Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:20 AM IST Updated On
date_range 21 Oct 2017 11:20 AM ISTചൂടൻ പ്രതിഷേധം ഫലിച്ചു; അത്യാഹിതവിഭാഗം വീണ്ടും തണുപ്പിലേക്ക്
text_fieldsbookmark_border
കോഴിക്കോട്: പരിശോധന പുറത്തേക്കുമാറ്റുമെന്നുള്ള ഡോക്ടർമാരുടെ മുന്നറിയിപ്പ് ഫലിച്ചു. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലെ എ.സി തകരാർ പരിഹരിച്ചു. ഇവിടുത്തെ എ.സി ഏറെക്കാലമായി പ്രവർത്തനരഹിതമായതിനെത്തുടർന്ന് വിയർത്തുകുളിച്ച് ജോലി ചെയ്യുന്ന ഡോക്ടർമാർ അടുത്തദിവസം മുതൽ പ്രതിഷേധം തുടങ്ങാനിരിക്കുകയായിരുന്നു. ഇക്കാര്യം മാധ്യമങ്ങളിൽ വാർത്തയുമായി. ഇതേത്തുടർന്നാണ് വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ എ.സി തകരാർ അടിയന്തരമായി പരിഹരിച്ചത്. അത്യാഹിത വിഭാഗത്തിലെ ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി പുതുതായി രണ്ട് സുരക്ഷ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. നിരീക്ഷണ വാർഡിനുമുന്നിൽ ഒരാളെയും ആശുപത്രിക്ക് ഉൾഭാഗത്തേക്ക് പോവുന്ന കവാടത്തിൽ ഒരാളെയുമാണ് അധികമായി ഡ്യൂട്ടിക്കിട്ടത്. അത്യാഹിത വിഭാഗത്തിെൻറ വാതിലുകൾ അനാവശ്യമായി തുറന്നിടരുതെന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ എ.സി ഇടക്കിടെ പ്രവർത്തനരഹിതമാവുന്നത് ആശുപത്രി അധികൃതർക്ക് തലവേദനയായിരുന്നു. രണ്ടുമാസം മുമ്പ് ആറ് എ.സികളിൽ ഒന്നുപോലും പ്രവർത്തിക്കാത്തത് മാധ്യമങ്ങളിൽ വാർത്തയായതോടെ മോർച്ചറിക്കു സമീപത്തെ ട്രാൻസ്ഫോർമറുകൾ മാറ്റി സ്ഥാപിച്ച് പ്രവർത്തനയോഗ്യമാക്കിയിരുന്നു. എന്നാൽ, ദിവസങ്ങൾക്കകം എ.സി പ്രവർത്തനം നിലച്ച് പഴയപടിയായി. വിയർത്തുകുളിച്ചാണ് രോഗികളും ഡോക്ടർമാരും ഇവിടെ കഴിയുന്നത്. ഏറെ നിവേദനങ്ങളും പരാതികളും നൽകിയിട്ടും അധികൃതർ നടപടിയെടുക്കാത്തതിനെത്തുടർന്ന് തങ്ങൾ ട്രയാജ് (ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആദ്യം പരിശോധിക്കുന്ന ഇടം) പുറത്തേക്ക് മാറ്റുമെന്ന് ഇവിടെ ജോലിചെയ്യുന്ന ഡോക്ടർമാർ മുന്നറിയിപ്പു നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി അത്യാഹിത വിഭാഗത്തിൽ നോട്ടിസും പതിച്ചു. ഇതേത്തുടർന്നാണ് അധികൃതർ ഇടപെട്ടത്. ജനങ്ങൾ സഹകരിക്കണം കോഴിക്കോട്: അത്യാഹിത വിഭാഗത്തിലെ എ.സി പ്രവർത്തനം ഫലപ്രദമാക്കാൻ ജനങ്ങളുടെ സഹകരണംതേടി മെഡിക്കൽ കോളജ് സൂപ്രണ്ട്. ഇവിടത്തെ അനിയന്ത്രിത തിരക്കുമൂലമാണ് എ.സി പലപ്പോഴും പ്രവർത്തന രഹിതമാവുന്നത്. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയുടെ കൂടെ നാലും അഞ്ചും ആളുകൾ അനാവശ്യമായി അത്യാഹിത വിഭാഗത്തിലേക്ക് തള്ളിക്കയറുകയും വാതിൽ ഏതുസമയവും തുറന്നുകിടക്കുകയും ചെയ്യുന്നത് പതിവാണ്. ഇതൊഴിവാക്കിയാൽതന്നെ എ.സിയുടെ തണുപ്പ് വർധിക്കുെമന്നും ഇതിനായി രോഗികളുടെ കൂടെയെത്തുന്നവർ സഹകരിക്കണമെന്നും സൂപ്രണ്ട് ഡോ. കെ.ജി. സജിത്ത് കുമാർ പറഞ്ഞു. എയർ കർട്ടനുകൾ ഉടനെത്തും കോഴിക്കോട്: തണുപ്പ് പുറത്തേക്ക് വ്യാപിക്കാതിരിക്കാനായി സ്ഥാപിക്കുന്ന എയർ കർട്ടനുകൾ ഉടനെത്തുമെന്ന് അധികൃതർ അറിയിച്ചു. ഒന്നരലക്ഷം ചെലവിട്ട് മൂന്നെണ്ണമാണ് സ്ഥാപിക്കുന്നത്. ഇതിനായി ചെന്നൈയിലുള്ള കമ്പനിക്ക് ഓർഡർ നൽകിയിട്ടുണ്ട്. നവംബർ മൂന്നിനകം സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറും സൈലൻസറോടുകൂടി പ്രവർത്തിക്കുന്ന കാര്യക്ഷമ സംവിധാനമാണിത്. എയർ കർട്ടൻ സ്ഥാപിച്ചാൽ അത്യാഹിത വിഭാഗത്തിലെ തണുപ്പിെൻറ പ്രശ്നം പരിധിവരെ കുറക്കാനാവുമെന്ന് സൂപ്രണ്ട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story