Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 11:24 AM IST Updated On
date_range 18 Oct 2017 11:24 AM ISTമണിയൂരിൽ മുഴങ്ങുന്നത് വോളിബാൾ ടൂർണമെൻറിലെ 'അഴിമതി' വിവാദം
text_fieldsbookmark_border
--- മൂന്നര വർഷം മുമ്പ് സ്റ്റേഡിയം നിർമിക്കാനുള്ള ധനസമാഹരണത്തിനായാണ് വോളിബാൾ ടൂർണമെൻറ് നടത്തിയത് വടകര: മണിയൂർ പഞ്ചായത്തിലിപ്പോൾ നടക്കുന്നത് മൂന്നരവർഷം മുമ്പ് നടന്ന അഖിലേന്ത്യ വോളിബാൾ ടൂർണമെൻറിലെ ലാഭത്തെ ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം. ടൂർണമെൻറ് നടത്തിപ്പിൽ അഴിമതി നടന്നെന്നാണ് യു.ഡി.എഫിെൻറ ആക്ഷേപം. സി.പി.എം നേതൃത്വത്തിലുള്ള അന്നത്തെ പഞ്ചായത്ത് ഭരണസമിതി, ജൂപ്പിറ്റർ ക്ലബിെൻറ സഹകരണത്തോടെയാണ് പഞ്ചായത്തിൽ സ്റ്റേഡിയം നിർമിക്കാൻ ധനസമാഹരണം ലക്ഷ്യവെച്ച് ടൂർണമെൻറ് നടത്തിയത്. ഇതിൽ 7,90,792 രൂപ ലാഭം കിട്ടിയതായി വിവിധ വാർഡുകളിൽ പഞ്ചായത്ത് നടത്തിയ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. എന്നാൽ, നാളിതുവരെ സ്ഥലം ഏറ്റെടുക്കുകയോ, സ്റ്റേഡിയത്തിെൻറ പ്രാരംഭ ജോലികൾ നിർവഹിക്കുകയോ ചെയ്തില്ല. ഈ സാഹചര്യത്തിൽ സ്റ്റേഡിയം വിഷയം ചർച്ചചെയ്യുന്നതിനായി പ്രത്യേക യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയിലെ എട്ട് അംഗങ്ങൾ സെക്രട്ടറിക്കും പ്രസിഡൻറിനും കത്ത് നൽകിയിട്ടുണ്ട്. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് വിജിലൻസിന് പരാതിയും നൽകി. മണിയൂരിലെ കായിക പ്രേമികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു സ്വന്തമായി സ്റ്റേഡിയം വേണമെന്നത്. ഇതു മനസ്സിലാക്കിയാണ് പഞ്ചായത്ത് ഭരണസമിതി എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉൾപ്പെടുത്തി ടൂർണമെൻറ് നടത്തിയത്. എന്നാൽ, 38,34,980 രൂപ മൊത്തം വരവുണ്ടായ ടൂർണമെൻറിന് ഭീമമായ ചെലവ് വന്നിട്ടും എട്ടു ലക്ഷത്തോളം രൂപ മിച്ചം വെക്കാനായി. ഈ തുക പഞ്ചായത്ത് ഫണ്ടിലേക്ക് മാറ്റുമെന്നായിരുന്നു പ്രതീക്ഷയെന്നും ഇതു നടന്നില്ലെന്നുമാണ് ആക്ഷേപം. ആരുടെ കൈയിലാണ് ലാഭവിഹിതം ഉള്ളതെന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നാണ് യു.ഡി.എഫിെൻറ പരാതി. സംശയദൂരീകരണത്തിനായി വിവരാവകാശപ്രകാരം സമീപിച്ചപ്പോൾ പഞ്ചായത്ത് ഇത്തരമൊരു ടൂർണമെൻറ് നടത്തിയിട്ടില്ലെന്നാണ് ലഭിച്ച മറുപടിയെന്ന് യു.ഡി.എഫ് പറയുന്നു. ഇതോടെയാണ്, ഈ വിഷയം ഉയർത്തി രാഷ്ട്രീയ പോരിനിറങ്ങാൻ യു.ഡി.എഫ് തീരുമാനിച്ചത്. ടൂർണമെൻറ് ആവശ്യത്തിന് പഞ്ചായത്തിെൻറ മുദ്രവെച്ച് നോട്ടീസിറക്കിയവർ വിവാദം വരുമ്പോൾ കൈയൊഴിയുകയാണെന്നാണ് ആക്ഷേപം. എന്നാൽ, ടൂർണമെൻറിെൻറ വരവു ചെലവ് കണക്കുകൾ കൃത്യമായി എല്ലാ വാർഡുകളിലും യോഗം ചേർന്നു രേഖാമൂലം നൽകിയിട്ടുണ്ടെന്നും ലാഭവിഹിതം തുറശേരി മുക്കിൽ സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിെൻറ മുൻ നടപടികൾക്കായി ഉപയോഗിച്ചിരിക്കുകയാണെന്നുമാണ് ഇടതു മുന്നണി നേതാക്കൾ പറയുന്നത്. അനാവശ്യ വിവാദം ഉയർത്തി ചിലർ വാർഡ് മെംബർമാരുടെ പ്രവർത്തന പരാജയം മറച്ചുവെക്കാനാണ് യു.ഡി.എഫ് നീക്കമെന്നാണ് ആക്ഷേപം. എന്നാൽ, എല്ലാ കക്ഷികളെയും കൂട്ടുപിടിച്ച് വിഷയം ചർച്ചയാക്കാനാണ് യു.ഡി.എഫ് ലക്ഷ്യം. ഇൗ വിഷയം ചർച്ചചെയ്യാൻ വിവിധ പൊതുപരിപാടികൾ ആസൂത്രണം ചെയ്യുകയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story