Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 2:38 PM IST Updated On
date_range 6 July 2017 2:38 PM ISTബീച്ച് ആശുപത്രി ടാപ്പ് വെള്ളത്തിൽ എലിയുടെ അവശിഷ്ടം: സംഭവത്തിൽ ദുരൂഹത ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി
text_fieldsbookmark_border
കോഴിക്കോട്: ബീച്ച് ആശുപത്രിയിലെ ടാപ്പ് വെള്ളത്തിൽനിന്ന് എലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ആശുപത്രിയെ കരിവാരിത്തേക്കാൻ മനഃപൂർവം നടത്തിയ ശ്രമത്തിെൻറ ഭാഗമായാണ് ഇത്തരത്തിൽ സംഭവിച്ചതെന്ന നിലപാടിലാണ് അധികൃതർ. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നന്വേഷിക്കാനാവശ്യപ്പെട്ട് ആശുപത്രി അധികൃതർ വെള്ളയിൽ പൊലീസിന് പരാതി നൽകി. സംഭവത്തിൽ ദുരൂഹത വ്യക്തമാക്കുന്ന നിരവധി തെളിവുകൾ ആശുപത്രി അധികൃതർ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, സംഭവത്തിനു പിന്നിലാരാണെന്ന് വ്യക്തമല്ല. 24ാം വാർഡിലെ വെള്ളത്തിൽ എലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ യുവതിയെ ചിലർ കരുവാക്കുകയായിരുന്നു എന്ന സംശയത്തിലാണ് അധികൃതർ. ഇവർ ചൊവ്വാഴ്ച ആശുപത്രി വിട്ടിരുന്നു. ഞായറാഴ്ച രാവിലെ 10നാണ് പനിബാധിതരുടെ വാർഡായ 24ലെ ശുചിമുറിയിൽനിന്ന് ബക്കറ്റിൽ വെള്ളം ശേഖരിച്ച യുവതി എലിയുടെ മാംസാവശിഷ്ടങ്ങളും രോമവും കണ്ടെത്തിയത്. ഇത് മാധ്യമങ്ങളെയും രാഷ്ട്രീയ നേതാക്കളെയും അറിയിക്കുകയായിരുന്നു. സംഭവം വാർത്തയായതോടെ ആരോഗ്യമന്ത്രി ഇടപെട്ട് റിപ്പോർട്ട് തേടി. അന്നുതന്നെ വെള്ളം വിതരണം ചെയ്യുന്ന ജല അതോറിറ്റിയുടെ വലിയ ടാങ്ക് വൃത്തിയാക്കിയിരുന്നെങ്കിലും ഇതിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ടാങ്കിനുമുകളിൽ തുറന്നുകിടക്കുന്ന ദ്വാരമുള്ളതിനാൽ കാക്കയോ മറ്റോ കൊണ്ടിട്ടതാകാമെന്ന സംശയമുണ്ടായിരുന്നു. എന്നാൽ, വെള്ളത്തിൽ ഒരു അവശിഷ്ടവും കണ്ടെത്താത്തതാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് താഴെയുള്ള രണ്ട് ടാങ്കുകളും വൃത്തിയാക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. അതിനിടയിൽ ബുധനാഴ്ചയാണ് ആശുപത്രി അധികൃതർ നേരിട്ട് സംഭവത്തിൽ അന്വേഷണം നടത്തിയത്. മറ്റു വാർഡുകളിലെത്തുന്ന വെള്ളത്തിലൊന്നും ഇത്തരത്തിൽ അവശിഷ്ടങ്ങളൊന്നും കിട്ടാതിരിക്കെ മുകൾനിലയിലുള്ള വാർഡിൽനിന്നുമാത്രം ഇത് കണ്ടെത്തിയതും സംശയം വർധിപ്പിച്ചു. ബുധനാഴ്ച നടത്തിയ പരിശോധനയിൽ, ടാപ്പിന് ഫിൽറ്റർ ഉള്ളതിനാൽ ഇത്തരത്തിൽ അവശിഷ്ടങ്ങൾ വീഴാൻ സാധ്യതയില്ലെന്നും കണ്ടെത്തി. ഇതോടൊപ്പം ബക്കറ്റിൽ കണ്ടെത്തിയ രോമം പുതിയതാണെന്നതും ആശുപത്രിയിലുപയോഗിക്കുന്ന ബക്കറ്റിലല്ല ഇതു വീണതെന്നും അധികൃതർക്ക് സംശയം ബലപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച ആശുപത്രിയിൽ നടന്ന സ്റ്റാഫ് കൗൺസിലിൽ ഇക്കാര്യം ചർച്ചയായിരുന്നു. ആശുപത്രിയെ അപകീർത്തിപ്പെടുത്താൻ അകത്തുള്ള ചിലർതന്നെ ശ്രമിക്കുന്നുണ്ടെന്ന സംശയം ചിലർ ഉന്നയിച്ചു. പിന്നീടാണ് സൂപ്രണ്ടിെൻറയും സ്റ്റാഫ് കൗൺസിലിെൻറയും പേരിൽ പൊലീസിന് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് വെള്ളയിൽ എസ്.ഐ പി. ജംഷീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story