Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2017 10:50 AM IST Updated On
date_range 4 Nov 2017 10:50 AM ISTഇടിഞ്ഞുപൊളിഞ്ഞ തോട്; വിത്തും വളവുമില്ലാതെ സമിതികൾ നെൽക്കർഷകർ ദുരിതത്തിൽ
text_fieldsbookmark_border
ആയഞ്ചേരി: കൃഷിക്ക് ആവശ്യത്തിന് വെള്ളം ലഭിക്കാത്തതും വിത്തും വളവും സമയത്തിന് എത്താത്തതും നെൽക്കർഷകർക്ക് തിരിച്ചടിയാവുന്നു. ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തുകളിലെ നിരവധി കർഷകരാണ് ദുരിതത്തിലാകുന്നത്. ആയഞ്ചേരി ടൗൺ മുതൽ പുഞ്ചപ്പാണ്ടി വരെ നീണ്ടുകിടക്കുന്ന തോടിനെ ആശ്രയിച്ചാണ് ആയഞ്ചേരി, തറോപ്പൊയിൽ ഭാഗങ്ങളിൽ നെൽകൃഷി നടക്കുന്നത്. തോട് പലസ്ഥലത്തും തകർന്നുകിടക്കുകയാണ്. പുല്ലു നിറഞ്ഞതിനാൽ വെള്ളം ശരിയാംവണ്ണം ഒഴുകുന്നില്ല. പല സ്ഥലത്തും തോട്ടിൽ മണ്ണ് നിറഞ്ഞനിലയിലാണ്. വിത്തിടേണ്ട കർഷകർക്ക് വയലിലെ വെള്ളം തോട്ടിലൂടെ ഒഴുകിപ്പോകേണ്ടതുണ്ട്. ഇതില്ലാത്തതിനാൽ വിത്തിടൽ വളരെ ബുദ്ധിമുട്ടാണെന്ന് കർഷകർ പറയുന്നു. ഈ സമയത്ത് മഴപെയ്യുന്നതോടെ വെള്ളം വയലുകളിൽ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ട്. ഇത് ഞാറ് കുറയാൻ ഇടവരുത്തുന്നുണ്ട്. 10 വർഷം മുമ്പാണ് തോട് നവീകരിച്ചത്. പിന്നീട് ഒരു നവീകരണപ്രവൃത്തിയും നടന്നിട്ടില്ല. രയരോത്തുതാഴ മുതൽ പാണ്ടി വരെ നീളുന്ന മറ്റൊരു തോടിെൻറ അവസ്ഥയും ഇതുതന്നെ. ഇത് കോൺക്രീറ്റ് കെട്ടി സംരക്ഷിച്ചിട്ടുെണ്ടങ്കിലും പലഭാഗത്തും ഇടിഞ്ഞുപൊളിഞ്ഞതിനാൽ വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയാണ്. ഇതുകാരണം വേനലിൽ രയരോത്ത് കുളത്തിൽനിന്ന് മോട്ടോർ ഉപയോഗിച്ച് വയലുകളിൽ വെള്ളം എത്തിക്കാനും സാധിക്കാറില്ല. നെല്ല് കതിരിടുന്ന സമയമാകുമ്പോൾ തോടുകളിലെ വെള്ളം കുറയുകയും കൃഷി ഉണങ്ങുകയും ചെയ്യുന്നത് പതിവാണ്. തോട് നവീകരിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയും. കൂടാതെ ഞാറു പറിച്ചുനടേണ്ട സമയമായിട്ടും പാടശേഖരസമിതികളിൽ വിത്ത് എത്തിയിട്ടില്ല. കഴിഞ്ഞ കുറെ വർഷമായി ഇതാണ് അവസ്ഥയെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്ത് അധികൃതർ ആവശ്യമായ നടപടികൾ സമയത്തിന് ചെയ്യാത്തതാണ് വിത്ത് വിതരണം വൈകാൻ ഇടയാക്കുന്നത്. പോരാത്തതിന് ആയഞ്ചേരി, തിരുവള്ളൂർ കൃഷിഭവനുകളിൽ സ്ഥിരം കൃഷി ഓഫിസറുമില്ല. ഇതും നടപടികളിലെ കാലതാമസത്തിന് കാരണമാകുന്നുണ്ട്. മറ്റ് കൃഷിഭവനുകളിലെ ഓഫിസർമാർ ആഴ്ചയിൽ ഒരു ദിവസം വന്ന് കാര്യങ്ങൾ നിർവഹിക്കേണ്ട അവസ്ഥയിലാണ്. ഇതാണ് ഓഫിസുകളിലെ വിവിധ പ്രവർത്തനങ്ങൾ വൈകാൻ ഇടയാക്കുന്നത്. വടകര-മാഹി കനാലിെൻറ നവീകരണത്തിെൻറ ഭാഗമായി കനാലിന് ആഴവും വീതിയും കൂടിയതോടെ തിരുവള്ളൂർ പഞ്ചായത്തിലെ കോട്ടപ്പള്ളി, കന്നിനട ഭാഗങ്ങളിൽ ആവശ്യത്തിന് വെള്ളം കിട്ടാത്ത അവസ്ഥയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story