Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 1:29 PM IST Updated On
date_range 9 Jun 2017 1:29 PM ISTഫിഷിങ് ബോട്ടുകൾ തട്ടിക്കൊണ്ടുപോയ കേസ്: തമിഴ്നാട്ടിലെത്തിയ അന്വേഷണ സംഘത്തിന് തിരിച്ചടി
text_fieldsbookmark_border
ബേപ്പൂർ: ഫിഷിങ് ഹാർബറിൽനിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് ബോട്ടുകളും തമിഴ്നാട്ടിലെ കന്യാകുമാരി തേങ്ങാ പട്ടണം ഹാർബറിൽ കണ്ടെത്തിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ, ഉടമകളുടെ പരാതിയിൽ ബേപ്പൂർ കോസ്റ്റൽ പൊലീസ് കേസെടുത്തു. തുടർ അന്വേഷണത്തിെൻറ ഭാഗമായി വ്യാഴാഴ്ച പൊലീസ് സംഘം തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലേക്ക് പോയി. കോസ്റ്റൽ സർക്കിൾ ഇൻസ്പെക്ടർ പി.ആർ. സതീശൻ, സബ് ഇൻസ്പെക്ടർ സതീഷ് ബാബു എന്നിവരടങ്ങുന്ന ആറംഗ പൊലീസ് സംഘം കന്യാകുമാരിയിലെത്തി കുളച്ചൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. ബേപ്പൂർ ഹാർബർ വികസന സമിതി പ്രസിഡൻറ് കരിച്ചാലി പ്രേമൻ ബോട്ടുടമകളായ ചേക്കിൻറകത്ത് മുജീബ്, ചേക്കിൻറകത്ത് നജീബ് എന്നിവരും അന്വേഷണ സംഘത്തിന് സഹായമായി കുളച്ചലിൽ എത്തിയിരുന്നു. എന്നാൽ, കേസ് സംബന്ധമായി കേരള കോസ്റ്റൽ പൊലീസിനോട് ഒരു നിലക്കും സഹകരിക്കാൻ തമിഴ്നാട് കോസ്റ്റൽ പൊലീസ് തയാറായില്ലെന്ന് ആക്ഷേപമുണ്ട്. ഇതര സംസ്ഥാനത്തെ കേസുമായി സഹകരിക്കില്ലെന്നായിരുന്നു തമിഴ്നാട് പൊലീസിെൻറ നിലപാട്. കൂടുതൽ അവിടെ തങ്ങിയാൽ കൂടെയുള്ള ഉടമകളെ കസ്റ്റഡിയിൽ എടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഗത്യന്തരമില്ലാതെ കേരള കോസ്റ്റൽ പൊലീസ് ഉടൻതന്നെ തിരിച്ചുപോരേണ്ടിവന്നു. സിനാൻ, സ്റ്റാർ ഫിഷ് എന്നീ രണ്ട് ബോട്ടുകൾ കുളച്ചൽ സ്വദേശികളായ 24 പേരടങ്ങുന്ന സംഘം കഴിഞ്ഞ 25നാണ് ബേപ്പൂർ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. സമയപരിധി കഴിഞ്ഞും ബോട്ടുകൾ തിരിച്ചെത്താത്തതിനെ തുടർന്ന് ഉടമകൾ ഹാർബർ വികസന സമിതി, കോസ്റ്റൽ പൊലീസ്, ബേപ്പൂർ പൊലീസ്, മറൈൻ എൻഫോഴ്സ്മെൻറ് എന്നിവിടങ്ങളിൽ പരാതി നൽകുകയായിരുന്നു. സ്ഥലം എം.എൽ.എയെ നേരിൽ കണ്ടും പരാതി ബോധിപ്പിച്ചിരുന്നു. ഉടമകളുടേയും കോസ്റ്റൽ പൊലീസിെൻറയും അന്വേഷണത്തിൽ കാണാതായ ബോട്ടുകൾ കന്യാകുമാരിയിലെ മാർത്താണ്ഡത്തിനടുത്ത് തേങ്ങാപട്ടണം ഫിഷിങ് ഹാർബറിൽ ഉള്ളതായി കണ്ടെത്തുകയായിരുന്നു. രണ്ട് ബോട്ടുകളിലെയും സ്രാങ്ക്മാരായ തമിഴ്നാട് കൊടിമുനെൽ സ്വദേശി അംബികം തോമസിെൻറ മകൻ മൈക്കിൾ ജഗനും, കന്യാകുമാരി കുളച്ചൽ സ്വദേശി കുമാർ എന്നയാളുമാണ് ബോട്ടുകൾ തട്ടിക്കൊണ്ടു പോയ മുഖ്യ പ്രതികളെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. റോഡരികിലെ ബോർഡുകളും തോരണങ്ങളും പൊലീസ് സംഘം നീക്കി ബേപ്പൂർ: ബേപ്പൂർ മുതൽ മാത്തോട്ടം വരെയുള്ള ഭാഗങ്ങളിൽ റോഡിനിരുവശവുമായി സ്ഥാപിച്ച കൊടികളും തോരണങ്ങളും ഫ്ലക്സ് ബോർഡുകളും ബാനറുകളും പൊലീസ് സംഘം നീക്കി. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും മത സാംസ്കാരിക സംഘടനകളുടെയും ബോർഡുകളാണ് നീക്കംചെയ്തത്. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ ജയനാഥ്, കോഴിക്കോട് അസി. സൗത്ത് കമീഷണർ അബ്ദുറസാഖ് എന്നിവരുടെ നിർദേശപ്രകാരമാണ് നടപടി. അറുപതോളം പൊലീസുകാർ ബേപ്പൂർ സബ് ഇൻസ്പെക്ടർ രാജേഷിെൻറ നേതൃത്വത്തിൽ സംഘങ്ങളായി തിരിഞ്ഞാണ് റോഡിെൻറ ഇരുവശത്തുമുള്ള ബോർഡുകൾ നീക്കിയത്. ബേപ്പൂർ പുലിമുട്ട് മുതൽ മാത്തോട്ടം വരെയുള്ള റോഡിെൻറ ഇരുവശത്തും വ്യാപകമായി സ്ഥാപിച്ച ബോർഡുകൾ ത്വരിത വേഗത്തിൽ എടുത്തുമാറ്റിയ പൊലീസ് സംഘത്തെ നാട്ടുകാരും പ്രശംസിക്കുന്നുണ്ടായിരുന്നു. പടം. 2. ബേപ്പൂർ എസ്.ഐ രാജേഷ് പരസ്യബോർഡുകൾ നീക്കംചെയ്യുന്നതിന് നേതൃത്വം കൊടുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story