണ് കൂട്ട ശിശുമരണവാർത്ത. വായ്ത്താരിക്കപ്പുറമൊന്നും വികസനവിഷയത്തിൽ ഗുജറാത്തിൽ നടന്നിട്ടില്ലെന്നതി​െൻറ കൃത്യമായ സൂചനയായി കൂട്ട ശിശുമരണം. ശിശുമരണ നിരക്കിൽ അടുത്തകാലത്തായി ഗുജറാത്ത് ഭേദെപ്പട്ടുവന്നത് ദേശീയ ശരാശരിക്ക് അനുരോധമായാണ്. കേരളത്തി​െൻറയും തമിഴ്നാടി​െൻറയുമൊക്കെ ഏറെ പിറകിലായിരുന്നു അത്. എന്നാൽ, 2015ൽ ആദിവാസി കുട്ടികൾക്കിടയിലെ ശിശുമരണം കൂടുതലുള്ള രാജ്യത്തെ അഞ്ചാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. ദേശീയശരാശരിയിൽ ആയിരം ആദിവാസികുഞ്ഞുങ്ങളിൽ 39.6 പേർ മരിക്കുേമ്പാൾ ഗുജറാത്തിൽ അത് 56.5 ആണ്. 2007ൽ മോദി ഗുജറാത്തിൽ മുഖ്യമന്ത്രിപദമേറ്റെടുത്തപ്പോൾ 'വൻബന്ധു കല്യാൺ യോജന' എന്ന പേരിൽ 'എല്ലാവർക്കും വീട്, എല്ലാവർക്കും ആരോഗ്യം' എന്ന മുദ്രാവാക്യവുമായി 15,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ആദിവാസി മേഖലകളിൽ എല്ലാകാലത്തേക്കും ഇണങ്ങുന്ന റോഡ്, അഞ്ചു ലക്ഷം പേർക്ക് തൊഴിൽ എന്നീ പ്രഖ്യാപനവുമുണ്ടായി. എന്നാൽ, സർക്കാറി​െൻറ തന്നെ കണക്കനുസരിച്ച് ഇതിൽ അഞ്ചു ശതമാനംപോലും നേടാനായിട്ടില്ല. മോദി പദ്ധതികളുടെ പ്രഖ്യാപനത്തിൽനിന്നു പ്രവൃത്തിപഥത്തിലേക്കുള്ള ദൂരത്തി​െൻറ ഒരു ഉദാഹരണം മാത്രമാണിത്. മാതൃമരണനിരക്കിൽ ദയനീയമാണ് ഗുജറാത്തി​െൻറ ചിത്രം. 2013ൽ 72 ആയിരുന്നത് അടുത്ത വർഷം 80 ഉം 2015ൽ 85ഉം ആയി ഉയർന്നു. കേന്ദ്രത്തി​െൻറ 'ജനനി ശിശു സുരക്ഷ' പദ്ധതിയിലെ ആനുകൂല്യങ്ങളധികവും ഏട്ടിൽ വിശ്രമിക്കുകയാണെന്ന് സി.എ.ജി തന്നെ കണ്ടെത്തി. മോദി ഭരണത്തി​െൻറ 10 വർഷത്തെ കണക്കെടുപ്പെന്നു പറയാവുന്ന തരത്തിൽ യൂനിസെഫ് പുറത്തുവിട്ട മാനവികസൂചിക റിപ്പോർട്ടിലും കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറവ്, വിളർച്ച, മാതൃ-ശിശു മരണനിരക്ക് എന്നിവയിൽ ഗുജറാത്ത് പിറകിലാണ്. ആയുർദൈർഘ്യം, വിദ്യാഭ്യാസനിലവാരം, ലിംഗസമത്വം എന്നിവയുടെ കാര്യത്തിൽ സംസ്ഥാനം പിറകിലാണെന്നു അമർത്യസെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കോർപറേറ്റുകളെയും മാധ്യമങ്ങളെയും പാട്ടിലാക്കി ഗുജറാത്ത് മോഡൽ വികസനമാതൃക എഴുന്നെള്ളിച്ച മോദിയും ബി.െജ.പിയും യഥാർഥത്തിൽ കൊട്ടിഘോഷിച്ചത് വൻകിടക്കാരുടെ സൗഖ്യമാണ്. 2007ൽ കർഷകർക്ക് നൽകിയ സബ്സിഡി 408 കോടിയായിരുന്നത് ഇപ്പോൾ 80 കോടിയിലെത്തി. അതേസമയം, അദാനിക്കും അംബാനിക്കും ഉൗർജ, പെട്രോകെമിക്കൽ രംഗത്ത് കൊടുത്ത സബ്സിഡി 1873കോടിയിൽ നിന്ന് 4,471കോടിയായി വർധിച്ചു എന്നതു തന്നെ വികസനം ആർക്കുവേണ്ടിയാണെന്ന് വ്യക്തമാക്കുന്നു. ആശുപത്രിയിൽ തികഞ്ഞ അലംഭാവവും കെടുകാര്യസ്ഥതയുമാണ് കണ്ടതെന്ന ബന്ധുക്കളുടെ പരാതി ശ്രദ്ധേയമാണ്. സാധാരണക്കാരുടെ ജീവിതവിഷയങ്ങളല്ല, കുത്തകകളുടെ പരിപാലനമാണ് പരിഗണനീയം എന്ന സന്ദേശം ഭരണകൂടം നൽകുേമ്പാൾ കൂട്ട ശിശുമരണങ്ങൾ പോലുള്ള 'വികസനദുരന്തങ്ങൾ' ആവർത്തിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story