Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2016 3:59 PM IST Updated On
date_range 4 Sept 2016 3:59 PM ISTവടകര പഴയ ബസ്സ്റ്റാന്‍ഡിലേക്കുള്ള സര്‍വിസ് നിര്‍ത്തുമെന്ന് ബസുടമകള്‍
text_fieldsbookmark_border
വടകര: നഗരത്തിലെ ഗതാഗതക്കുരുക്ക് കാരണം കൃത്യമായി സര്‍വിസ് നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് വടകര ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓണം-പെരുന്നാള്‍ തിരക്കില്‍ നഗരം വീര്‍പ്പുമുട്ടുകയാണ്. പുതിയ ബസ്സ്റ്റാന്‍ഡ് ഭാഗത്തുനിന്ന് പഴയ ബസ്സ്റ്റാന്‍ഡില്‍ എത്തണമെങ്കില്‍ 45 മിനിറ്റിലേറെ കുരുക്കില്‍പെടുന്ന അവസ്ഥയാണുള്ളത്. പല ബസുകള്‍ക്കും ട്രിപ് നഷ്ടപ്പെടുകയാണ്. പൊതുവെ വെല്ലുവിളി നേരിടുന്ന സ്വകാര്യബസ് വ്യവസായത്തെ തകര്‍ക്കാനേ ഇത് ഉപകരിക്കൂ. ഈ സാഹചര്യത്തില്‍, വരും ദിവസങ്ങളില്‍ പഴയ ബസ്സ്റ്റാന്‍ഡിലേക്കുള്ള സര്‍വിസ് പൂര്‍ണമായും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍െറ അധ്യക്ഷതയില്‍, പൊലീസ്, ആര്‍.ടി.ഒ, തൊഴിലാളി പ്രതിനിധികള്‍, പി.ഡബ്ള്യൂ.ഡി അധികൃതര്‍, ബസ് ഉടമസ്ഥ സംഘം, മര്‍ച്ചന്‍റ് അസോസിയേഷന്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗം വിളിച്ചിരുന്നു. ആഗസ്റ്റ് 20ന് മുമ്പ് ട്രാഫിക് രംഗത്ത് കാതലായ മാറ്റം വരുത്തിക്കൊണ്ടുള്ള തീരുമാനമുണ്ടാകുമെന്നാണറിയിച്ചിരുന്നത്. എന്നാലിതിന് തുടര്‍ച്ചയുണ്ടായില്ല. മാര്‍ക്കറ്റ് റോഡില്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ നിയന്ത്രിക്കാന്‍ നടപടിയുണ്ടാവണം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ചരക്കിറക്കുന്നതിനും നിശ്ചിതസമയം നിജപ്പെടുത്തണം. ഇക്കാര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കാത്തപക്ഷം സര്‍വിസ് പുതിയ ബസ്സ്റ്റാന്‍ഡില്‍ അവസാനിപ്പിക്കും. പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്തുനിന്ന് തിരുവള്ളൂര്‍, ചാനിയം കടവ് റൂട്ടിലേക്ക് ജീപ്പുകള്‍ സമാന്തര സര്‍വിസ് നടത്തുകയാണ്. നിയമപ്രകാരം ജീപ്പുകള്‍ക്ക് വടകര ടൗണില്‍ സ്റ്റാന്‍ഡ് അനുവദിച്ചിട്ടില്ല. എന്നാല്‍, അനധികൃത സര്‍വിസ് നടത്തുന്നവര്‍ക്കെതിരെ നപടിയെടുക്കാന്‍ അധികൃതര്‍ കൂട്ടാക്കുന്നില്ല. കുറ്റ്യാടി ബസ്സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തിട്ട് ആറുമാസം കഴിഞ്ഞെങ്കിലും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. ഈ മേഖലയില്‍ പലയിടത്തും കുരുക്ക് രൂക്ഷമാണ്. ടൗണിലെ ചില കച്ചവട സ്ഥാപനങ്ങളിലേക്ക് വരുന്നവര്‍ റോഡ് കൈയേറുന്ന രീതിയിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.കെ. ഗോപാലന്‍ നമ്പ്യാര്‍, പ്രസിഡന്‍റ് പി.കെ. പവിത്രന്‍, ജനറല്‍ സെക്രട്ടറി ടി.എം. ദാമോദരന്‍, സംസ്ഥാന കമ്മിറ്റി അംഗം എം.കെ. ഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story