Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 4:08 PM IST Updated On
date_range 30 July 2017 4:08 PM ISTആയഞ്ചേരിയിൽ പൊലീസ് സ്റ്റേഷന് ആവശ്യം ശക്തമാകുന്നു
text_fieldsbookmark_border
ആയഞ്ചേരി: നിലവിലുള്ള ആയഞ്ചേരി പൊലീസ് എയ്ഡ്പോസ്റ്റ് പൊലീസ് സ്റ്റേഷനായി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. ആയഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും ഇടക്കിടെ ഉണ്ടാകുന്ന അക്രമസംഭവങ്ങൾ ഫലപ്രദമായി കൈകാര്യംചെയ്യാൻ പൊലീസിന് സാധിക്കുന്നില്ലെന്ന അഭിപ്രായമാണ് ഇതിനു പിന്നിൽ. ഈ പ്രദേശങ്ങളിലേക്ക് വടകരയിൽനിന്ന് പൊലീസ് എത്തുമ്പോഴേക്കും നടക്കേണ്ടതെല്ലാം നടന്നിരിക്കും. അക്രമം അമർച്ചചെയ്യാനോ സമാധാനം കൈവരുത്താനോ പൊലീസിനാകുന്നില്ല. ആയഞ്ചേരി പഞ്ചായത്തിെൻറ കടമേരി ഒഴികെയുള്ള ഭാഗവും തിരുവള്ളൂർ, വില്യാപ്പള്ളി പഞ്ചായത്തുകളും വടകര നഗരസഭയും നിലവിൽ വടകര പൊലീസ് സ്റ്റേഷെൻറ പരിധിയിലാണുള്ളത്. കടമേരി ഭാഗം നാദാപുരം സ്റ്റേഷെൻറ ഭാഗമാണ്. ആയഞ്ചേരി ആസ്ഥാനമായി പൊലീസ് സ്റ്റേഷൻ വന്നാൽ വടകര നഗരസഭ ഒഴികെയുള്ള ആയഞ്ചേരി, തിരുവള്ളൂർ, വില്യാപ്പള്ളി പഞ്ചായത്തുകൾ ഇതിൽ ഉൾപ്പെടുത്താൻ കഴിയും. നിലവിൽ കുറ്റ്യാടി പൊലീസ് സ്റ്റേഷനു കീഴിലുള്ള വേളം പഞ്ചായത്തിനെയും ആയഞ്ചേരിയിൽ ചേർക്കാനാകും. കഴിഞ്ഞ കുറെ മാസങ്ങളായി തിരുവള്ളൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ നടക്കുകയാണ്. ആയഞ്ചേരി, വില്യാപ്പള്ളി പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിലും അക്രമം അരങ്ങേറാറുണ്ട്. എന്നാൽ, ഇത് ഫലപ്രദമായി കൈകാര്യംചെയ്യാൻ പൊലീസിന് സാധിക്കുന്നില്ല. 12 കിലോമീറ്റർ അകലെയുള്ള വടകര പൊലീസ് സ്റ്റേഷനിൽനിന്ന് പൊലീസ് എത്തുമ്പോഴേക്കും ആക്രമികൾ സ്ഥലംവിട്ടിട്ടുണ്ടാകും. ചെറിയ പ്രശ്നങ്ങളിൽ ആരംഭിക്കുന്ന സംഘർഷം വലിയതോതിലുള്ള ആക്രമണമായി വളരുകയാണ് പതിവ്. ഈ മേഖലകളിൽ ബോംബ് നിർമാണവും പരീക്ഷണ പൊട്ടിക്കലും ഇടക്കിടെ നടക്കുന്നത് പൊലീസിന് തലവേദന സൃഷ്ടിക്കാറുണ്ട്. പൊലീസ് ഗ്രാമപ്രേദശങ്ങളിൽ ക്യാമ്പ് ചെയ്യുന്നതോടെ വടകര നഗരസഭയിലെ ക്രമസമാധാനത്തിന് ആവശ്യത്തിന് പൊലീസുകാരില്ലാത്ത സ്ഥിതിയാണുള്ളത്. ഇക്കാര്യം നഗരസഭ അധികൃതർ പൊലീസ് മേധാവികളെ അറിയിച്ചിട്ടുണ്ട്. ആയഞ്ചേരിയിൽ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാനായി കെട്ടിടം കണ്ടെത്താൻ അധികൃതർ ശ്രമംനടത്തിയിരുന്നു. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ അനുമതി നൽകുകയായിരുന്നു. ഇത് പിന്നീട് പൊലീസ് സ്റ്റേഷനായി ഉയർത്തുമെന്നു പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. എന്നാൽ, ഇതോടൊപ്പം പരിഗണിച്ചിരുന്ന ചോമ്പാലിൽ പൊലീസ് സ്റ്റേഷൻ അനുവദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story