Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരമ്പര ആദ്യഭാഗം

പരമ്പര ആദ്യഭാഗം

text_fields
bookmark_border
പിറന്നുവീണ കിടപ്പാടവും കൃഷിസ്ഥലങ്ങളും ബാണാസുരസാഗർ ഡാമി​െൻറ നിർമാണത്തിനു വേണ്ടി വിട്ടുനൽകുമ്പോൾ വയനാടൻ ജനതക്ക് പ്രതീക്ഷകളേറെയായിരുന്നു. 1980ൽ തുടക്കമിട്ട പദ്ധതി നാലുപതിറ്റാണ്ട് പൂർത്തിയാവാനാകുമ്പോൾ പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നു മാത്രമല്ല ഒരുപിടി ആശങ്കകൾകൂടി ബാക്കിയാക്കുകയാണ്. ജനിച്ച ദേശമേതെന്നു ചോദിച്ചാൽ ചൂണ്ടിക്കാണിക്കാൻ ഒരു തലമുറക്കുള്ളത് അനന്തമായി കിടക്കുന്ന ജലപ്പരപ്പുമാത്രം. പടിഞ്ഞാറത്തറ ബാണാസുരസാഗർ പദ്ധതിക്കായി നാട്ടിൽനിന്നും വിട്ടുപോകേണ്ടി വന്നവരുടെയും പ്രദേശവാസികളുടെയും ജീവിതത്തിലേക്ക് 'മാധ്യമം' നടത്തുന്ന അന്വേഷണ പരമ്പര ഇന്നുമുതൽ. part 1 കേരളത്തിനു വെളിച്ചമേകാൻ നഷ്ടജീവിതം തിരഞ്ഞെടുത്ത നാട് -റഫീഖ് വെള്ളമുണ്ട പടിഞ്ഞാറത്തറ: ഏഷ്യയിലെ രണ്ടാമത്തേതും ഇന്ത്യയിലെ ആദ്യത്തേതുമായ ബാണാസുരസാഗർ മണ്ണണയുടെ ഖ്യാതി ലോകംമുഴുവൻ പരക്കുമ്പോൾ നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ജലാശയത്തിനടിയിൽ സാഗരത്തോളം ചരിത്രവുമായി തരിയോട് ഗ്രാമം കിടക്കുന്നുണ്ട്. വയനാടി​െൻറ ആദിമ ഗ്രാമചരിത്രം കാലത്തിനൊപ്പം മാഞ്ഞുപോകുമ്പോൾ നഷ്ടപ്രതാപങ്ങളുടെ കഥകൾ അയവിറക്കുകയാണ് ഇന്ന് തരിയോട് പൈതൃകഗ്രാമം. 1962 മുതലാണ് ഇവിടെ ഇങ്ങനെയൊരു അണക്കെട്ടി​െൻറ സാധ്യതകളിലേക്ക് അധികൃതരുടെ നോട്ടം വീഴുന്നത്. 1979--80കളിൽ പദ്ധതിക്ക് അംഗീകാരമായി. 1982 മുതൽ സ്ഥലം ഏറ്റെടുക്കൽ തുടങ്ങി. അതോടെ ഇവിടെനിന്നും മുറിവുണങ്ങാത്ത പലായനത്തി​െൻറ വ്യഥകളും തുടങ്ങുകയായി. ആറു വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കാനായിരുന്നു കരാർ. കരമാൻതോടിനോടു ചേർന്ന ഭാഗത്ത് ചെറിയ അണയായിരുന്നു മുൻപ് തീരുമാനിച്ചിരുന്നത്. എന്നാൽ, അണക്കെട്ടി​െൻറ ഉയരം മൂന്നു മീറ്റർകൂടി ഉയർത്താൻ ധാരണയായതോടെ പിന്നെയും സ്ഥലം ഏറ്റെടുക്കൽ തുടങ്ങി. അതോടെ തരിയോട് എന്ന ദേശത്തി​െൻറ മുക്കാൽഭാഗവും വെള്ളത്തിൽ മുങ്ങുമെന്ന് ഉറപ്പായി. രാപ്പകൽ യന്ത്രങ്ങൾ മുരളുന്ന രണ്ടു പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ ബാണാസുരസാഗർ എന്ന ജലാശയം രൂപപ്പെടുകയായി. ചൂരാണി, താണ്ടിയോട് മുതൽ അനേകം ഗ്രാമക്കവലകളും വെള്ളത്തിനടിയിലായി. എണ്ണൂറോളം വീടുകളും ഒഴിഞ്ഞു പോയി. 1162 കുടുംബങ്ങളാണ് ഇവിടെനിന്നും ഒഴിഞ്ഞുപോയത്. വയനാടി​െൻറ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും വലിയ പലായനവും ഇതുതന്നെയായിരുന്നു. കാർഷിക ജീവിതത്തിലൂടെ കടന്നുവന്നിരുന്ന ജന്മി കുടുംബങ്ങൾ മുതൽ കാടിനോടു ചേർന്നുനിന്ന് ജീവിതം പൂരിപ്പിച്ചെടുത്ത പ്രാക്തന ഗോത്ര വിഭാഗത്തിൽപെട്ട ആദിവാസികൾ വരെയും ആ കൂട്ടത്തിലുണ്ടായിരുന്നു. വയനാട്ടിൽ അന്നുള്ളതിൽ വളർന്നു പന്തലിച്ച ഒരു അങ്ങാടി കൂടിയായിരുന്നു തരിയോട്. ജനവാസകേന്ദ്രങ്ങളും അങ്ങാടിയും കൃഷിയിടങ്ങളുമെല്ലാം പദ്ധതിക്കു വേണ്ടി ജനങ്ങൾക്ക് ഉപേക്ഷിക്കേണ്ടി വന്നു. കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ വിപുലീകരണത്തി​െൻറ ഭാഗമായാണ് ബാണാസുരസാഗർ അണക്കെട്ട് സ്ഥാപിച്ചത്. മത സൗഹാർദത്തിനും കച്ചവടത്തിനും പേരുകേട്ട തരിയോട് ഗ്രാമത്തെ പതിയെപ്പതിയെ വെള്ളമെടുത്തു. അയൽവീടുകളായി സൗഹൃദം പങ്കുവെച്ച പലരും പലയിടത്തായി. ബാണാസുര മലനിരകളോടു തൊട്ടുരുമ്മി 67.15 കിലോമീറ്റർ വിസ്തൃതിയിൽ 15000ത്തോളം ജനസംഖ്യയുണ്ടായിരുന്ന പഞ്ചായത്തിൽ ജനസാന്ദ്രത ഏറെയുള്ള ഒന്നും രണ്ടും വാർഡുകൾ പൂർണമായും മൂന്നാം വാർഡ് ഭാഗികമായുമാണ് പദ്ധതിക്കുവേണ്ടി ഏറ്റെടുത്തത്. 1962വരെ വൈത്തിരി പഞ്ചായത്തിലെ വാർഡുകളായിരുന്നു തരിയോടും പടിഞ്ഞാറത്തറയും. അതിനുശേഷം ഈ രണ്ടു ഭാഗങ്ങളെയും ബന്ധിപ്പിച്ചാണ് തരിയോട് ഗ്രാമപഞ്ചായത്ത് രൂപവത്കരിച്ചത്. ഇപ്പോഴത്തെ കാവുംമന്ദം എച്ച്.എസിനരികിൽ കാപ്പുവയലിലായിരുന്നു പഞ്ചായത്ത് ഓഫിസ്. ഏതാണ്ട് 42 വ്യാപാര സ്ഥാപനങ്ങളും രണ്ടു ചെറുകിട വ്യവസായ സംരംഭങ്ങളും ലക്ഷംവീട് കോളനികളും മൂന്നു ക്രിസ്ത്യൻ പള്ളികളും രണ്ടു ക്ഷേത്രങ്ങളും രണ്ടു മുസ്ലിം പള്ളികളും ഉൾപെടുന്ന ടൗണായിരുന്നു തരിയോട്. കൂടാതെ 800ഓളം കെട്ടിടങ്ങളും ഉണ്ടായിരുന്നു. ഇവയെല്ലാമാണ് വെള്ളത്തിലായത്. ഇതിൽ ഇന്ന് അവശേഷിക്കുന്നത് ഒരു ക്രിസ്ത്യൻ ദേവാലയത്തി​െൻറ കെട്ടിടം മാത്രമാണ്. മലബാറിലെ അതിപുരാതനമായ ഗ്രാമങ്ങളിലൊന്നായിരുന്നു തരിയോട് എന്ന് ലഭ്യമായ ചരിത്രരേഖകളും പുരാവസ്തുക്കളും തെളിയിക്കുന്നു. അഞ്ച് നായർ തറവാടുകളും 85 മുസ്ലിം കുടുംബങ്ങൾ അംഗങ്ങളായ പള്ളിയും ഇവിടെയുണ്ടായിരുന്നു. കാർഷിക സമ്പന്നതയുടെ അടയാളങ്ങളായിരുന്ന തറവാടുകൾ കുടിയേറ്റത്തി​െൻറ ചരിത്രം അവശേഷിപ്പിച്ച കൃഷിയിടങ്ങൾ എല്ലാമെല്ലാം ജലാശയം കവർന്നെടുത്തു. െതക്കേ വയനാട്ടിലെ ആദ്യത്തെ റോഡായ വൈത്തിരി-തരുവണ റോഡ് (കോഴിക്കോട്-- വൈത്തിരി വഴി മാനന്തവാടിയിലേക്കും അതുവഴി മൈസൂരിലേക്കും സൈനിക നീക്കത്തിനു വേണ്ടി ടിപ്പു സുൽത്താൻ നിർമിച്ചതാണ്) കുതിരപ്പാണ്ടി റോഡ് എന്നാണ് അടുത്തകാലംവരെ ഈ റോഡ് അറിയപ്പെട്ടിരുന്നത്. സൈന്യത്തെ പുതുശ്ശേരി പുഴയുടെ മറുകര കടന്നാൽ പാണ്ടിയിൽ (ചങ്ങാടം) കുതിരകളെ കെട്ടിവലിപ്പിച്ചതു കൊണ്ടാണ് പുതുശ്ശേരി കടവിന് കുതിരപ്പാണ്ടി എന്ന പേരുവന്നത്. മലബാറിൽ ബ്രിട്ടീഷ് ആധിപത്യം (ഈസ്റ്റ് ഇന്ത്യാ കമ്പനി) ഉറച്ചതോടെ കുതിരപ്പാണ്ടി റോഡ് വികസിപ്പിച്ച് മോട്ടോർ വാഹനങ്ങൾ ഓടിക്കാൻ പറ്റിയ രൂപത്തിലാക്കി. 1972ൽ ഈ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. 73ൽ കോഴിക്കോടുനിന്ന് തരിയോട്ടേക്ക് കെ.എസ്.ആർ.ടി.സി സർവിസും തുടങ്ങി. വയനാടി​െൻറ മറ്റ് ഉൾനാടൻ ഗ്രാമങ്ങളിലേക്ക് ഇത്തരത്തിലുള്ള ഒരു യാത്രാവാഹനം അന്ന് സങ്കൽപം മാത്രമായിരുന്നു. മലപ്പുറത്തേക്കും കെ.എസ്.ആർ.ടി.സി സർവിസ് ഉണ്ടായിരുന്നു. അണക്കെട്ടിൽ മുങ്ങാതെ തരിയോട് അവശേഷിച്ചിരുന്നുവെങ്കിൽ ഇന്ന് ജില്ലയിലെ ഏറ്റവും വലിയ ടൗൺ തരിയോട് ആകുമായിരുന്നു. എന്നാൽ, കേരളത്തിനു വെളിച്ചമേകാൻ കുടിയൊഴിഞ്ഞവർക്കും വയനാടിനും അണക്കെട്ടുകൊണ്ട് എന്തുകിട്ടി എന്ന ചോദ്യത്തിന് നിരാശ എന്നുമാത്രമാണ് ഉത്തരം. (തുടരും) WDL DAM 1 ബാണാസുര സാഗർ ഡാം റിസർവോയർ WDL DAM 2 ബാണാസുര സാഗർ ഡാം (ഫയൽ ഫോട്ടോ) ------------------------------------------------------------
Show Full Article
TAGS:LOCAL NEWS 
Next Story