Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 3:44 PM IST Updated On
date_range 13 Aug 2017 3:44 PM ISTനർമദ: മേധ പട്കർ സമരം അവസാനിപ്പിച്ചു
text_fieldsbookmark_border
അഹ്മദാബാദ്: സർദാർ സരോവർ അണക്കെട്ടിൽ ജലനിരപ്പ് ഉയർത്താനുള്ള നീക്കത്തിനെതിരെ സാമൂഹിക പ്രവർത്തക മേധ പട്കർ 17 ദിവസമായി തുടരുന്ന നിരാഹാരം അവസാനിപ്പിച്ചു. നർമദ അണക്കെട്ട് വിരുദ്ധ സമരമുന്നണിയായ നർമദ ബച്ചാവോ ആന്ദോളൻ അനുബന്ധ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചത്. മൂന്നു ദിവസമായി മേധ കഴിയുന്ന ജയിലിലെത്തിയാണ് വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് 15 പേരടങ്ങിയ സംഘം സമരത്തിൽനിന്ന് പിന്മാറാൻ ആവശ്യപ്പെട്ടത്. ആരോഗ്യനില തീരെ വഷളായ സാഹചര്യത്തിലായിരുന്നു നിർദേശം. അതേസമയം, നിരാഹാരം അവസാനിപ്പിച്ചെങ്കിലും മേധ ജയിലിൽതന്നെ തുടരേണ്ടിവരും. അഞ്ചു കുറ്റങ്ങൾ ചുമത്തപ്പെട്ട ഇവർക്കെതിരായ കേസിൽ ഇൗമാസം 17നാണ് വാദംകേൾക്കൽ. ഇതിനുശേഷമേ മോചനം സംബന്ധിച്ച തീരുമാനമുണ്ടാകൂ. ബുധനാഴ്ചയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാജ്യസഭ എം.പിയും ജനതാദൾ-യു നേതാവുമായ ശരദ് യാദവ് ഉൾപ്പെടെ പ്രമുഖർ മേധക്ക് പിന്തുണ അറിയിച്ച് കത്തെഴുതിയിരുന്നു. ജയിലിൽ ഇവരെ സന്ദർശിച്ച സംഘം ഇൗ കത്തുകൾ മേധക്കു സമർപ്പിച്ചു. സുപ്രീംകോടതി അഭിഭാഷകൻ സഞ്ജയ് പരീഖ്, മുൻ എം.പി ഹന്നാൻ മൊല്ല, ആനി രാജ, അഖിൽ ഗൊഗോയ്, ഡോ. സുനിലാം, ചിന്മയ മിശ്ര, പ്രമോദ് ബഗ്രി, സരോജ് മിശ്ര തുടങ്ങിയവരടങ്ങിയ സംഘമാണ് സന്ദർശനത്തിനെത്തിയത്. ഗുജറാത്തിൽ നർമദ നദിക്കുകുറുകെ നവഗാമിൽ നിർമിച്ച അണക്കെട്ടിൽ ജലനിരപ്പ് 17 മീറ്റർകൂടി ഉയർത്തി 138.72 ആക്കുന്ന പണി പുരോഗമിക്കുകയാണ്. ഒരു നഗരവും 192 ഗ്രാമങ്ങളും ഇതേതുടർന്ന് വെള്ളത്തിനടിയിലാകും. ഇതിനെതിരെയാണ് മേധ സമരത്തിനിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story