Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2017 1:36 PM IST Updated On
date_range 27 May 2017 1:36 PM ISTബംഗളൂരു സൂപ്പർഫാസ്റ്റ് സർവിസുകൾ ഡീലക്സ്, എക്സപ്രസ് ബസുകളായി
text_fieldsbookmark_border
കോഴിക്കോടുനിന്നുള്ള ദീർഘദൂര യാത്രക്കാർ പെരുവഴിയിൽ പുഷ്ബാക്ക് ബസുകളിലും നിന്നുപോകാമെന്ന നിർദേശം പാലിക്കപ്പെടുന്നില്ല കൽപറ്റ: കോഴിക്കോടുനിന്ന് മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലൂടെ ബംഗളൂരുവിലേക്കുള്ള കെ.എസ്.ആർ.ടി.സി. സൂപ്പർഫാസ്റ്റ് സർവിസുകൾ മുഴുവനായും ഡീലക്സ്, എക്സ്പ്രസ് സർവിസുകളായി മാറുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോടുനിന്നുള്ള രണ്ടു ബസുകൾ ഒഴിച്ച് മറ്റു ബംഗളൂരു സർവിസുകളെല്ലാം ഡീലകസ്, എക്സ്പ്രസ് ബസുകളാണ് സർവിസ് നടത്തുന്നത്. ഇതോടെ, സീറ്റുകൾ കുറവായ ഈ ബസുകളിൽ നിന്നുപോലും യാത്രചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് കോഴിക്കോട്നിന്ന് രാത്രിയിൽ ബംഗളൂരുവിലേക്കും വയനാട്ടിലേക്കും പോകേണ്ട യാത്രക്കാർ ദുരിതത്തിലായി. ദീർഘദൂര യാത്ര സുഗമമാക്കുകയെന്ന ഉദ്ദേശ്യത്തോടെ ചെയ്ത നടപടി കെ.എസ്.ആർ.ടി.സിക്ക് ആളെ കുറക്കുകയും കർണാടക ട്രാൻസ്പോർട്ട് ബസുകൾക്ക് ആളുകളെ കൂട്ടുകയുമാണെന്ന ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട്. കോഴിക്കോടുനിന്നു പകൽ സമയത്തുള്ള ബംഗളൂരു സൂപ്പർഫാസ്റ്റുകൾക്ക് പുറമെ രാത്രി ഏഴ്, എട്ട്, 9.30 എന്നീ സമയങ്ങളിലുള്ള ബസുകളും എക്സ്പ്രസ്, ഡീലക്സ് ബസുകളായാണ് സർവിസ് നടത്തുന്നത്. എക്സ്പ്രസ് ബസുകളുടെ സീറ്റും പുഷ്ബാക്ക് ആണ്. ഇതോടെ, ഈ രണ്ടുതരം ബസുകളിലും റിസർവ് ചെയ്യാതെ അടിയന്തര ആവശ്യത്തിനായി മൈസൂർ, ബംഗളൂരുവിലേക്കു പോകേണ്ടവർക്കും കൽപറ്റ, മാനന്തവാടി, ബത്തേരി ഭാഗങ്ങളിലുള്ള യാത്രക്കാർക്കും സീറ്റ് ഫുൾ ആയാൽ കയറാൻ പറ്റുന്നില്ല. നിന്നുപോകാൻ ബസ് ജീവനക്കാർ അനുവദിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. പ്രതിഷേധത്തെ തുടർന്ന് രാത്രി 9.30നുള്ള ബസ് ഇപ്പോൾ സൂപ്പർഫാസ്റ്റായാണ് ഒാടുന്നത്. കൂടാതെ, രാവിലെ ഏഴിന് കോഴിക്കോടുനിന്നുള്ള ബംഗളൂരു ബസും സൂപ്പർഫാസ്റ്റായി നിലനിർത്തിയിട്ടുണ്ട്. രാത്രി ഏഴിന് കോഴിക്കോടുനിന്ന് കൽപറ്റ, പടിഞ്ഞാറത്തറ, തരുവണ, മാനന്തവാടി വഴി ബംഗളൂരുവിലേക്ക് സർവിസ് നടത്തിയിരുന്ന സൂപ്പർഫാസ്റ്റ് ബസ് എക്സ്പ്രസ് ആയതോടെ ഈ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് കയറാനും ഇറങ്ങാനും പറ്റാതായി. നിറയെ യാത്രക്കാരുമായി പോയിരുന്ന ബസ് ഇപ്പോൾ സീറ്റിങ് മാത്രമായി വെറും 36 പേരുമായാണ് സർവിസ് നടത്തുന്നത്. പരാതി ഉയർന്നതോടെ ഈ എക്സ്പ്രസ് ബസിന് പിണങ്ങോട്, കാവുംമന്ദം, പടിഞ്ഞാറത്തറ, തരുവണ എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിച്ചു. എന്നാൽ, ഈ ഭാഗങ്ങളിൽനിന്നു ബംഗളൂരുവിലേക്കും മറ്റും പോകേണ്ടവർ മറ്റു ബസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. രാത്രിയിൽ ബത്തേരി വഴിയുള്ള പഴയ എക്സ്പ്രസ് ബസിനു പകരം സ്കാനിയ സർവിസ് ആരംഭിച്ചിരുന്നു. ഇതിെൻറ ചുവടുപിടിച്ചാണ് പുതിയ മാറ്റം. യാത്രക്കാർക്കുണ്ടായ പ്രശ്നം പരിഹരിക്കാൻ രാത്രിയിൽ മാനന്തവാടി വരെ ടൗൺ ടു ടൗൺ, ലിമിറ്റഡ് സ്റ്റോപ് ബസുകൾ ഒാടിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ഫലത്തിൽ കൽപറ്റ, മാനന്തവാടി, ബത്തേരി തുടങ്ങിയ പ്രധാന സ്ഥലങ്ങളിലുള്ളവർക്ക് ബംഗളൂരുവിലേക്ക് നിന്നെങ്കിലും പോകണമെങ്കിൽ കർണാടകയുടെ ബസിനെ ആശ്രയിക്കേണ്ടിവരുകയാണ്. ഇതര സംസ്ഥാന തൊഴിലാളികൾ നിന്ന് യാത്രചെയ്താണെങ്കിലും നേരേത്ത സൂപ്പർഫാസ്റ്റ് ബസുകളെ ആശ്രയിച്ചിരുന്നു. പുതിയ മാറ്റത്തോടെ ഇവരും കർണാടക ബസുകളിലേക്ക് കൂടുമാറുകയാണ്. ഡീലക്സ്, എക്സ്പ്രസ് ബസുകളിൽ ആളുകളെ നിർത്തി കൊണ്ടുപോകാൻ പാടില്ലെന്ന നിർദേശം ഇതുവരെ നൽകിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ഇല്ലാത്ത ഉത്തരവിെൻറ പേരിൽ സീറ്റുകൾ നിറഞ്ഞശേഷം യാത്രക്കാരെ കയറ്റാൻ ബസിലെ ജീവനക്കാർ തയാറാകുന്നില്ല. ഇതുസംബന്ധിച്ച വ്യാപക പരാതിയെ തുടർന്ന് ഡീലക്സ്, എക്സ്പ്രസ് ബസുകളിൽ സീറ്റിലിരിക്കുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ നിന്നുപോകാൻ അനുവദിക്കണമെന്ന വ്യക്തയോടെയുള്ള ഉത്തരവ് ഉടനെ ഇറക്കുമെന്നാണ് വിവരം. ജിനു എം. നാരായണൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story