Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2017 7:55 PM IST Updated On
date_range 1 Jan 2017 7:55 PM ISTപുതുവര്‍ഷത്തില്‍ പുതുമകളില്ലാതെ പുലപ്രക്കുന്ന് കോളനിക്കാര്‍
text_fieldsbookmark_border
മേപ്പയൂര്‍: എല്ലാവരും പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ മേപ്പയൂരിലെ പുലപ്രക്കുന്ന് സാംബവ കോളനിവാസികള്‍ ജീവിക്കുന്നത് ദുരിതക്കയത്തില്‍. ജീവിതദുരിതത്തോടൊപ്പം കുടിവെള്ളവും കൂരയും നിഷേധിക്കപ്പെട്ട ഒരുപറ്റം മനുഷ്യര്‍ പുലപ്രക്കുന്ന് സാംബവ കോളനിയിലുണ്ട്. കഴിഞ്ഞ വര്‍ഷമാണ് മാധ്യമം ദിനപത്രവും സാമൂഹിക പ്രവര്‍ത്തകരും പുലപ്രക്കുന്ന് കോളനിയിലെ ദുരവസ്ഥ പുറത്തുകൊണ്ടുവന്നത്. ജില്ല കലക്ടര്‍ എന്‍. പ്രശാന്തും റവന്യൂ അധികാരികളും സന്ദര്‍ശിച്ചു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ സിറ്റിങ് നടത്തി. കൈക്കൊണ്ട തീരുമാനങ്ങള്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല. സാമൂഹിക പ്രവര്‍ത്തകരും ജീവകാരുണ്യ പ്രവര്‍ത്തകരും സമാഹരിച്ച തുക ഉപയോഗിച്ചാണ് കോളനിക്കാര്‍ രണ്ട് കുളിമുറികളും കക്കൂസും നിര്‍മിച്ചത്. കോളനിയിലേക്കുള്ള റോഡിന് പഞ്ചായത്ത് ബജറ്റില്‍ പണം നീക്കിവെച്ചെങ്കിലും പ്രവൃത്തി നടന്നിട്ടില്ല. തെരുവ് വിളക്കുകള്‍ കത്തുന്നില്ല. മൂന്നുദിവസത്തിലൊരിക്കലാണ് കോളനിക്കാര്‍ക്കുകൂടി വെള്ളം ലഭിക്കുന്നത്. ഇതിനാകട്ടെ ഓരോ കുടുംബവും മാസത്തില്‍ 50 രൂപ വീതം നല്‍കുന്നുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെ ഫണ്ടില്‍നിന്ന് കോളനിയില്‍ കിണര്‍ നിര്‍മിക്കാന്‍ മൂന്നുലക്ഷം അനുവദിച്ചെങ്കിലും അതും യാഥാര്‍ഥ്യമായില്ല. താമസക്കാര്‍ക്ക് പട്ടയവും റേഷന്‍ കാര്‍ഡുമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. കഴിഞ്ഞ നവംബര്‍ 17ന് ഉദ്യോഗസ്ഥര്‍ സ്ഥലം അളന്ന് സര്‍വേ നടപടി ആരംഭിച്ചെങ്കിലും തുടര്‍ നടപടികളായില്ല. നോട്ട് നിരോധനംകൂടി വന്നതോടെ വല്ലപ്പോഴും മാത്രമേ ജോലിയുള്ളൂവെന്ന് കോളനിക്കാര്‍ പറയുന്നു. പുതുവര്‍ഷത്തില്‍ സന്തോഷിക്കാന്‍ ഒന്നുമില്ളെന്നും എന്നാലും ഞങ്ങള്‍ക്ക് ജീവിച്ചല്ളേ പറ്റുവെന്ന് പ്ളസ് ടു തുല്യത പരീക്ഷക്ക് തയാറെടുക്കുന്ന വീട്ടമ്മ മാധുരി പറഞ്ഞു. കുളിക്കാന്‍ വെള്ളമില്ലാതെ പൊടിപുരണ്ട ശരീരങ്ങളുമായി കളിക്കുന്ന കുഞ്ഞുങ്ങള്‍ ഇവിടെ എല്ലാവരും സ്കൂളില്‍ പോക്കുണ്ടെന്ന് ആവേശത്തോടെ പറഞ്ഞു. അധികൃതര്‍ തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന പ്രതീക്ഷയിലാണ് കോളനി നിവാസികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story