Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Dec 2017 11:14 AM IST Updated On
date_range 22 Dec 2017 11:14 AM ISTമൂന്ന് പൊലീസ്അതിക്രമ പരാതികളിൽ തുടരന്വേഷണം വേണമെന്ന് ഡി.ജി.പിയോട് ന്യൂനപക്ഷ കമീഷൻ
text_fieldsbookmark_border
കോഴിക്കോട്: പൊലീസ്അതിക്രമങ്ങൾ സംബന്ധിച്ച മൂന്ന് പരാതികളിൽ ജില്ലപൊലീസിെൻറ അന്വേഷണ റിപ്പോർട്ട് തൃപ്തികരമല്ലാത്തതിനാൽ ജില്ലക്ക് പുറത്തുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മുഖേന അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഉത്തരവിട്ടു. കമീഷൻ ചെയർമാൻ റിട്ട. ജഡ്ജ് പി.കെ. ഹനീഫയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. സിവിൽകേസുകളിൽ അനാവശ്യ പൊലീസ് ഇടപെടലുകൾ വർധിക്കുന്നതിൽ കമീഷൻ ആശങ്ക രേഖപ്പെടുത്തി. പൊലീസിന് പങ്കില്ലാത്ത വിഷയങ്ങളിൽ പോലും ചില ഉദ്യോഗസ്ഥർ ഇടപെട്ട് പ്രശ്നങ്ങളുണ്ടാക്കുന്നതായി വ്യാഴാഴ്ച കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിനുശേഷം ചെയർമാൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. നാദാപുരം സ്റ്റേഷൻപരിധിയിൽ കോടതി വാറൻറ് പിൻവലിച്ചശേഷവും പ്രതിയെ പൊലീസ് പിടികൂടി പീഡിപ്പിച്ചതായ പരാതിയിൽ നാദാപുരം ഡിവൈ.എസ്.പി സമർപ്പിച്ച റിപ്പോർട്ട് ശരിയായ അന്വേഷണം നടത്താതെയാണെന്ന് ബോധ്യപ്പെട്ടതിനാൽ ജില്ലക്ക് പുറത്തെ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാനാണ് കമീഷൻ ഉത്തരവിട്ടത്. കുറ്റ്യാടി ബസ്സ്റ്റാൻഡിൽ കച്ചവടം നടത്തുന്ന വ്യക്തി അത്തോളി പൊലീസിെൻറ അതിക്രമം സംബന്ധിച്ച് നൽകിയ പരാതിയിൽ വടകര ഡിവൈ.എസ്.പിയുടെ റിപ്പോർട്ടും തൃപ്തികരമല്ലാത്തതിനാൽ ജില്ലക്ക് പുറത്തെ ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണം. മുക്കം പൊലീസിെൻറ അതിക്രമത്തിനെതിരെ പുത്തൂർ സ്വദേശി നൽകിയ പരാതിയിൽ എതിർകക്ഷിയായ താമരശ്ശേരി ഡിവൈ.എസ്.പിയെക്കൊണ്ടു തന്നെ അന്വേഷിപ്പിച്ച് ജില്ല പൊലീസ് മേധാവി നൽകിയ റിപ്പോർട്ട് കമീഷൻ തള്ളി. ആരോപണങ്ങളിൽ ജില്ലക്ക് പുറത്തെ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാനാണ് ഡി.ജി.പിയോട് കമീഷൻ നിർദേശിച്ചത്. വടകര മണിയൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് മുടപ്പിലാവിൽ സുന്നി കൾചറൽ സെൻററിെൻറ കെട്ടിടത്തിന് പഞ്ചായത്ത് അനുമതി നൽകാത്തത് സംബന്ധിച്ച ഹരജി കമീഷൻ തീർപ്പാക്കി. കെട്ടിടത്തിന് അനുമതി നൽകുന്നതിനെതിരെ ലഭിച്ച പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തിൽ പഞ്ചായത്തിനോട് തുടർനടപടി സ്വീകരിക്കാൻ ജില്ലകലക്ടർക്ക് നിർദേശം നൽകി. സിറ്റിങ്ങിൽ പരിഗണിച്ച 24 പരാതികളിൽ അഞ്ചെണ്ണം തീർപ്പാക്കി. ജില്ലയിലെ അടുത്ത സിറ്റിങ് 2018 ഫെബ്രുവരി 15ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story