Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2017 6:09 PM IST Updated On
date_range 23 Jan 2017 6:09 PM ISTറെയില്‍വേ ക്വാര്‍ട്ടേഴ്സുകള്‍ ശോച്യാവസ്ഥയില്‍
text_fieldsbookmark_border
കോഴിക്കോട്: റെയില്‍വേ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകള്‍ മിക്കതും ശോച്യാവസ്ഥയില്‍. കോഴിക്കോട് സ്റ്റേഷന്‍െറ നാലാം നമ്പര്‍ പ്ളാറ്റ്ഫോമിന് പിറകിലുള്ള ക്വാര്‍ട്ടേഴ്സില്‍ പലതുമാണ് കാലപ്പഴക്കം കാരണം ഏതുസമയവും നിലംപൊത്തുന്ന അവസ്ഥയിലുള്ളത്. 70 വര്‍ഷത്തിലധികം പഴക്കമുള്ളതാണ് ഇവിടത്തെ മിക്കകെട്ടിടങ്ങളും. 232 ഓടിട്ട ക്വാര്‍ട്ടേഴ്സില്‍ 164 എണ്ണത്തില്‍ മാത്രമാണ് ഇപ്പോള്‍ ജീവനക്കാര്‍ താമസിക്കുന്നത്. അവശേഷിച്ചതില്‍ പലതും ഇടിഞ്ഞുവീഴാറായതിനാല്‍ പൊളിച്ചുനീക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ റെയില്‍വേ തീരുമാനിച്ചതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ആളൊഴിഞ്ഞ പല വീടുകളും ഇപ്പോള്‍ കാടുമൂടി. പലതും സാമൂഹിക വിരുദ്ധരുടെ താവളമായതായും ആക്ഷേപമുണ്ട്. തെരുവുനായ്ക്കളും ഇഴജീവികളും ഇവിടം സങ്കേതമാക്കിയതോടെ പകല്‍ സമയത്ത് കുട്ടികളെ മുറ്റത്ത് കളിക്കാന്‍പോലും വിടാനാവാത്ത സ്ഥിതിയാണുള്ളതെന്ന് ജീവനക്കാര്‍ പറയുന്നു. ആള്‍ത്താമസമുള്ള ക്വാര്‍ട്ടേഴ്സില്‍ പലതിന്‍െറയും മേല്‍ക്കൂരയിലെ കഴുക്കോലുകളും പട്ടികയും പൂര്‍ണമായും ചിതലരിച്ച നിലയിലാണ്. ഓടുകള്‍ പലതും ഇളകി താഴെവീണതോടെ മേല്‍ക്കൂരയില്‍ പ്ളാസ്റ്റിക് ഷീറ്റുകള്‍ വലിച്ചുകെട്ടിയിരിക്കുകയാണ്. വാതിലുകളും ജനലുകളും തകര്‍ന്നു വീഴുന്ന അവസ്ഥയിലാണ് എന്നുമാത്രമല്ല ചുമരുകള്‍ വിണ്ടുകീറിയിട്ടുമുണ്ട്. വയറിങ് പഴയതായതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ഫ്യൂസ് കത്തി വൈദ്യുതി മുടങ്ങുന്നതും ഉയര്‍ന്ന വൈദ്യുതബില്ലും പതിവാണ്. പഴയ രീതിയിലുള്ള വീടുകളായതിനാല്‍ സൗകര്യക്കുറവുകാരണം ഇരട്ടവീടുകള്‍ ഒറ്റവീടുകളാക്കിയാണ് കുടുംബങ്ങള്‍ താമസിക്കുന്നത്. അറ്റകുറ്റപ്പണ്ണി നടത്തണമെന്നാവശ്യപ്പെട്ട് താമസക്കാര്‍ റെയില്‍വേ അധികൃതരെ സമീപിച്ചതിനെ തുടര്‍ന്ന് ചില വീടുകളില്‍ ടൈല്‍ പാകുക മാത്രമാണ് ചെയ്തത്. ക്വാര്‍ട്ടേഴ്സുകളുടെ സമീപങ്ങളിലൂടെയുള്ള അഴുക്കുചാലുകള്‍ പൂര്‍ണമായും സ്ളാബിട്ട് മൂടാത്തതിനാല്‍ ദുര്‍ഗന്ധം രൂക്ഷമാണ്. ശുദ്ധജലം ലഭ്യമല്ലാത്തതിനാല്‍ ഭക്ഷണം പാകംചെയ്യാന്‍ വെള്ളം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് ഇവിടത്തുകാര്‍. വലിയങ്ങാടിയില്‍നിന്ന് തെക്കോട്ട് അരകിലോമീറ്ററോളം ദൂരപരിധിയിലാണ് ക്വാര്‍ട്ടേഴ്സ് പണിതിരിക്കുന്നത്. ചുറ്റുമതിലും മറ്റു സുരക്ഷാസംവിധാനങ്ങളും ഇല്ല. നേരത്തേ ഇവിടത്തെ ക്വാര്‍ട്ടേഴ്സില്‍നിന്ന് സുഖമില്ലാത്ത കുട്ടിയുടെ കഴുത്തിലെ സ്വര്‍ണമാല പട്ടാപ്പകല്‍ കവര്‍ന്നിരുന്നു. തകര്‍ന്നുവീഴാറായ ക്വാര്‍ട്ടേഴ്സുകള്‍ ഉടന്‍ പൊളിച്ചുനീക്കി പുതിയത് ഉടന്‍ നിര്‍മിക്കണമെന്നും ആവശ്യമായ കെട്ടിടങ്ങളില്‍ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും സുരക്ഷ ജീവനക്കാരെ നിയമിക്കണമെന്നുമാണ് താമസക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story