Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sept 2016 4:39 PM IST Updated On
date_range 25 Sept 2016 4:39 PM ISTആവേശത്തില്‍ മുങ്ങി വെസ്റ്റ്ഹില്‍ മൈതാനം
text_fieldsbookmark_border
കോഴിക്കോട്: വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്ടര്‍ എത്തിയത് നിശ്ചിത സമയത്തിലും ഏറെ വൈകി. കരിപ്പൂരില്‍നിന്ന് വൈകുന്നേരം 4.40ന് വരുമെന്നു പറഞ്ഞ പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ വെസ്റ്റ്ഹില്‍ ഹെലിപ്പാഡ് തൊടുമ്പോള്‍ സമയം 5.15. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, മേഖലാ പ്രസിഡന്‍റ് വി.വി. രാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍, മണ്ഡലം പ്രസിഡന്‍റ് വി.സുരേഷ് കുമാര്‍, നഗരസഭയിലെ ബി.ജെ.പിയുടെ ഏഴു കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്‍, ഇ. പ്രശാന്ത് കുമാര്‍, എന്‍. സതീഷ്കുമാര്‍, ജിഷ ഗിരീഷ്, ടി. അനില്‍ കുമാര്‍, നവ്യ ഹരിദാസ്, ഷൈമ പൊന്നത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഇവരില്‍ കുമ്മനം, വി.വി. രാജന്‍, ടി. ബാലസോമന്‍, നമ്പിടി നാരായണന്‍ എന്നിവര്‍ മോദിക്ക് ഹാരാര്‍പ്പണം നടത്തി. കേരളീയ കസവ് വേഷത്തിലായിരുന്നു വനിതാ കൗണ്‍സിലര്‍മാര്‍. മോദിയുടെ ഹെലികോപ്ടറിന് അകമ്പടിയായി വന്ന മറ്റു രണ്ടു ഹെലികോപ്ടറുകളിലൊന്നില്‍ ഡി.ജി.പി ലോക് നാഥ് ബെഹ്റ, പൊതു ഭരണ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് എന്നിവരും വെസ്റ്റ്ഹില്ലില്‍ മോദിയോടൊപ്പമിറങ്ങി വരവേല്‍പ്പില്‍ പങ്കെടുത്തു. ഉച്ചക്ക് ശേഷം 3.10ന് തന്നെ കുമ്മനവും നഗരസഭാ കൗണ്‍സിലര്‍മാരും എത്തിയിരുന്നു. ഗതാഗതം തടയുമെന്ന് നേരത്തേ വാര്‍ത്ത വന്നതിനാലും ഭൂരിഭാഗവും നഗരത്തിലേക്കുള്ള യാത്ര ഒഴിവാക്കിയിരുന്നു. കണ്ണൂര്‍ റോഡില്‍ വാഹനഗതാഗതം പേരിന് മാത്രമായി ചുരുങ്ങി. ഐ.ജി ദിനേന്ദ്ര കശ്യപ്, എ.ഡി.ജി.പി മാരായ ആര്‍. ശ്രീലേഖ, സുധേഷ് കുമാര്‍, സിറ്റി പൊലീസ് കമീഷണര്‍ ഉമാ ബെഹ്റ, എസ്.പി.ജിയുടെ ചുമതലയുള്ള എം.ഡി. ഗുപ്ത എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാ സന്നാഹങ്ങള്‍. നീണ്ട കാത്തിരിപ്പിനുശേഷം ആകാശത്ത് ഇരമ്പല്‍ കേട്ടതോടെ മൈതാനത്തിന്‍െറ വടക്കും തെക്കും ഭാഗങ്ങളില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ ഭാരതമാതാവിനും മോദിക്കും ജയ് വിളിയുയര്‍ത്തി. എന്നാല്‍, വായുസേനയുടെ നിരീക്ഷണ വിമാനമാണെന്നറിഞ്ഞപ്പോള്‍ ആവേശം തണുത്തു. വിമാനം വടക്കു ഭാഗത്തേക്ക് നീങ്ങി തിരിച്ചുപോയശേഷം വടക്കുഭാഗത്തുനിന്ന് ഹെലികോപ്ടറുകള്‍ ഇരമ്പിയടുത്തതോടെ വീണ്ടും മുദ്രാവാക്യങ്ങളുയര്‍ന്നു. വൈകീട്ട് 5.05ന് മൂന്നു ഹെലികോപ്ടറുകളും ഒന്നിന് പിറകെ ഒന്നായി നിലംതൊട്ടതോടെ മൈതാനം പൊടിയില്‍ മുങ്ങി. പൊടിയടങ്ങിയയുടന്‍ രണ്ടാം ഹെലികോപ്ടറില്‍നിന്ന് കരിമ്പൂച്ചകളും മൂന്നാം ഹെലികോപ്ടറില്‍നിന്ന് ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള സംഘവും ചാടിയിറങ്ങി. വെള്ള ജുബ്ബയിട്ട മോദി പുറത്തിറങ്ങിയതോടെ ജനക്കൂട്ടം ഇളകി. തെക്കുഭാഗത്തെ ജനക്കൂട്ടത്തിനുനേരെ കൈവീശിക്കാണിച്ച് ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി മോദിയെ പെട്ടെന്ന് ബുള്ളറ്റ് പ്രൂഫ് ബി.എം.ഡബ്ള്യു കാറിലേക്ക് ഉദ്യോഗസ്ഥര്‍ ആനയിച്ചു. ഫയര്‍ എന്‍ജിനും ആംബുലന്‍സും മൊബൈല്‍ ജാമര്‍ വാഹനവുമെല്ലാമടങ്ങിയ 25 വണ്ടികളടങ്ങിയ വാഹനവ്യൂഹത്തില്‍ മോദി വെസ്റ്റ്ഹില്‍ വിടുവോളം മുദ്രാവാക്യം തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story