ഉദ്യോഗസ്ഥരുടെ അലംഭാവം: നാളികേര സംഭരണം: മലബാറില്‍ മാത്രം 54 കോടിയുടെ കുടിശ്ശിക

14:25 PM
10/01/2017

കോഴിക്കോട്: നാളികേരം സംഭരിച്ച ഇനത്തില്‍ മലബാറില്‍ മാത്രം 54 കോടി രൂപ കുടിശ്ശിക. ഉദ്യോഗസ്ഥരുടെ അലംഭാവത്താല്‍ കോഴിക്കോട് കൃഷിഭവനിലേക്ക് ഡിസംബറില്‍ അനുവദിച്ച 25 ലക്ഷം രൂപ വിതരണം ചെയ്യാന്‍ തുടങ്ങിയിട്ടുമില്ല.
സംസ്ഥാന വ്യാപകമായി കഴിഞ്ഞ ജൂണ്‍ മുതലുള്ള 77 കോടി രൂപയുടെ കുടിശ്ശികയാണ് ഈ ഇനത്തില്‍ കേരകര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്. ഏറ്റവും കൂടുതല്‍ നാളികേര ഉല്‍പാദനമുള്ള മലബാര്‍ മേഖലയിലെ കുടിശ്ശിക വിതരണത്തിലാണ് ജീവനക്കാര്‍ കടുത്ത അലംഭാവം കാണിക്കുന്നത്.
നാളികേര വിലയിടിവില്‍നിന്ന് കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കര്‍ഷകരില്‍നിന്ന് സംഭരിച്ച നാളികേരത്തിന്‍െറ കുടിശ്ശികയാണ് ജീവനക്കാര്‍ സമയബന്ധിതമായി വിതരണം ചെയ്യാത്തത്.
നാളികേരത്തിന്‍െറ വിലസ്ഥിരത ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ കിലോക്ക് 25 രൂപ നിരക്കില്‍ താങ്ങുവില നിശ്ചയിച്ച് കേരഫെഡിന്‍െറ സഹായത്തോടെയാണ് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 388 കൃഷിഭവനുകള്‍ മുഖേന കര്‍ഷകരില്‍നിന്ന് പച്ചത്തേങ്ങ സംഭരിച്ചത്.
താങ്ങുവില 27 രൂപയാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചിരുന്നു. കൊപ്ര സംഭരണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറില്‍ നിര്‍ദേശം സമര്‍പ്പിക്കുകയും നാഫെഡ് വഴി സംഭരിക്കുന്നതിന് അംഗീകാരം ലഭിച്ചതായും മന്ത്രിസഭയില്‍ പറഞ്ഞിരുന്നു.
ഇതിനായി സംസ്ഥാനതല ഏജന്‍സികളായി കേരഫെഡിനെയും മാര്‍ക്കറ്റ്ഫെഡിനെയും നിശ്ചയിച്ചിട്ടുമുണ്ട്. എന്നാല്‍, കര്‍ഷകരുടെ പ്രയാസം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ജീവനക്കാര്‍ തയാറാകുന്നില്ളെന്നാണ് ആക്ഷേപം.
ജില്ല അടിസ്ഥാനത്തില്‍ സംഭരണ തീയതിയുടെ അടിസ്ഥാനത്തിലാണ് ഇതുവരെ തുക നല്‍കിയിരുന്നത്. എന്നാല്‍, ജില്ലയിലെ 12 കൃഷിഭവനുകള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ തുക നല്‍കിയതായും വേങ്ങേരി എളേടത്ത് പറമ്പത്ത് ഇ.പി. രാജീവിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു. കൂടരഞ്ഞി, തിരുവമ്പാടി, കൊടിയത്തൂര്‍, പുതുപ്പാടി, മുക്കം, എടച്ചേരി, കാവിലുംപാറ, മരുതോങ്കര, നരിപ്പറ്റ, തൂണേരി, വളയം, വാണിമേല്‍ കൃഷിഭവനുകളെയാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
എന്നാല്‍, എം.എല്‍.എമാരുടെ സമ്മര്‍ദത്താലാണ് ഈ കൃഷിഭവനുകളില്‍ മാത്രം തുക വിതരണം ചെയ്തതെന്നാണ് കൃഷിക്കാര്‍ പറയുന്നത്. കോഴിക്കോട് കൃഷിഭവനില്‍ എത്തിയ പണം വിതരണം ചെയ്യാത്തതിലും കര്‍ഷകര്‍ക്ക് അതൃപ്തിയുണ്ട്.

COMMENTS