Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 4:14 PM IST Updated On
date_range 27 July 2017 4:14 PM ISTവാക്കുകൾക്കുമതീതമാണ് ഈ ചിത്രങ്ങൾ
text_fieldsbookmark_border
കോഴിക്കോട്: ആയിരം വാക്കുകൾക്കു തുല്യമാണ് ഒരു ചിത്രമെന്നത് ഫോട്ടോഗ്രഫിയിലെ ആപ്തവാക്യം. ഈ വാക്കിനെ അർഥപൂർണമാക്കി, ആയിരക്കണക്കിന് വാക്കുകളുടെ പ്രഭാവം സൃഷ്ടിക്കുന്ന ചിത്രങ്ങളുടെ മാന്ത്രികതയുമായി 'ബിയോണ്ട് വേഡ്സ്' പ്രദർശനം തുടങ്ങി. കാലിക്കറ്റ് പ്രസ്ക്ലബിനു കീഴിൽ നഗരത്തിലെ പത്ര ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ പ്രസ് ജേണലിസ്റ്റ് ഫോറത്തിെൻറ നേതൃത്വത്തിലാണ് ചരിത്രത്തിലേക്ക് കൺതുറന്ന കാമറക്കാഴ്ചകൾ ആർട്ട്ഗാലറിയിൽ ഒരുക്കിവെച്ചത്. ഒരു റീടേക്കിനുപോലും അവസരം നൽകാത്ത നിശ്ശബ്ദമായ പിടച്ചിലുകളും നിലവിളികളും ആഘോഷങ്ങളും കാണാകാഴ്ചകളുമെല്ലാം ഒരു പത്രഫോട്ടോഗ്രാഫറുടെ മനസ്സിലേക്കെങ്ങനെ ആഴത്തിൽ ഇറങ്ങിയെത്തുന്നുവെന്നതിെൻറ സാക്ഷ്യങ്ങളാണ് ഓരോ ചിത്രങ്ങളും. നഗരത്തിലെ വിവിധ പത്രങ്ങളിൽ സേവനമനുഷ്ഠിക്കുന്ന 35 ഫോട്ടോഗ്രാഫർമാരുടെ 70 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. പത്രത്താളുകളിലെ ഒരുദിവസത്തെ ആഘോഷത്തിനുശേഷം വിസ്മൃതിയിലേക്കകപ്പെട്ടുപോകാവുന്ന ചിത്രങ്ങളെ ചരിത്രത്തിെൻറ ഭാഗമാക്കിയിരിക്കുകയാണ് ബിയോണ്ട് വേഡ്സ്. കോഴിക്കോടിെൻറ നഗരക്കാഴ്ചകളാണ് ഇതിലേറെയും. കൗതുകമുണർത്തുന്ന ചിത്രങ്ങൾക്കൊപ്പം കണ്ണു നനയിപ്പിക്കുന്ന കാഴ്ചകളും ഇടംപിടിച്ചിരിക്കുന്നു. മാവോയിസ്റ്റ് വേട്ട, നോട്ടുദുരിതം, ബീഫ് നിരോധം, മിഠായിത്തെരുവ് ദുരന്തം തുടങ്ങി സമകാലിക സംഭവങ്ങളും കണ്ണുതുറപ്പിക്കുന്ന ചിത്രങ്ങളായുണ്ട്. ട്രാൻസ്ജെൻഡർ നടി അഞ്ജലി അമീർ പ്രദർശനം ഉദ്ഘാടനം ചെയ്തു. ദേശീയ അവാർഡ് നേടിയ ചലച്ചിത്ര നടി സുരഭി ലക്ഷ്മി മുഖ്യാതിഥിയായിരുന്നു. എൻ. രാജേഷ്, കമാൽ വരദൂർ, ടി.പി. ചെറൂപ്പ, അബ്ദുല്ല ബേവിഞ്ച, രാജേഷ് മേനോൻ, കെ.ടി. ശേഖർ എന്നിവർ പങ്കെടുത്തു. പ്രദർശനം 30ന് സമാപിക്കും. പ്രദർശനത്തിെൻറ ഭാഗമായി പഴയകാല ഫോട്ടോഗ്രാഫര്‍മാരുമായി മുഖാമുഖം, ചിത്രകാരന്മാരുടെ കൂട്ടായ്മ, പ്രദർശനം കാണാനെത്തുന്നവർക്കായി അടിക്കുറിപ്പ് മത്സരം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story