Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 10:59 AM IST Updated On
date_range 14 Oct 2017 10:59 AM ISTവാക്സിനേഷൻ; ജില്ലയിലെ ചില സ്കൂളുകൾക്കും നിസ്സഹകരണം
text_fieldsbookmark_border
കോഴിക്കോട്: രാജ്യത്തുനിന്ന് മീസിൽസും റുബെല്ലയും തുടച്ചുനീക്കുക എന്ന ദൗത്യവുമായി തുടങ്ങിയ മീസിൽസ്-റുെബല്ല വാക്സിനേഷൻ കാമ്പയിനോട് ജില്ലയിലെ ചില സ്കൂളുകൾ നിസ്സഹകരിക്കുന്നതായി റിപ്പോർട്ട്. വാക്സിനേഷനുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ചില അധ്യാപകരും സ്കൂളുകളും വാക്സിനേഷന് എതിരായ പ്രചാരണത്തിൽ പങ്കാളികളാവുന്നുവെന്ന കാര്യവും യോഗത്തിൽ വിലയിരുത്തി. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്ടർ യു.വി. ജോസ് വ്യക്തമാക്കി. ജില്ലയിൽ പദ്ധതി നൂറു ശതമാനം വിജയത്തിലെത്തിക്കാൻ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ യോജിച്ച് പ്രവർത്തിക്കണമെന്ന് കലക്ടർ ആവശ്യപ്പെട്ടു. കുട്ടികളുടെ ആരോഗ്യ പൂർണമായ ജീവിതം ഉറപ്പാക്കുന്നതിനായി ആവിഷ്കരിച്ച വാക്സിനേഷൻ പദ്ധതി വിജയിപ്പിക്കാൻ മുഴുവൻ സമൂഹവും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്്. രക്ഷിതാക്കളെയും കുട്ടികളെയും ഇക്കാര്യത്തിൽ ബോധവത്കരിക്കാനായി വിവിധ മതനേതാക്കളെയും മറ്റ് പ്രമുഖരെയും ഉൾക്കൊള്ളിച്ച് കാമ്പയിനുകൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഉപജില്ല, ജില്ലാതല അവലോകന യോഗം ഒക്ടോബർ 21 നുമുമ്പ് ചേരും. യോഗത്തിൽ ഡി.ഇ.ഒ, എ.ഇ.ഒ, എസ്.എസ്.എ പ്രതിനിധി എന്നിവർക്ക് പുറമേ ഓരോ സ്കൂളിൽനിന്നും ഒരു നോഡൽ ടീച്ചർ, ഡോക്ടർ, അധ്യാപക സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ഓരോ വിദ്യാലയത്തിലെയും വാക്സിനേഷൻ പുരോഗതി നോഡൽ ടീച്ചർമാർ ഡി.ഇ.ഒ, എ.ഇ.ഒ മാർക്ക് ദിവസേന റിപ്പോർട്ട് ചെയ്യണം. എല്ലാ വ്യാഴാഴ്ചയും ജില്ല, സബ്ജില്ലാതല അവലോകന യോഗം നടക്കും. വെള്ളിയാഴ്ചകളിൽ ജില്ലാതല യോഗത്തിൽ പുരോഗതി വിലയിരുത്തും. വാക്സിനേഷൻ എടുക്കാത്ത കുട്ടികളുടെ രക്ഷിതാക്കളുടെ ഫോൺ നമ്പറുകൾ ഒക്ടോബർ 21നകം അതത് സ്കൂളുകൾ ആരോഗ്യവകുപ്പിന് ലഭ്യമാക്കണം. രക്ഷിതാക്കളുടെ സംശയദൂരീകരണത്തിനായി വിദഗ്ധരടങ്ങിയ സംഘം സ്കൂളുകളും വീടുകളും സന്ദർശിച്ചു ബോധവത്കരണം നടത്താനും യോഗം തീരുമാനിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story