Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2017 7:51 PM IST Updated On
date_range 16 April 2017 7:51 PM ISTനദീസംരക്ഷണ അതോറിറ്റി: നടപടികൾ കടലാസിലൊതുങ്ങുന്നു
text_fieldsbookmark_border
കോഴിക്കോട്: കടുത്ത വരൾച്ചയിൽ, പ്രധാന ജലസ്രോതസ്സായ പുഴകൾ നശിക്കുേമ്പാഴും ഇവയുടെ സംരക്ഷണത്തിന് പ്രഖ്യാപിച്ച നദീസംരക്ഷണ അതോറിറ്റി രൂപവത്കരണം എങ്ങുമെത്തിയില്ല. വർഷങ്ങളായി സി.ഡബ്ല്യു.ആർ.ഡി.എം, ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവ മുന്നോട്ടുവെക്കുന്ന ആശയമാണ് ഇപ്പോഴും കടലാസിൽ കഴിയുന്നത്. എല്ലാ നദികൾക്കും സംരക്ഷണ അതോറിറ്റി സ്ഥാപിക്കുമെന്നും ഇതിെൻറ ആദ്യ പടിയായി പമ്പ, ഭാരതപ്പുഴ, പെരിയാർ എന്നിവക്ക് സംരക്ഷണ അതോറിറ്റി രൂപവത്കരിക്കുമെന്നും കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പമ്പാ നദിക്ക് മാത്രമാണ് അതോറിറ്റിയായത്. എൽ.ഡി.എഫ് സർക്കാർ മാലിന്യ സംസ്കരണം, പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് ഹരിതകേരളം മിഷന് തുടക്കമിെട്ടങ്കിലും അതോറിറ്റി രൂപവത്കരണത്തെക്കുറിച്ച് വ്യക്തമായ പരാമർശമില്ല. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതിനാൽ പുഴ കൈയേറ്റം, മലിനീകരണം എന്നിവ സംബന്ധിച്ച് നടപടിയെടുക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ. തദ്ദേശ സ്ഥാപനങ്ങൾക്കാണ് പുഴകളുടെ ഉടമസ്ഥത. കൈയേറ്റം സംബന്ധിച്ച് റവന്യൂ വകുപ്പും ജലചൂഷണത്തിനെതിരെ ജലവിഭവ വകുപ്പും മലിനീകരണം സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡുമാണ് നടപടിയെടുക്കേണ്ടത്. ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടത് പൊലീസുമാണ്. എന്നാൽ, വകുപ്പ് ഏകോപനമില്ലാത്തതിനാൽ നിയമലംഘനത്തിനെതിരെ നടപടിയില്ലാത്ത അവസ്ഥയാണ്. ഒാരോ വകുപ്പും പരസ്പരം പഴിചാരുന്ന അവസ്ഥയാണിപ്പോൾ. റവന്യൂ, ജലവിഭവം, തദ്ദേശ സ്വയംഭരണം, മലിനീകരണ നിയന്ത്രണ േബാർഡ്, സി.ഡബ്ല്യു.ആർ.ഡി.എം, തദ്ദേശ സ്ഥാപനങ്ങൾ എന്നിവർ അടങ്ങിയ അതോറിറ്റിയാണ് കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ചിരുന്നത്. നിയമപരമായ അധികാരങ്ങളും പ്രത്യേക നിർവഹണ ഉദ്യോഗസ്ഥരും അതോറിറ്റിക്ക് ഉണ്ടാവും. നിലവിൽ പലയിടത്തും പ്രവർത്തിക്കുന്ന പുഴ സംരക്ഷണ സമിതിയിലെ സന്നദ്ധ പ്രവർത്തകർ ആക്രമണങ്ങൾക്കിരയാവുന്ന അവസ്ഥയാണ്. ജില്ലയിൽ പൂനൂർ പുഴയിൽ കൊടുവള്ളി നഗരസഭയിൽ മാത്രം 220 ഏക്കറോളം ഭൂമിയാണ് കൈയേറിയതെന്നാണ് റവന്യൂ വകുപ്പിെൻറ കണക്ക്. മാമ്പുഴയിൽ 18 കി.മീറ്ററിനിടെ 20 ഏക്കറോളം സ്ഥലം കൈയേറി. കല്ലായിപ്പുഴയിൽ എൺപതോളം ഏക്കർ കൈയേറി. കുറ്റ്യാടിപ്പുഴ, ചാലിയാർ, ഇരുതുള്ളിപ്പുഴ, ഇരുവഴിഞ്ഞിപ്പുഴ എന്നിവിടങ്ങളിലെല്ലാം കൈയേറ്റം വ്യാപകമാണ്. പലയിടത്തും സംരക്ഷണഭിത്തി നിർമാണത്തിെൻറ മറവിലാണ് കൈയേറ്റം. പുഴയിൽ നിർമിക്കുന്ന സംരക്ഷണ ഭിത്തിയുടെ പേരിൽ അതിനടുത്ത് വരെയുള്ള സ്ഥലം സമീപവാസികൾ കൈയേറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story