Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2017 2:14 PM IST Updated On
date_range 12 Jun 2017 2:14 PM ISTപ്രതിരോധിക്കേണ്ടത് മദ്യം ഉൾപ്പെടെ എല്ലാ ലഹരി ആസക്തികളെയും
text_fieldsbookmark_border
പ്രതിരോധിക്കേണ്ടത് മദ്യമുൾപ്പെടെ എല്ലാ ലഹരി ആസക്തികളെയും ഡോ. സി.ജെ. ജോൺ പ്രതിച്ഛായ സൃഷ്ടിക്കൽ യുദ്ധത്തിെൻറ ഭാഗമായുള്ള എടുത്തുചാട്ടമായിരുന്നു കഴിഞ്ഞ സർക്കാറിെൻറ മദ്യനയം. ഇപ്പോഴത്തെ മദ്യനയം രാഷ്ട്രീയ പാർട്ടികളുടെയും സർക്കാറിെൻറയും ധനസ്ഥിതി മെച്ചപ്പെടുത്താൻവേണ്ടി ആലോചിച്ചുറപ്പിച്ചു സ്വീകരിച്ച ഒരു തിരിച്ചുപോക്കാണ്. മദ്യം നല്ലപോലെ ചെലവാകണം. നികുതിപ്പണം വീഴണം. പഴയതുപോലെ എല്ലാ രാഷ്ട്രീയ പരിപാടിക്കും ധനപരമായി സഹായിക്കാനുള്ള വരുമാനം മദ്യക്കച്ചവടക്കാർക്ക് ഉണ്ടാകണം. അതൊക്കെ പറ്റുമോയെന്ന പഠനംമാത്രമാണ് ശരിക്കും നടന്നിട്ടുള്ളത്. സാമ്പത്തികമായ അർഥത്തിൽ ഇത് നല്ലൊരു തീരുമാനമാണ്.അതുകൊണ്ടാണ് മദ്യനയത്തെ വാക്കാൽ വിമർശിക്കുന്ന ചില പ്രതിപക്ഷ നേതാക്കളുടെയും ഉള്ളിലെ സന്തോഷച്ചിരി മുഖത്ത് കാണപ്പെട്ടത്. ജനത്തിന് സൗകര്യമായി പോയി കുടിക്കാനാണല്ലോ ത്രീസ്റ്റാർ തൊട്ട് മേൽപ്പോട്ടുള്ള ബാറുകൾ തുറന്നുകൊടുക്കുന്നത്. അവിടേക്ക് കയറുംമുമ്പേ മദ്യം വർജിക്കണമെന്നുള്ള ചിന്ത വരുത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നൊരു വാഗ്ദാനം നൽകുന്നുമുണ്ട്. ബോധവത്കരണംകൊണ്ടുമാത്രം പിന്തിരിയാനുള്ള വെളിവ് കിട്ടാത്ത അവസ്ഥയാണ് മദ്യപാനവും ലഹരി ദുരുപയോഗവുമെന്നത് ഒരു പൊള്ളുന്ന സത്യമാണ്. മദ്യനിരോധന സമിതികൾക്ക് സ്വാധീനമുള്ള സമൂഹങ്ങളിൽപോലും ഈ ബോധവത്കരണംകൊണ്ട് വലിയ വിപ്ലവം ഉണ്ടാക്കാനായിട്ടില്ലെന്നതാണ് യാഥാർഥ്യം. വീട്ടിൽ വിശേഷദിവസങ്ങളിൽ മദ്യം വിളമ്പിയാൽ വരില്ലെന്ന് പാതിരി പറഞ്ഞാൽ ആ പാതിരിയെ വേണ്ടെന്നുപറയുന്ന വിശ്വാസികൾ ഏറെ. സാമൂഹിക ചടങ്ങുകളുമായി സോഷ്യൽ ഡ്രിങ്കിങ് അത്രമേൽ ഇഴചേർന്ന് പോയിരിക്കുന്നു. മദ്യനിരോധന ഇടപെടലുകൾക്ക് പരിമിതികളുണ്ട്. അതുകൊണ്ടാവാം ലഭ്യത ഇല്ലാതാക്കണമെന്ന മുറവിളിയുമായി അവർ നടക്കുന്നത്. കേരളീയ സാമൂഹിക യാഥാർഥ്യങ്ങളിൽ സമ്പൂർണ മദ്യനിരോധനം അസാധ്യവുമാണ്. നിരോധിച്ചാൽതന്നെ വ്യാജമദ്യത്തെ പ്രതിരോധിക്കാനുള്ള ആളും അർഥവും ഇല്ലെന്നത് മറ്റൊരു പ്രതിസന്ധി. പരിധിവിട്ടുള്ള മദ്യപാനം തടഞ്ഞ്, മദ്യാസക്തിയെന്ന രോഗത്തിലേക്ക് പോകുന്നില്ലെന്ന് ഉറപ്പുവരുത്താൻ ആർക്കുകഴിയും? കുടി അരങ്ങേറുന്ന ബാറുകൾക്ക് വിലക്കാൻ കഴിയുമോ? അവർ വിൽക്കുന്നവരാണ്. ലാഭം കൊയ്യേണ്ടവരാണ്. ചില പോസ്റ്ററുകൾ പ്രദർശിപ്പിക്കണമെന്നതിനപ്പുറം അവിടെയും ഒന്നും ചെയ്യാനാവില്ല. കുടിക്കുന്നവരിൽ നിയന്ത്രിത മദ്യപാനമെന്ന ആശയം വളർത്തിയെടുക്കാൻ എന്ത് വഴിയെന്നാകും ആലോചിക്കേണ്ടത്. മുഴുക്കുടിയിലേക്കു പോകുന്നതിെൻറ ആദ്യ സൂചനകൾ തിരിച്ചറിഞ്ഞു എത്രയുംവേഗം ചികിത്സയിലെത്തിക്കാൻ സമൂഹത്തിനാകുമോ? ഇതിലൊക്കെയാണ് ഇനി ശ്രദ്ധിക്കേണ്ടത്. മദ്യ ലഭ്യത കൂടുമെന്ന് ഉറപ്പാണ്. മറ്റു മയക്കുമരുന്നുകളുടെ പ്രചാരം കൂടിയത് കഴിഞ്ഞ മദ്യനയത്തിെൻറ വൈകല്യംമൂലമാണെന്ന ന്യായംപറച്ചിലിന് യുക്തിയില്ല. പുതു ലഹരിപദാർഥങ്ങൾ ന്യൂജെൻ ശീലങ്ങളിൽ സ്വാഭാവികമായി വന്നുചേരുന്നതാണ്. മദ്യം ലഭ്യമായാലും അെതാരു വെല്ലുവിളിയായി ഉണ്ടാകും. അത് കുറക്കാനുള്ള മറുമരുന്നായി പുതിയ മദ്യനയത്തെ വ്യാഖ്യാനിക്കുന്നത് ആ പ്രശ്‌നത്തെ ലഘൂകരിക്കുന്നതിനു തുല്യമാണ്. ഭീതിയുണ്ടാക്കുന്ന പുതു ലഹരിപദാർഥ നിയന്ത്രണത്തിനായി ശക്തവും ഭാവനാപൂർണവുമായ ഇടപെടലുകൾ വേണ്ടിവരും, ഇല്ലെങ്കിൽ അതിെൻറ തോത് കൂടും. മദ്യത്തേക്കാൾ ഭീകരമാകും പ്രത്യാഘാതങ്ങൾ. ബാറുകളിലും കള്ള് വിൽക്കുമത്രെ. ഈ കള്ളൊക്കെ എവിടെനിന്ന് വരും? അതിെൻറ ശുദ്ധി എന്തായിരിക്കും? 21 വയസ്സായാൽ കല്യാണം കഴിക്കാം. മദ്യം കഴിക്കാൻ വയസ്സു 23 ആക്കണം. ഈ വയസ്സ് നോട്ടം നടപ്പാക്കാൻ പ്രയാസമാണെന്ന് അറിഞ്ഞു കൊണ്ടുള്ള ഈ പ്രഖ്യാപനം ഒരു ഗിമ്മിക്കായിമാറും. ബാർ സമയം രാവിലെ 11 മുതൽ രാത്രി 11 വരെയാക്കി. ഉച്ചക്കു മുമ്പുതന്നെ വീശിക്കൊള്ളൂ എന്ന സന്ദേശം തുടരുന്നു. ഉച്ച കഴിഞ്ഞേ തുറക്കൂവെന്ന് പറഞ്ഞാൽ അത് കുറച്ചൊക്കെ വർജനത്തിെൻറ തത്ത്വശാസ്ത്രത്തിനു അനുസൃതമാകാം. ബെവെക്കോയുടെ തുറക്കൽ സമയവും ഇമ്മാതിരി പരിമിതപ്പെടുത്തുകയും വേണം. ഓണത്തിനും വിഷുവിനുമൊക്കെ ബെവെക്കോ വിൽപനശാലകൾ തുറന്നിട്ട് കുടുംബത്തിലിരിക്കുന്ന പുരുഷപ്രജകളെ അങ്ങോട്ട് ആകർഷിപ്പിക്കുന്നത് നിർത്താതെ മനുഷ്യമുഖമുള്ള മദ്യനയം ഉണ്ടാകുമോ? ഡി അഡിക്ഷൻ കേന്ദ്ര പ്രഖ്യാപനവും വിമുക്തി പദ്ധതിയും ഒരു മുട്ടുശാന്തി വഴിപാടിനപ്പുറം പോകുമോയെന്ന് നോക്കാം. ഇതുവരെയുള്ള ചരിത്രം അങ്ങനെയാണല്ലോ? സാക്ഷരതാപ്രവർത്തനം പോലെ മദ്യവിമുക്തി സന്ദേശം പ്രചരിപ്പിച്ചാൽ കേരളം രക്ഷപ്പെടുമോ? ലളിതമായ മുദ്രാവാക്യങ്ങളിൽ ഒതുക്കി പരിഹരിക്കാവുന്ന പ്രശ്‌നമല്ല കേരളത്തിലെ മദ്യാസക്തി. അമിത മദ്യപാനിയുടെ മുഖത്തേക്കാൾ നമ്മെ വേദനിപ്പിക്കുന്നത് അവരുടെ കുട്ടികളുടെയും ഭാര്യമാരുടെയും അമ്മമാരുടെയും മുഖമാണ്. മദ്യം ഇവിടെയുണ്ടാകുമെന്ന യാഥാർഥ്യത്തെ ഉൾക്കൊണ്ടുള്ള വ്യക്തിപരവും സാമൂഹികപരവുമായ പോരാട്ടങ്ങളേ ഇനി സാധിക്കൂ. പുതിയ നയം നൽകുന്ന സൂചനകൾ അതാണ്. മദ്യ സാന്നിധ്യം കൂടുേമ്പാൾ ടൂറിസം വികസിക്കുമായിരിക്കും. കോൺഫറൻസുകളും കൂടും. മദ്യ കൂട്ടായ്മകൾ പൊടിപൊടിക്കും. മദ്യാസക്തിയുടെ കെടുതികൾ വർധിക്കുകയും ചെയ്യും. അതുകൊണ്ട് പരിധിവിടുന്ന കുടിയെന്ന മനോനിലയെ ചെറുത്ത് സന്തോഷമുണ്ടാക്കാൻ അവനവൻ തുണയാകട്ടെ. മദ്യത്തെ പൂർണമായും വർജിക്കുന്ന നിലപാടുകൾ വളർത്തട്ടെ. മനുഷ്യരെ മദ്യത്തിെൻറയോ മറ്റു ലഹരിമരുന്നുകളുടെയോ കെടുതിയിൽ പെടുത്താതിരിക്കാനുള്ള കരുതലുള്ള ശരിയായ നയം വേറൊന്നാണ്. മദ്യം ഉൾപ്പെടെ എല്ലാ ലഹരിവസ്തുക്കളും ഉൾപ്പെടുത്തിയുള്ള സമഗ്രമായ 'ലഹരി ദുരുപയോഗ നിവാരണനയ'മെന്നാണ് അതിനു പേരിടേണ്ടത്. ഔദ്യോഗികമായി കാശു വീഴുന്നത് മദ്യത്തിൽനിന്നായതുകൊണ്ട് കുറുക്കന്മാർക്കു ആ കോഴിയെ മാത്രമേ നോട്ടമുള്ളൂ. നമുക്കിവിടെ മദ്യനയം മാത്രമേയുള്ളൂ. അതേ തർക്കവിഷയമാകുന്നുള്ളൂ. അത് മതിയോ? ഡോ. സി.െജ. ജോൺ മനോരോഗ വിദഗ്ധൻ, െകാച്ചി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story